മമ്മൂക്കയും ലാലേട്ടനും ഈഗോ ക്ലാഷുകൊണ്ട് അത് വേണ്ടെന്ന് പറയില്ല: പാര്‍വതി തിരുവോത്ത്
Movie Day
മമ്മൂക്കയും ലാലേട്ടനും ഈഗോ ക്ലാഷുകൊണ്ട് അത് വേണ്ടെന്ന് പറയില്ല: പാര്‍വതി തിരുവോത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th August 2024, 1:57 pm

എം.ടി. വാസുദേവന്‍ നായരുടെ ചെറു കഥകളെ ആസ്പദമാക്കി ഒന്‍പത് ഷോര്‍ട് ഫിലിമുകള്‍ ചേര്‍ന്ന ആന്തോളജി ചിത്രമാണ് മനോരഥങ്ങള്‍. ഓരോ ചിത്രങ്ങളും ഓരോ എപ്പിസോഡുകളായി സീ 5 ലൂടെ ഓഗസ്റ്റ് 15 ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഒന്‍പത് എപ്പിസോഡുകള്‍ സംവിധാനം ചെയ്തിരിക്കുന്നത് എട്ട് വ്യത്യസ്ത സംവിധായകരാണ്. ജയരാജ്, രതീഷ് അമ്പാട്ട്, അശ്വതി വി. നായര്‍, മഹേഷ് നാരായണന്‍, രഞ്ജിത്ത്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍ എന്നിവര്‍ ഓരോ എപ്പിസോഡുകള്‍ വീതവും പ്രിയദര്‍ശന്‍ രണ്ട് എപ്പിസോഡും സംവിധാനം ചെയ്തിട്ടുണ്ട്.

മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, ബിജു മേനോന്‍, സുരഭി ലക്ഷ്മി, ഇന്ദ്രജിത് സുകുമാരന്‍, നെടുമുടി വേണു, ആസിഫ് അലി, ടി.ജി. രവി, കെ.പി.എ.സി. ലീല, മാമുക്കോയ, പാര്‍വതി തിരുവോത്ത്, ഹരീഷ് ഉത്തമന്‍, ആന്‍ അഗസ്റ്റിന്‍, തുടങ്ങി വന്‍ താരനിര തന്നെ മനോരഥത്തിന് വേണ്ടി അണിനിരന്നിട്ടുണ്ട്.

മമ്മൂട്ടിയും മോഹന്‍ലാലും പോലുള്ള മലയാളത്തിലെ വലിയ താരങ്ങളെല്ലാം തന്നെ നല്ല കഥയാണെങ്കില്‍ ഈഗോ ക്ലാഷ് ഒന്നുമില്ലാതെ ഒന്നിച്ചഭിനയിക്കുമെന്നും എം.ടി യുടെ കഥയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ ആരാണെങ്കിലും പറ്റില്ലെന്ന് പറയില്ലെന്നും പാര്‍വതി പറയുന്നു. ഇതിന് മുന്‍പ് മലയാളത്തില്‍ ഇത്രയും വലിയ താരനിരയില്‍ സിനിമ വന്നിട്ടില്ലല്ലോ എന്ന റിപ്പോര്‍ട്ടറിന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് പാര്‍വതി തിരുവോത്ത്.

‘ആള്‍കൂട്ടത്തില്‍ തനിയെ എന്ന സിനിമയില്‍ മോഹന്‍ലാല്‍ സാറും മമ്മൂട്ടി സാറും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. നമ്മുടെ ഇന്‍ഡസ്ട്രിയുടെ പ്രേത്യകത എന്താണെന്ന് വെച്ചാല്‍, ഏത് തരത്തിലുള്ള സ്റ്റാര്‍ഡം ഉള്ള ആളാണെങ്കിലും കഥ നല്ലതാണെങ്കില്‍, തിരക്കഥ നല്ലതാണെങ്കില്‍, അഭിനേതാക്കള്‍ ഒരിക്കലും ഈഗോ ക്ലാഷ് കൊണ്ട് സിനിമ വേണ്ടെന്ന് പറയില്ല.

ട്രാഫിക്ക് എന്ന സിനിമയില്‍ ആസിഫ് അലി ഉണ്ട്, ശ്രീനിവാസന്‍ ഉണ്ട്, കുഞ്ചാക്കോ ബോബന്‍ ഉണ്ട്, നിവിന്‍ പോളി ഒരു സീനിനായി മാത്രം വരുന്നുണ്ട്. എല്ലാവരും ഒരു ക്യാരക്ടര്‍ ആയി ജീവിക്കാനായിട്ടാണ് വരുന്നത്. അവര്‍ അവരുടെ സ്റ്റാര്‍ഡത്തിനെ കുറിച്ചോര്‍ത്ത് ആകുലപ്പെടുന്നില്ല.

എം.ടി. വാസുദേവന്‍ നായര്‍ സാറിനോടുള്ള ഒരു ട്രിബ്യുട്ട് ആയിട്ടാണ് ഈ സിനിമയെ ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. ഇങ്ങനെയൊരു അവസരം എപ്പോഴും വരില്ല. എല്ലാവരും അങ്ങനെത്തന്നെയാണ് ചിന്തിക്കുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. അശ്വതി ചേച്ചിയുടെ കോള്‍ വന്നപ്പോള്‍ ഞാന്‍ ഉടനെ ഓക്കേ പറഞ്ഞു. ആ ഒരു ചാന്‍സ് നഷ്ടപ്പെടുത്താന്‍ താത്പര്യമില്ല,’ പാര്‍വതി പറയുന്നു.

Content Highlight: Parvathy Thiruvothu Talks About Mammootty, Mohanlal, and Manorathangal Movie