റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്കിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് പാര്‍വതി തിരുവോത്ത്. 18 വര്‍ഷത്തെ സിനിമാജീവിതത്തില്‍ നിരവധി സിനിമകളുടെ ഭാഗമായ പാര്‍വതി മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായി മാറി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചു. രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും പാര്‍വതി നേടി.
എം.ടി എന്ന എഴുത്തുകാരന് മലയാളസിനിമ നല്‍കുന്ന ആദരമായ മനോരഥങ്ങള്‍ എന്ന വെബ് സീരീസിലും പാര്‍വതി ഭാഗമായിട്ടുണ്ട്. എം.ടിയുടെ ഒമ്പത് ചെറുകഥകളെ അടിസ്ഥാനമാക്കി എട്ട് സംവിധായകര്‍ ചേര്‍ന്നാണ് മനോരഥങ്ങള്‍ ഒരുക്കിയത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത കാഴ്ചയിലാണ് പാര്‍വതി അഭിനയിച്ചത്. ശ്യാമപ്രസാദിനെപ്പോലൊരു സംവിധായകന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയത് സ്വപ്‌നസാക്ഷാത്കാരമാണെന്ന് പറയുകയാണ് പാര്‍വതി.
ശ്യാമപ്രസാദിന്റെ സിനിമകളെല്ലാം തന്നെ തനിക്ക് പ്രിയപ്പെട്ടതാണെന്നും ഒരേ കടല്‍ എന്ന സിനിമ തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണെന്നും പാര്‍വതി പറഞ്ഞു. ഒരേ കടലില്‍ മീരാ ജാസ്മിന്‍ അവതരിപ്പിച്ച കഥാപാത്രം തനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടെന്നും ആ സിനിമ റിലീസായപ്പോള്‍ താന്‍ എന്ത് ചെയ്യുകയാണെന്ന് പോലും അറിയില്ലായിരുന്നെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം കൂടി ആ സിനിമയിലെ പാട്ടുകള്‍ കേട്ടിരുന്നുവെന്നും അതിലെ നഗരം എന്ന പാട്ട് കേട്ടതിന് ശേഷം വിനീത് ശ്രീനിവാസനെ വിളിച്ച് ആ പാട്ടിനെക്കുറിച്ച് സംസാരിച്ചുവെന്നും പാര്‍വതി പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്.
‘ശ്യാമപ്രസാദ് സാറിനൊപ്പം വര്‍ക്ക് ചെയ്യുന്നത് വല്ലാത്തൊരു എക്‌സ്പീരിയന്‍സാണ്. അദ്ദേഹം ഓരോ സിനിമയെയും അപ്പ്രോച്ച് ചെയ്യുന്ന രീതി അത്ഭുതപ്പെടുത്താറുണ്ട്. അതില്‍ തന്നെ ഒരേ കടല്‍ എന്ന സിനിമ എന്റെ എക്കാലത്തെയും ഫേവറിറ്റാണ്. ആ സിനിമ റിലാസായ സമയത്ത് ഞാന്‍ എവിടെയാണെന്ന് പോലും എനിക്ക് ഓര്‍മയില്ല.
പക്ഷേ അതിലെ മീര ചേച്ചി ചെയ്ത റോള്‍ എനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. എന്ത് മനോഹരമായ സിനിമയാണത്. കഴിഞ്ഞ ദിവസം കൂടി അതിലെ പാട്ടുകളെല്ലാം ഞാന്‍ കേട്ടിരുന്നു. നഗരം എന്ന പാട്ടൊക്കെ നമ്മളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോവുന്ന ഒന്നാണ്. ആ പാട്ട് കേട്ടതിന് ശേഷം ഞാന്‍ വിനീതിനെ വിളിച്ച് ചോദിച്ചു. എങ്ങനെയാണ് ഈ പാട്ടൊക്കെ പാടി വെച്ചതെന്ന്. അതുപോലൊരു സിനിമ ഇനി ഉണ്ടാകുമോ എന്ന് സംശയമാണ്,’ പാര്‍വതി പറഞ്ഞു.
Content Highlight: Parvathy Thiruvothu saying that she wish to do the role of Meera Jasmine’s character in Ore Kadal