വേദന നമ്മളെ പഠിപ്പിക്കുന്നത് വലിയ കാര്യങ്ങളാണ്: പാര്‍വതി തിരുവോത്ത്
Movie Day
വേദന നമ്മളെ പഠിപ്പിക്കുന്നത് വലിയ കാര്യങ്ങളാണ്: പാര്‍വതി തിരുവോത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th August 2024, 6:25 pm

തമിഴിലും മലയാളത്തിലും ഹിന്ദിയിലും തന്റെതായ മുദ്ര പതിപ്പിച്ച അഭിനേത്രിയാണ് പാര്‍വതി തിരുവോത്ത്. 2006-ല്‍ റിലീസ് ചെയ്ത ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചലച്ചിത്രത്തിലൂടെയാണ് പാര്‍വതി അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ പാര്‍വതിക്ക് കഴിഞ്ഞു. ഒരേ സമയം അവര്‍ കൊമേര്‍ഷ്യല്‍ സിനിമകളുടെയും ആര്‍ട്ട് സിനിമകളുടെയും ഭാഗമായി. രണ്ടു തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പാര്‍വതിയെ തേടിയെത്തി.

ഒരു കഥാപാത്രം ചെയ്തു കഴിഞ്ഞാല്‍ അത് തന്നെ ഇമോഷണലി ബാധിക്കുമെന്ന് കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി തിരുവോത്ത് പറയുന്നു. അങ്ങനെ ബാധിക്കുന്നത് വേദനിപ്പിക്കുമെന്നും വേദനകൊണ്ടു മാത്രമേ വലിയ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുകയുള്ളൂവെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

‘ഒരു കഥാപാത്രം ചെയ്തു കഴിഞ്ഞാല്‍ അത് നമ്മളെ ഇമോഷണലി ബാധിക്കണം. ബാധിക്കാന്‍ അനുവദിക്കണം. അല്ലെങ്കില്‍ നമ്മള്‍ ആര്‍ട്ടില്‍ നിന്ന് രൂപാന്തരപ്പെടാതെ ഇരിക്കും. സിനിമ ഒരു ബിസിനസ് ആണ്. എന്നിരുന്നാലും സിനിമയിലൂടെ കലാകാരന്മാര്‍ മാറണം. കല കൊണ്ട് മാറിയാല്‍ മാത്രമേ കലാകാരന്മാര്‍ക്ക് വളര്‍ച്ചയുണ്ടാകു. ആ വളര്‍ച്ചയില്‍ എന്തായാലും വേദന ഉണ്ടാകും. വേദന ഇല്ലാതെ നമുക്ക് വളരാന്‍ കഴിയില്ല. വേദന നമ്മളെ പഠിപ്പിക്കുന്നത് വലിയ കാര്യങ്ങളാണ്,’ പാര്‍വതി പറയുന്നു.

ഈ അടുത്ത് ചെയ്ത സിനിമകളില്‍ തന്നെ ഏറ്റവും കൂടുതല്‍ ഇമോഷണലി ബാധിച്ച കഥാപാത്രവും സിനിമയും ഉള്ളൊഴുക്കും അതിലെ അഞ്ജുവും ആണെന്ന് പാര്‍വതി തിരുവോത്ത് പറയുന്നു.

‘എന്നെ ഈ അടുത്ത് ഇമോഷണലി ബാധിച്ച ഒരു കഥാപത്രമാണ് ഉള്ളൊഴുക്കിലെ അഞ്ജു. എനിക്ക് എന്റെ ഉള്ളിലെ അഞ്ജുവിനെ ഹാന്‍ഡില്‍ ചെയ്യാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ഉള്ളൊഴുകിന്റെ ഷൂട്ടിങ് കഴിഞ്ഞ ഉടനെ ഞാന്‍ ബാഗ് ഒക്കെ പാക്ക് ചെയ്ത് ഒരു യാത്ര പോയി. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതില്‍ നിന്നും ഒളിച്ചോടിയത് നന്നായെന്ന് തോന്നുന്നു. ഒളിച്ചോടാതെ ഇരുന്നാല്‍ അത് വലിയ പാഠങ്ങള്‍ നമുക്ക് തരും. ചില സമയങ്ങളില്‍ ഒളിച്ചോടുന്നതും നല്ലതാണ്,’ പാര്‍വതി പറയുന്നു.

Content Highlight: Parvathy Thiruvothu talks about emotional attachment with her character in Ullozhukku