മികച്ച അഭിനയം കൊണ്ടും ശക്തമായ നിലപാടുകള്‍ കൊണ്ടും തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത താരമാണ് പാര്‍വതി തിരുവോത്ത്. 2006ല്‍ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെയാണ് പാര്‍വതി അഭിനയം ആരംഭിച്ചത്. 2015ല്‍ റിലീസായ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.
സ്ത്രീകളുടെ സ്വാതന്ത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പാര്‍വതി തിരുവോത്ത്. സ്ത്രീകളെ മനുഷ്യരായി അംഗീകരിച്ചാല്‍ അത് എല്ലാവര്‍ക്കുമാണ് നല്ലതെന്നും എന്തിനാണ് അവരുടെ ഓരോ പ്രവര്‍ത്തിയിലും അത്ഭുതപ്പെടുന്നതെന്നും പാര്‍വതി ചോദിക്കുന്നു.
ആര്‍ക്കറിയാം എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് തന്റെ വയറിന്റെ മടക്കുകണ്ടപ്പോള്‍ ക്രൂവില്‍ ഉണ്ടായിരുന്ന ഒരാള്‍ എന്തുകൊണ്ട് അപ്പോള്‍ താന്‍ ആവലാതിപ്പെട്ടില്ലെന്ന് ചോദിച്ചെന്നും പാര്‍വതി പറഞ്ഞു. എന്നാല്‍ ഷേര്‍ലി എന്ന തന്റെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി അത് ഉപയോഗിച്ചെന്നും ആ കഥാപാത്രം ചെയ്യാന്‍ വേണ്ടിയുള്ള തന്റെ അഡ്വാന്റേജ് ആയിരുന്നില്ലേ അതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി തിരുവോത്ത്.
‘സ്ത്രീകള്‍ കൂടുതലും മനുഷ്യന്മാരെ പോലെ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ആളുകളുടെ സര്‍പ്രൈസ് അവസാനിക്കും. നമ്മള്‍ കാല്‍ കയറ്റി വെക്കുമ്പോഴെല്ലാം എന്തിനാണ് അത്ഭുതപ്പെടുന്നത്. നമ്മളെ മനുഷ്യരായി അംഗീകരിച്ചാല്‍ അത് അവര്‍ക്കും കൂടിയല്ലേ നല്ലത്. നമ്മുടെ ശാരീരികമായ സ്വാതന്ത്ര്യം കാണുമ്പോള്‍ അവരുടെ താജ് മഹലിന്റെ ഏത് ഭാഗമാണ് ഇടിഞ്ഞ് വീഴുന്നത്?
ആര്‍ക്കറിയാം എന്ന സിനിമയുടെ സമയത്ത് എന്റെ കഥാപാത്രം ഷേര്‍ലി കസേരയില്‍ പോയി ഇരിക്കും. എനിക്ക് ആ സമയത്ത് നല്ല വയറുണ്ട്. കുറച്ച് കുനിഞ്ഞിരുന്നാണ് ലാപ്‌ടോപ്പ് നോക്കുന്നത്. അപ്പോള്‍ എന്റെ വയറിന്റെ മടക്കുകള്‍ കാണാം. ആ സമയത്ത് എന്റെ അടുത്ത് സെറ്റില്‍ ഉണ്ടായിരുന്ന ഒരാള്‍ വന്ന് പറഞ്ഞു,’പാര്‍വതി നീ അതിനെ കുറിച്ച് ഓര്‍ത്ത് ആവലാതിപ്പെടാത്തത് എന്നെ സത്യത്തില്‍ അത്ഭുതപ്പെടുത്തി. ബോളിവുഡിലോ മറ്റോ ആയിരുന്നെങ്കില്‍ അത് വലിയ പ്രശ്‌നമായേനെ. അവര്‍ ഉടനെ ക്യാമറ ആംഗിള്‍ എല്ലാം മാറ്റി വയര്‍ അറിയാത്ത രീതിയിലായിരിക്കും എടുത്തിട്ടുണ്ടാകുക’ എന്ന്.
പക്ഷെ എനിക്കത് മനസിലായില്ല. ഞാന്‍ ഒരു അമ്മയായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അതും അവരുടെ മുപ്പതുകളുടെ അവസാനത്തിലോ നാല്പതുകളുടെ തുടക്കത്തിലോ ഉള്ള കഥാപാത്രമാണ്. വലിയ ശാരീരിക അധ്വാനങ്ങളില്‍ ഏര്‍പ്പെടുന്നുമില്ല. അങ്ങനെയുള്ള എന്റെ കഥാപാത്രത്തിന്റെ പൂര്‍ണതയല്ലേ അപ്പോള്‍ മടങ്ങിയ വയറിലൂടെ മനസിലാകുന്നത്. എന്റെ ശരീരത്തില്‍ ഉള്ളൊരു കാര്യം കഥാപാത്രത്തിനായി എടുക്കുമ്പോള്‍ അതൊരു അഡ്വാന്റേജ് അല്ലെ,’ പാര്‍വതി തിരുവോത്ത് പറയുന്നു.