| Wednesday, 18th September 2019, 7:38 pm

അന്താരാഷ്ട്ര പുരസ്‌കാരവുമായി പാര്‍വതി തിരുവോത്തിന്റെ തമിഴ് ചിത്രം; പുരസ്‌കാരം ലഭിച്ചത് മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സിനിമയ്ക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: പാര്‍വതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’ എന്ന സിനിമയ്ക്കു മികച്ച സിനിമയ്ക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം. ജപ്പാനിലെ ഫുകുവൊക ഫെസ്റ്റിവലിലാണ് വസന്ത് സംവിധാനം ചെയ്ത സിനിമയ്ക്കു പുരസ്‌കാരം ലഭിച്ചത്.

ഏഷ്യയെക്കുറിച്ചും ഏഷ്യന്‍ സംസ്‌കാരങ്ങളെക്കുറിച്ചും സിനിമയിലൂടെ മനസ്സിലാക്കിക്കൊടുക്കുകയാണ് ഫുകുവൊക ചലച്ചിത്രമേളയുടെ ലക്ഷ്യം. മേളയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സിനിമ കൂടിയായിരുന്നു ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’.

പുരസ്‌കാരം ലഭിച്ചതില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്നും നേട്ടം എഴുത്തുകാര്‍ക്കു സമര്‍പ്പിക്കുന്നതായും വസന്ത് പ്രതികരിച്ചു. മരിച്ചുപോയ തിരക്കഥാകൃത്തുക്കള്‍ അശോകമിത്രനും ആദവനും ജീവിക്കുന്ന ഇതിഹാസമായ ജയമോഹനുമാണ് സിനിമയുടെ നട്ടെല്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വസന്ത് തന്നെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്ന സിനിമയുടെ കഥ അശോകമിത്രന്‍, ആദവന്‍, ജയമോഹന്‍ എന്നിവരുടേതാണ്. നിര്‍മാണവും വസന്താണ്.

പാര്‍വതിക്കു പുറമേ ലക്ഷ്മിപ്രിയയും കാളീശ്വരി ശ്രീനിവാസനുമാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. മൂന്നു കാലഘട്ടങ്ങളിലായി സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രബിന്ദുക്കളാക്കി മൂന്നു ചെറുകഥകള്‍ പറയുന്ന സിനിമ സ്ത്രീവിവേചനത്തെക്കുറിച്ചാണു സംസാരിക്കുന്നത്.

കരുണാകരന്‍, സുന്ദര്‍ രാമു, കാര്‍ത്തിക് കൃഷ്ണ, ജി. മാരിമുത്തു, ലിസി ആന്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. എന്‍.കെ ഏകാംബരം, രവി റോയ് എന്നിവരാണ് ഛായാഗ്രഹണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞവര്‍ഷം മുംബൈയില്‍ നടന്ന മാമി ചലച്ചിത്രമേളയിലാണ് സിനിമ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ഐ.എഫ്.എഫ്.കെയിലും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.

ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏഷ്യന്‍ സിനിമാ വിഭാഗത്തില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരവും ഈ സിനിമ നേടിയിരുന്നു.

We use cookies to give you the best possible experience. Learn more