| Monday, 12th August 2024, 11:11 am

ആഗസ്റ്റ് 15 ന് പാ.രഞ്ജിത്ത് തങ്കലാന്റെ റിലീസ് തീരുമാനിച്ചത് അതുകൊണ്ട്: പാര്‍വ്വതി തിരുവോത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യക്തമായ കാഴ്ച്ചപ്പാടുകള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും മലയാള സിനിമയിലെ മറ്റുനായികമാരില്‍ നിന്നും വ്യത്യസ്തയാണ് പാര്‍വ്വതി തിരുവോത്ത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അവര്‍ അഭിനയിച്ചിട്ടുണ്ട്.

പാ.രഞ്ജിത്ത് സംവിധാനം ചെയ്ത് നീലം പ്രൊഡക്ഷന്‍സും ജിയോ സ്റ്റുഡിയോയും സ്റ്റുഡിയോ ഗ്രീനും സംയുക്തമായി നിര്‍മ്മിക്കുന്ന, ഓഗസ്റ്റ് 15 ന് റിലീസിന് ഒരുങ്ങുന്ന ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമാണ് തങ്കലാന്‍. വിക്രം, പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍, പാര്‍ത്ഥിപന്‍ തുടങ്ങിയവരാണ് ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പാ.രഞ്ജിത്തിന്റെ മറ്റ് സിനിമകളെ പോലെത്തന്നെ വ്യക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമ കൂടിയാകും തങ്കലാന്‍.

ആര്‍ട്ട് എന്നത് പൊളിറ്റിക്‌സ് ആണെന്നും തങ്കലാന്റെ റിലീസ് ഓഗസ്റ്റ് 15 ന് ആയത് യാദൃശ്ചികം അല്ലെന്നും തങ്കലാന്റെ ഓഡിയോ ലോഞ്ചില്‍ പാര്‍വ്വതി തിരുവോത്ത് പറയുന്നു. സംവിധായകന്‍ പാ. രഞ്ജിത്ത് ഒരു സൈന്യത്തെ നയിക്കുകയാണെന്നും ആ സൈന്യത്തിലെ ഒരു സോള്‍ജിയര്‍ ആയതില്‍ താന്‍ സന്തോഷിക്കുന്നുവെന്നും പാര്‍വ്വതി തിരുവോത്ത് കൂട്ടിച്ചേര്‍ത്തു.

‘സിനിമ എന്റര്‍ ടെയ്നര്‍ ആയിരിക്കാം, ബ്ലോക്ക്ബസ്റ്റര്‍ ആയിരിക്കാം. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ എന്ത് തന്നെ ചെയ്താലും അതെല്ലാം പൊളിറ്റിക്കല്‍ ആയിരിക്കും. പൊളിറ്റിക്കല്‍ അല്ലാത്ത ഒന്നും ഇല്ല. തന്‍ങ്കലാന്‍ ഓഗസ്റ്റ് 15 ന് റിലീസ് ആകുന്നത് യാദൃശ്ചികം അല്ല. സ്വാതന്ത്ര്യവും അടിച്ചമര്‍ത്തലുമൊക്കെ നമ്മള്‍ വേണ്ടവിധം ഉപയോഗിക്കാത്ത വാക്കുകളാണ്.

അസമത്വം എന്തുകൊണ്ട് ഉണ്ടാകുന്നു എന്നുള്ളത് നമ്മള്‍ പഠിച്ചുകൊണ്ടേയിരിക്കണം. അത് എത്ര അസ്വസ്ഥത ഉണ്ടാക്കിയാലും നമ്മള്‍ അത് ചെയ്തുകൊണ്ടിരിക്കണം. പേര്‍സണല്‍ ഈസ് പൊളിറ്റിക്കല്‍. ആര്‍ട്ട് ഈസ് പൊളിറ്റിക്കല്‍. അതിന് രഞ്ജിത്ത് ഒരു സൈന്യത്തെ നയിക്കുന്നു. ആ സൈന്യത്തിലെ ഒരു സോള്‍ജിയര്‍ ആയിരിക്കുന്നതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു,’ പാര്‍വ്വതി പറയുന്നു.

ഗംഗമ്മാള്‍ എന്ന കഥാപാത്രം തന്നെ വിട്ട് പോകില്ലെന്നും, ഗംഗമ്മാള്‍ എന്നകഥാപാത്രം മാത്രമല്ല, രഞ്ജിത്ത് സൃഷ്ടിക്കുന്ന ലോകത്തോടും കഥകളോടും പൊളിറ്റിക്‌സിനോടും, താന്‍ എന്നും പാ. രഞ്ജിത്തിന്റെ കൂടെ ചേരുന്നു എന്നും പറയുകയാണ് പാര്‍വ്വതി തിരുവോത്ത്.

‘ഗംഗമ്മാളില്‍ നിന്ന് എനിക്ക് ഒരു മോചനം ഇല്ല. പുറത്തുവരാനും കഴിയില്ല. രഞ്ജിത്തിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് കുറെ നാളായിട്ടുള്ള ആഗ്രഹമായിരുന്നു. ഇതിന് മുന്‍പ് അവസരം വന്നിരുന്നെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ല. അതിനെല്ലാം ഒരു കാരണം ഉണ്ടാകാം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

രഞ്ജിത്തിന്റെ കൂടെ ഗംഗമ്മാളായിട്ട് വരണമെന്ന് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടാകും. അതുകൊണ്ടായിരിക്കാം മറ്റു പടങ്ങള്‍ എനിക്ക് ചെയ്യാന്‍ കഴിയാതിരുന്നത്. ഗംഗമ്മാള്‍ എന്ന കഥാപാത്രം മാത്രമല്ല, രഞ്ജിത്ത് സൃഷ്ടിക്കുന്ന ലോകത്തോടും കഥകളോടും പൊളിറ്റിക്‌സിനോടും ഒപ്പം ഞാന്‍ എന്നും കൂടെ നില്‍ക്കും,’ പാര്‍വ്വതി പറയുന്നു.

Content Highlight:  Parvathy  Thiruvothu Talks About  Thangalaan Movie And Pa. Ranjit

We use cookies to give you the best possible experience. Learn more