|

‘കവറേജ് നൽകാൻ മാധ്യമങ്ങള്‍ക്ക് ടി.ആര്‍.പി നിധികളൊന്നും കിട്ടിക്കാണില്ല’; ഫെഫ്കക്കെതിരായ പ്രതിഷേധത്തില്‍ പാര്‍വതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അച്ചടക്ക നടപടിയുടെ ഭാഗമായി ഫെഫ്കയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി നടിയും ഡബ്ലിയു.സി.സി അംഗവുമായ പാര്‍വതി തിരുവോത്ത്.

ജോലി ചെയ്യാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമാണ് പ്രവര്‍ത്തകര്‍ നടത്തുന്നതെന്ന് പാര്‍വതി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം.

രോഹിണി, എലിസബത്ത്, എയ്ഞ്ചല്‍ എന്നിവരാണ് ഫെഫ്കയുടെ നടപടിക്കെതിരെ പ്രതിഷേധം നടത്തുന്നത്. നിരന്തരമായ പീഡനത്തിന്റെയും അധിക്ഷേപത്തിന്റെയും അവസാനത്തിലാണ് ഇവര്‍ സംസാരിച്ചതെന്നും പാര്‍വതി പറയുന്നു.

‘ഒടുവില്‍ അച്ചടക്ക നടപടികളുടെ പേരില്‍ ഇവര്‍ യൂണിയനില്‍ നിന്ന്  പുറത്താക്കപ്പെട്ടു. ഇവര്‍ മാത്രമാണ് പ്രതിഷേധവുമായി ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഫെഫ്കയുടെ മഹത്തായ പി.ഒ.എ ഇതാണോ,’ പാര്‍വതി

തങ്ങളുടെ ജോലിസ്ഥലത്തെ അടിസ്ഥാന യാഥാര്‍ത്ഥ്യം ഇതാണെന്നും പാര്‍വതി ചൂണ്ടിക്കാട്ടി. ഒന്നിലധികം തവണ ആവശ്യപ്പെട്ടിട്ടും പരിശ്രമിച്ചിട്ടും കേരളത്തിലെ മാധ്യമങ്ങളില്‍ അവരുടെ പോരാട്ടത്തിന് കവറേജ് നല്‍കിയില്ലെന്നും പാര്‍വതി വിമര്‍ശിച്ചു.

ഇവിടെ ടി.ആര്‍.പി നിധികളൊന്നും കണ്ടെത്തിയില്ല, അല്ലേ എന്ന ചോദ്യവും പാര്‍വതി ഉയര്‍ത്തി. മാധ്യമങ്ങളുടെ നിശബ്ദത ഞെട്ടിപ്പിക്കുന്നതാണെന്നും പാര്‍വതി പ്രതികരിച്ചു. തുല്യവും സുരക്ഷിതവുമായ ജോലിസ്ഥലത്തിനുള്ള അവകാശം, അന്തസിനായുള്ള അവകാശം തുടങ്ങിയവയ്ക്കുള്ള  പ്രതിഷേധമാണ് യൂണിയനില്‍ നിന്ന് പുറത്താക്കപ്പെട്ട മൂന്ന് പ്രവര്‍ത്തകരും നടത്തുന്നതെന്നും പാര്‍വതി പറഞ്ഞു.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ മെന്‍ഷന്‍ ചെയ്തുകൊണ്ടായിരുന്നു പാര്‍വതിയുടെ കുറിപ്പ്.

സിനിമാ തൊഴില്‍ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടുക, നീതി നടപ്പാക്കുക, സ്ത്രീകള്‍ക്ക് തൊഴില്‍ വേര്‍ത്തിരിവില്ലാതെ തൊഴിലും സുരക്ഷിതത്വവും ഉറപ്പുവരുത്തുക, തൊഴിലാളികളില്‍ നിന്ന് പിരിച്ചെടുത്ത പൈസയുടെ കണക്ക് പുറത്തുവിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മൂവരും പ്രതിഷേധം നടത്തുന്നത്.

ഫെഫ്കയിലെ പെണ്ണുപിടിയന്മാര്‍ക്ക് കൂട്ടുനില്‍ക്കുന്ന അധികാര പദവിയില്‍ ഇരിക്കുന്ന തൊഴിലാളി വഞ്ചകന്മാരായ ബി. ഉണ്ണികൃഷ്ണന്‍, പ്രദീപ് രംഗന്‍ എന്നിവര്‍ പുറത്തുപോകണമെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ കേസിലെ ക്രിമിനലുകളെ പുറത്താക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

ഹേമ കമ്മിറ്റി പുറത്തുവന്നതിന് ശേഷം ഫെഫ്ക പുറത്തിറക്കിയ ‘പ്ലാന്‍ ഓഫ് ആക്ഷന്‍’ ഏത് ലോക്കറിലാണെന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നു. തൊഴിലാളികളില്‍ നിന്ന് ലക്ഷങ്ങള്‍ മെമ്പര്‍ഷിപ്പ് ഫീസായി വാങ്ങി കപട വാഗ്ദാനം നല്‍കി തൊഴിലാളികളെ പട്ടിണിയിലാക്കി വഞ്ചിക്കുന്നവര്‍ രാജിവെക്കണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

Content Highlight: Parvathy Thiruvothu in protest against FEFKA’s disciplinary action

Latest Stories