മലയാള സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഉള്ളൊഴുക്ക്. കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്റ്റോ ടോമിയാണ് ഉള്ളൊഴുക്ക് സംവിധാനം ചെയ്തിരിക്കുന്നത്.
ബോളിവുഡിലെ വലിയ പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ റോണി സ്‌ക്രൂവാല നിര്‍മിച്ച ചിത്രത്തില്‍ ഉര്‍വശിയും പാര്‍വതി തിരുവോത്തുമാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. താന്‍ ആദ്യമായി ഉര്‍വശിയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് പാര്‍വതി. സൈന സൈത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഞാന്‍ കലാരഞ്ജിനി ചേച്ചിയുടെയും കല്‍പന ചേച്ചിയുടെയും കൂടെ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ വളരെ എക്‌സൈറ്റഡായിരുന്നു. ക്രിസ്റ്റോയില്‍ നിന്ന് ഈ സിനിമയിലേക്ക് ഓഫര്‍ വന്നപ്പോള്‍ ഉര്‍വശി ചേച്ചിയായിരുന്നെങ്കിലെന്ന് ഞാന്‍ പറഞ്ഞിരുന്നു. ക്രിസ്റ്റോ കാസ്റ്റിങ്ങില്‍ ആ വഴി തന്നെ പോയതില്‍ എനിക്ക് സന്തോഷമുണ്ടായിരുന്നു.
നമ്മളെല്ലാവരും ഒരുമിച്ചല്ലേയെന്ന ചിന്തയാണ് ഉര്‍വശി ചേച്ചിക്ക്. താനെന്ന ഭാവമൊന്നുമില്ലാതെ സ്‌നേഹിക്കുകയാണ് ചേച്ചി. ശകാരിക്കുന്നതും അങ്ങനെ തന്നെയാണ്. ചിലപ്പോള്‍ കളിയാക്കുകയും ചെയ്യും. അടുത്ത ഒരു ഫാമിലി മെമ്പറിനൊപ്പം ഇരിക്കുന്നത് പോലെയാണ് പലപ്പോഴും തോന്നുക.
ഇതിലെ ഒരു സീനെടുക്കുന്ന സമയത്ത് ഞാന്‍ ചേച്ചിയുടെ പിന്നിലാണ് നിന്നത്. ഞാന്‍ ഫോക്കസാണോ അതോ ഔട്ട് ഓഫ് ഫോക്കസാണോ എന്നുപോലും എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ആ സീന്‍ ചെയ്യാന്‍ ഒരുപാട് കഷ്ടപ്പെട്ടു.
കാരണം പാര്‍വതിയായി നില്‍ക്കുമ്പോള്‍ എനിക്ക് കരച്ചില്‍ വരുന്നുണ്ടായിരുന്നു. എന്നാല്‍ അവിടെ അഞ്ചുവെന്ന കഥാപാത്രമായി തന്നെ ഇരിക്കണമായിരുന്നു. ആ സീനില്‍ ചേച്ചിയുടെ മുഖം പോലും കാണുന്നുണ്ടായിരുന്നില്ല. ഞാന്‍ ആകെ കാണുന്നത് ചേച്ചിയുടെ കവിളിന്റെ ഒരു വശം വിറക്കുന്നത് മാത്രമാണ്. ആ മസില്‍ മാത്രമായി എങ്ങനെയാണ് വിറക്കുന്നതെന്ന് പോലും ഞാന്‍ ചിന്തിച്ചു.
എല്ലാ ദിവസവും ഞാന്‍ അവിടെ ബ്രില്ല്യന്‍സിന് കാഴ്ചക്കാരിയാവുകയായിരുന്നു. ഇത്തരത്തില്‍ ഒരുപാട് എഫേര്‍ട്ടെടുത്തത് കൊണ്ടാണ് ഇത്രയും വര്‍ഷങ്ങള്‍ ചേച്ചിക്ക് ഇവിടെ നില്‍ക്കാന്‍ സാധിച്ചത്. ഞാന്‍ ഇവിടെ ഉണ്ടാകേണ്ടവളാണ് എന്ന് തീരുമാനിച്ച് ചേച്ചി നിന്നിട്ടുണ്ട്. അതാണ് എന്നെ ഏറ്റവും ഇന്‍സ്‌പെയര്‍ ചെയ്തിട്ടുള്ളത്,’ പാര്‍വതി പറഞ്ഞു.
Content Highlight: Parvathy Thiruvoth Talks About Uravashi’s Acting In Ullozhukk