നിലപാടുകള്‍ കൊണ്ട് വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേത്രിയാണ് പാര്‍വതി തിരുവോത്ത്. തനിക്ക് എപ്പോഴും ഒരു പ്ലാന്‍ ബി ഉണ്ടെന്നും എന്നാല്‍ താന്‍ സ്വമേധയാ എടുക്കുന്നതല്ല അതെന്നും അവര്‍ പറയുന്നു. പ്ലാന്‍ ബി എന്നത് ചിലരുടെ പെരുമാറ്റം കൊണ്ട് എടുക്കാന്‍ നിര്‍ബന്ധിതയാകുന്നതാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
താന്‍ സിനിമയില്‍ വന്നപ്പോള്‍ ചിലര്‍ അഞ്ചു വര്‍ഷമായിരിക്കും തന്റെ കരിയര്‍ ഉണ്ടാവുകയെന്ന് പറഞ്ഞെന്നും എന്നാല്‍ പതിനെട്ട് വര്‍ഷത്തിനിപ്പുറവും താന്‍ സിനിമയില്‍ ഉണ്ടെന്ന് പാര്‍വതി പറയുന്നു. പവറിന് ഇപ്പോള്‍ ബാലന്‍സ് ഇല്ലെന്നും അത് കൊണ്ടുവരുന്നതുവരെ പ്രയത്‌നിച്ചു കൊണ്ടേ ഇരിക്കണമെന്നും അവര്‍ പറയുന്നു. സ്റ്റേ ട്യൂണ്‍ഡ് വിത്ത് രമ്യ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് പാര്‍വതി തിരുവോത്ത്.
‘എനിക്കെപ്പോഴും ഒരു പ്ലാന്‍ ബി ഉണ്ടാകും. പക്ഷെ അതെപ്പോഴും നല്ലതല്ല. കാരണം മറ്റൊരു പ്ലാന്‍ എടുക്കാന്‍ വേണ്ടി ഞാന്‍ നിര്‍ബന്ധിതയാകുകയാണ്. എനിക്ക് ഒരു അഭിനേതാവാകാനാണ് താത്പര്യം. പക്ഷെ നിങ്ങള്‍ നിങ്ങളുടെ പെരുമാറ്റം കൊണ്ട് എന്നെ ഒരു പ്ലാന്‍ ബി എടുക്കാന്‍ വേണ്ടി പ്രേരിപ്പിക്കുകയാണ്.
ആ പെണ്‍കുട്ടി അടുത്തുള്ളത് ഒരു സന്തോഷവും തരുന്നില്ല, അവള്‍ അധികം സംസാരിക്കുന്നുമില്ല. അതുകൊണ്ട് നമുക്കവളെ മാറ്റം എന്നുള്ള സംഭാഷങ്ങളെല്ലാം എനിക്ക് ചുറ്റും നടന്നിട്ടുണ്ട്, നടക്കുന്നുണ്ട്. ഇതെല്ലം എന്റെ ഉള്ളിലെ തീയെ ആളിക്കത്തിച്ചു.
ആദ്യത്തെ കാര്യം ഈ പവര്‍ എന്ന് പറയുന്നത് ഒരു ബാലന്‍സ് ഇല്ലാതെ ഇരിക്കുന്നുണ്ടെന്നതാണ്. നമ്മള്‍ ഈ ബാലന്‍സ് തിരിച്ചു കൊണ്ടുവരേണ്ടതായിട്ടുണ്ട്. അതിന് നമ്മള്‍ പ്രയത്‌നിച്ചു കൊണ്ടേ ഇരിക്കണം. ജോലിയില്‍ തന്നെ ഇരിക്കണം അതുവരെ നിര്‍ത്തി പോരാന്‍ പാടില്ല.
ഞാന്‍ സിനിമയില്‍ വന്നപ്പോള്‍ അവര്‍ പറഞ്ഞു ഒരു അഞ്ചു വര്‍ഷം, അതാണ് സിനിമയില്‍ നായികമാരുടെ ഷെല്‍ഫ് ലൈഫ് എന്ന്. ഇപ്പോള്‍ പതിനെട്ടു വര്‍ഷമായി ഞാന്‍ ഈ ഇന്‍ഡസ്ട്രിയില്‍, ഇനിയും എനിക്കൊരു 78 വയസ്സാകുന്നതുവരെ ഇവിടെ തന്നെ ഇരിക്കുന്നതാണ് എന്റെ പ്ലാന്‍ ബി,’ പാര്‍വതി തിരുവോത്ത് പറയുന്നു.