| Tuesday, 6th August 2024, 5:30 pm

പൃഥ്വിയോടൊപ്പമുള്ള എന്റെ ആ കഥാപാത്രം അണ്ടര്‍റേറ്റഡായി തോന്നിയിട്ടുണ്ട്, പൃഥ്വിയുടെ ആ കഥാപാത്രവും അതുപോലെ തന്നെ: പാര്‍വതി തിരുവോത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് പാര്‍വതി തിരുവോത്ത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്കിലൂടെ സിനിമാജീവിതം ആരംഭിച്ച പാര്‍വതി 18 വര്‍ഷത്തെ കരിയറില്‍ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായി. രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പാര്‍വതി ടേക്ക് ഓഫിലെ അഭിനയത്തിന് ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ സിനിമകളുടെ ഭാഗമാകാന്‍ പാര്‍വതിക്ക് സാധിച്ചു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഉള്ളൊഴുക്കിലും ഗംഭീര പ്രകടനമാണ് പാര്‍വതി കാഴ്ചവെച്ചത്. താന്‍ ചെയ്ത കഥാപാത്രങ്ങളില്‍ അണ്ടര്‍റേറ്റഡായിട്ടുള്ള കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് പാര്‍വതി.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ കൂടെ എന്ന സിനിമയിലെ സോഫി അണ്ടര്‍റേറ്റഡായി തോന്നാറുണ്ടെന്ന് പാര്‍വതി പറഞ്ഞു. അതേ ചിത്രത്തില്‍ പൃഥ്വിയുടെ ജോഷ്വ എന്ന കഥാപാത്രത്തെക്കുറിച്ചും ആളുകള്‍ അങ്ങനെ സംസാരിക്കുന്നത് കണ്ടിട്ടില്ലെന്നും പാര്‍വതി പറഞ്ഞു. മനസിനോട് വളരെ അറ്റാച്ച് ചെയ്ത് നില്‍ക്കുന്ന കഥാപാത്രങ്ങളിലൊന്നാണ് സോഫിയെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ഗലാട്ടാപ്ലസിനോട് സംസാരിക്കുകയായിരുന്നു പാര്‍വതി.

‘കൂടെയിലെ സോഫി എന്ന എന്റെ കഥാപാത്രം അണ്ടര്‍റേറ്റഡായി തോന്നിയിട്ടുണ്ട്. അതേ സിനിമയിലെ പൃഥ്വിയുടെ ജോഷ്വയെക്കുറിച്ചും ആളുകള്‍ അധികം സംസാരിച്ച് കണ്ടിട്ടില്ല. എന്റെ മനസിനോട് വല്ലാതെ അറ്റാച്ച് ചെയ്ത് കിടക്കുന്ന കഥാപാത്രങ്ങളിലൊന്നാണ് സോഫി. ജോഷ്വയുടെ കൂടെ ജീവിക്കണം എന്ന ആഗ്രഹത്തോടുകൂടി ഇറങ്ങിപ്പോകുന്ന സോഫിയെ എങ്ങനെ സ്വീകരിക്കുമെന്ന് ആദ്യം സംശയമുണ്ടായിരുന്നു.

പക്ഷേ ജോഷ്വയുടെ വീട്ടില്‍ വെച്ച് അവന്റെ അമ്മ ‘മോളിനി ഇവന്റെ കൂടെ ഉണ്ടാകില്ലേ’ എന്ന ഡയലോഗ് എന്റെ മനസിനെ വല്ലാതെ ടച്ച് ചെയ്തു. ആ സീന്‍ ചെയ്യുന്ന സമയത്ത് സോഫിക്ക് തോന്നിയ അതേ ഇമോഷന്‍ എനിക്കും തോന്നിയിരുന്നു. എന്നെ വിശ്വസിക്കുന്ന ഒരു കുടുംബത്തിനെ ഒടുവില്‍ എനിക്ക് കിട്ടി എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. അത്രയേറെ ഇഷ്ടമുള്ളൊരു കഥാപാത്രമാണ് എനിക്ക് സോഫി,’ പാര്‍വതി പറഞ്ഞു.

Content Highlight: Parvathy Thiruvothu about her character in Koode movie and Prithviraj

We use cookies to give you the best possible experience. Learn more