| Friday, 6th September 2024, 4:09 pm

അവര്‍ക്ക് മാത്രമേ അന്നത്തെ പാര്‍വതിയെ അറിയുകയുള്ളൂ; ജീവിച്ചിരിക്കാന്‍ എനിക്ക് അതെല്ലാം ആവശ്യമായിരുന്നു: പാര്‍വതി തിരുവോത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വതി തിരുവോത്ത്. എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് 2015-ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പാര്‍വതിക്ക് ലഭിച്ചു. ടേക്ക് ഓഫിലെ പെര്‍ഫോമന്‍സിനും മികച്ച നടിക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും പാര്‍വതിയെ തേടിയെത്തി.

തന്റെ ജീവിതത്തിലെ ഇരുണ്ട ഏടുകളെക്കുറിച്ച് സംസാരിക്കുകയാണ് പാര്‍വതി. 2019ല്‍ താന്‍ ക്ലിനിക്കല്‍ ഡിപ്രെഷന്റെ പിടിയിലായിരുന്നുവെന്നും
മെഡിക്കേഷനില്‍ ആയിരുന്നു ആ കാലമത്രയും താന്‍ ജീവിച്ചതെന്നും പാര്‍വതി പറയുന്നു. ഇന്ന് എവിടെവരെ താന്‍ എത്തിനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ഒരുപാട് ഘടകങ്ങള്‍ ഉണ്ടെന്നും തനിക്ക് ലഭിച്ച ആ സഹായങ്ങള്‍ തന്റെ പ്രിവില്ലേജ് ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റേ ട്യൂണ്‍ഡ് വിത്ത് രമ്യ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് പാര്‍വതി തിരുവോത്ത്.

‘2019ല്‍ എന്റെ സുഹൃത്തുക്കളോട് ചോദിച്ചാല്‍ അറിയാം ഞാന്‍ ഈ പാര്‍വതിയെ അല്ലായിരുന്നെന്ന്. എനിക്ക് എന്റെ ബെഡില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയില്ലായിരുന്നു. പല്ലുതേക്കാനോ കുളിക്കാനോ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. ഞാന്‍ വളരെ വിഷാദത്തിലായിരുന്നു. വിഷാദത്തില്‍ ആയിരുന്നു എന്ന് പറയുമ്പോള്‍, ഡോക്ടര്‍മാര്‍ എനിക്ക് ക്ലിനിക്കല്‍ ഡിപ്രെഷന്‍ ആണെന്ന് രോഗനിര്‍ണയം നടത്തിയതാണ്.

മെഡിക്കേഷനില്‍ ആയിരുന്നു ഞാന്‍ കുറെ കാലം ജീവിച്ചിരുന്നത്. ജീവിച്ചിരിക്കാന്‍ വേണ്ടി എനിക്ക് വേണ്ടിവന്ന സഹായവും സപ്പോര്‍ട്ടും ചിലപ്പോള്‍ വേറൊരാള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് തന്നെ അവിടെ നിന്ന് ഇവിടെ വരെ ഞാന്‍ എത്തി നില്‍ക്കണമെങ്കില്‍ അതിന്റെ ഉള്ളില്‍ ഒരുപാട് ഘടകങ്ങള്‍ ഉണ്ടായിരുന്നു, എന്റെ കുടുംബവും സുഹൃത്തുക്കളും മെഡിക്കല്‍ സഹായങ്ങള്‍ എന്നിങ്ങനെ ഒരുപാട് എലെമെന്റ്‌സ് ഉണ്ട്.

ഇതെല്ലാം എല്ലാവര്‍ക്കും ലഭിക്കണം എന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് എന്റെ ആ പ്രിവില്ലേജ് നന്നായി അറിയാം. പക്ഷെ നിങ്ങള്‍ നിങ്ങളെ സഹായിച്ചില്ലെങ്കില്‍ ആരൊക്കെ നിങ്ങളെ സഹാക്കാന്‍ ഉണ്ടെങ്കിലും കാര്യമില്ല. അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളെ പൂര്‍ണ്ണമായും നഷ്ടപ്പെടും. ഇപ്പോള്‍ പോലും ഞാന്‍ ഇവിടെ ഇരുന്ന് ഇത് പറയുമ്പോള്‍ ഒരു നൂറുതവണ ഞാനിത് പ്രാക്ടീസ് ചെയ്തിട്ടാണ് പറയുന്നത്.

നിങ്ങളുടെ ഏറ്റവും മികച്ച ജീവിതം ഒന്ന് സങ്കല്‍പ്പിക്കുക, ഇപ്പോള്‍ നിങ്ങള്‍ അങ്ങനെയാണ് ജീവിക്കുന്നത്. അത് മനസിലാക്കാന്‍ എനിക്ക് ഒരുപാട് സമയം വേണ്ടി വന്നു,’ പാര്‍വതി തിരുവോത്ത് പറയുന്നു.

Content Highlight: Parvathy Thiruvothu  Speaks About Her Clinical Depression

We use cookies to give you the best possible experience. Learn more