പാര്‍വതി തിരുവോത്തും ഉര്‍വശിയും ആദ്യമായി ഒന്നിച്ച സിനിമയായിരുന്നു ഉള്ളൊഴുക്ക്. സിനിമയുടെ പ്രൊമോഷന്റെ സമയത്ത് നടി ഉര്‍വശി സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ പറ്റിയും ഡബ്ല്യൂ.സി.സിയുടെ പ്രവര്‍ത്തനങ്ങളെ പറ്റിയുമൊക്കെ സംസാരിച്ചിരുന്നു.
ഉര്‍വശി അങ്ങനെ സംസാരിച്ചതില്‍ തനിക്ക് അത്ഭുതം തോന്നിയെന്ന് പറയുകയാണ് പാര്‍വതി തിരുവോത്ത്. മറ്റുള്ളവരെ പോലെ ഉര്‍വശി അഭിമുഖത്തില്‍ ഒരു ചോദ്യം വേണ്ടെന്ന് ഒരിക്കലും പറയില്ലെന്നും എങ്ങനെയാണെങ്കിലും ആ ചോദ്യത്തിന് മറുപടി പറയുകയാണ് ചെയ്യുകയെന്നും പാര്‍വതി പറഞ്ഞു.
സിനിമയില്‍ സ്ത്രീകള്‍ ബുദ്ധിമുട്ടുന്നുണ്ടെന്നത് സത്യമാണെന്നും അതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ ഉര്‍വശി മറ്റുള്ളവരെ പോലെ അങ്ങനെയൊന്നും ഇല്ലെന്ന് പറഞ്ഞ് വിഷയത്തെ ചെറുതാക്കാറില്ലെന്നും നടി പറയുന്നു. ന്യൂസ് 18 കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി തിരുവോത്ത്.
‘ഉര്‍വശി ചേച്ചി വളരെ സീനിയറായ ഒരാളാണ്. ചേച്ചിയുടെ തീരുമാനങ്ങളൊക്കെ വളരെ സിമ്പിളാണ്. ഒരു സിനിമയുടെ കാര്യം ചോദിച്ചാല്‍ ആ കഥ ചെയ്യാന്‍ തോന്നിയത് കൊണ്ടാണ് സിനിമ ചെയ്യാന്‍ തീരുമാനിച്ചത് എന്നാണ് ചേച്ചി പറയാറുള്ളത്. വളരെ സിമ്പിളായ കാര്യങ്ങള്‍ വെച്ചാണ് ഓരോ സിനിമകളും തെരഞ്ഞെടുത്തതെന്ന് ചേച്ചി പറയാറുണ്ട്.
പക്ഷെ ഈയിടെ എന്നെ സര്‍പ്രൈസ് ചെയ്ത ഒരു കാര്യമുണ്ട്. ഉള്ളൊഴുക്കിന്റെ പ്രൊമോഷന്റെ സമയത്തൊക്കെ മറ്റുള്ളവരെ പോലെ ഒരു ചോദ്യം വേണ്ടെന്ന് ഒരിക്കലും പറയില്ല. എങ്ങനെയാണെങ്കിലും ആ ചോദ്യത്തിന് അവര്‍ മറുപടി പറയും.
സിനിമയില്‍ സ്ത്രീകള്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന സത്യത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒരിക്കലും ‘അങ്ങനെയൊന്നും ഇല്ല’ എന്ന് ചേച്ചി പറഞ്ഞിട്ടില്ല. ഈ വിഷയത്തെ ചെറുതാക്കുന്നത് വലിയ പ്രശ്‌നമാണ്. ചിലപ്പോള്‍ ഈ പ്രശ്‌നങ്ങള്‍ നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടാകില്ല. പക്ഷെ മറ്റുള്ള സ്ത്രീകള്‍ അനുഭവിക്കുന്നുണ്ടാകും.
ഉള്ളൊഴുക്കിന്റെ സമയത്ത് ഒരു സീനിയറായ ആര്‍ട്ടിസ്റ്റാണ് ഈ വിഷയങ്ങളെ കുറിച്ചൊക്കെ പറയുന്നത്. അതുവരെ എല്ലാവരും പറയാറുള്ളത് കളക്ടീവിലുള്ള ആളുകള്‍ മാത്രമാണ് പ്രശ്‌നങ്ങളെ കൊട്ടിഘോഷിക്കുന്നത് എന്നായിരുന്നു. എന്നാല്‍ ഉര്‍വശി ചേച്ചി കളക്ടീവിലില്ല.
എന്നിട്ടും ചേച്ചി മാറ്റങ്ങള്‍ കണ്ടറിഞ്ഞ് സംസാരിച്ചു. വര്‍ക്ക് പ്ലേസില്‍ ഇപ്പോള്‍ മാറ്റങ്ങള്‍ കാണാനുണ്ടെന്ന് ചേച്ചി പറഞ്ഞു. ആദ്യമായിട്ടായിരുന്നു ഉര്‍വശി ചേച്ചി അത്തരം കാര്യങ്ങള്‍ ഇത്ര ഓപ്പണായി സംസാരിക്കുന്നത്. അതില്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി,’ പാര്‍വതി തിരുവോത്ത് പറയുന്നു.
Content Highlight: Parvathy Thiruvoth Talks About Urvashi