കൊച്ചി: രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തുമെന്ന തീരുമാനത്തിനെതിരെ നടി പാര്‍വതി തിരുവോത്ത്. സര്‍ക്കാരിന്റെ തീരുമാനം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാണെന്ന് പാര്‍വതി ട്വിറ്ററിലെഴുതി.
‘കൊവിഡ് മുന്‍നിര പോരാളികള്‍ക്ക് ആവശ്യമായ സഹായമെല്ലാം ചെയ്തുകൊണ്ട് ഈ മഹാമാരിയ്‌ക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും ഉത്തരവാദിത്തതോടു കൂടി തന്നെയാണ് പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നതില്‍ ഒരു സംശയവുമില്ല. അതുകൊണ്ട് തന്നെയാണ് ഈ തീരുമാനം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാകുന്നത്,’ പാര്‍വതിയുടെ ട്വീറ്റില്‍ പറയുന്നു.
മെയ് 20ന് നടക്കുന്ന ചടങ്ങിലേക്ക് വരുന്ന 500 പേരുടെ ജനക്കൂട്ടം അത്രയ്‌ക്കൊന്നുമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കൊവിഡ് കേസുകള്‍ ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, മറ്റു വഴികള്‍ ഉണ്ടായിരിക്കേ, ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് തികച്ചും തെറ്റായ നീക്കമാണെന്നും പാര്‍വതി പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങ് വിര്‍ച്വലായി നടത്താന്‍ തയ്യാറാകണമെന്നും പാര്‍വതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ‘ഒരു വിര്‍ച്വല്‍ സമ്മേളനം നടത്തി മാതൃകയാകാന്‍ അവസരമുണ്ടായിരിക്കേ അതിനു നില്‍ക്കാതെ ഇത്തരത്തിലൊരു തീരുമാനം സ്വീകരിക്കുന്നത് തെറ്റ് തന്നെയാണ്. പൊതുച്ചടങ്ങ് ഒഴിവാക്കണമെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്. സത്യപ്രതിജ്ഞാ ചടങ്ങ് വിര്‍ച്വലായി നടത്തണം,’ പാര്‍വതി പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങ് പൊതുച്ചടങ്ങായി നടത്തരുതെന്നും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ 500 പേരെ പങ്കെടുപ്പിക്കുന്ന ചടങ്ങായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു.
There is no doubt that the state government has done incredible work and continues to do so to aid the frontline workers & help battle this pandemic is a very responsible way. Which is why it is shocking and unacceptable
50000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയമാണെന്നും കൊവിഡ് സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്നും കൂട്ടിച്ചേര്‍ത്തു. 40000 പേര്‍ കഴിഞ്ഞ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. 140 എം.എല്‍.എമാരും ചടങ്ങില്‍ പങ്കെടുക്കും. പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം നിജപ്പെടുത്തും.
ചടങ്ങില്‍ പങ്കെടുക്കാന്‍ 48 മണിക്കൂര്‍ മുന്‍പെടുത്ത കൊവിഡ് പരിശോധനാഫലം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യായാധിപര്‍, ചീഫ് സെക്രട്ടറി, സെക്രട്ടറിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പടെയാണ് 500 പേരെന്നും മുഖ്യമന്ത്രി അറിയിച്ചു.
എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പൊതുജനങ്ങള്‍ എല്ലാ പരിപാടികളും ഒഴിവാക്കി വീടുകളില്‍ തന്നെ കഴിയുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങ് നടത്തുന്നത് ധാര്‍മികമല്ലെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ചടങ്ങ് രോഗവ്യാപനത്തിന് കാരണമായേക്കാം എന്ന് മാത്രമല്ല, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളോടുള്ള ജനങ്ങളുടെ കാഴ്ചപ്പാടിനെയും താല്‍പര്യത്തെയും ഇത് മോശമായി ബാധിക്കുമെന്നും അഭിപ്രായങ്ങളുയര്‍ന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക