|

ടൈറ്റില്‍ റോള്‍ ചെയ്തത് നായകനാണെങ്കിലും ആ തമിഴ് സിനിമക്ക് ഒരു പ്രത്യേകതയുണ്ട്: പാര്‍വതി തിരുവോത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ശക്തമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയമായ നടിയാണ് പാര്‍വതി തിരുവോത്ത്. പാര്‍വതിയുടേതായി എത്തുന്ന ഏറ്റവും പുതിയ ആന്തോളജി ചിത്രമാണ് ഹെര്‍. അഞ്ച് സ്ത്രീകളുടെ കഥയാണ് ഹെര്‍ പറയുന്നത്.

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ അവകാശത്തെ കുറിച്ച് പറയുകയും ഏത് നിലപാട് എടുക്കണമെന്ന് ചോദിക്കുകയും ചെയ്യുന്ന സമയത്താണ് ഇങ്ങനെയൊരു ആന്തോളജി സിനിമ എത്തുന്നത്. അതൊരു പോസിറ്റീവായ കാര്യമല്ലേ എന്ന ചോദ്യത്തിന് ന്യൂസ് 18 കേരളയ്ക്ക് മറുപടി നല്‍കുകയാണ് പാര്‍വതി തിരുവോത്ത്.

‘വെള്ളിത്തിരയില്‍ ഏത് രീതിയിലുള്ള സ്ത്രീകളെ കുറിച്ചുള്ള കഥ വന്നാലും ഞാന്‍ അതിനെ ഷുഗറില്‍ മുക്കി മുന്നോട്ട് വെയ്ക്കുന്നുണ്ട്. ആ സിനിമകള്‍ക്ക് അത്രയും സാധ്യതകളുള്ളത് കൊണ്ടാണ് ഞാനത് ചെയ്യുന്നത്.

ചില സമയത്ത് ഒഴുക്കിന് എതിരെ പോയി കൊണ്ടിരിക്കുമ്പോള്‍ ഒഴുക്ക് തന്നെ അതിന്റെ ഗതി മാറ്റിപിടിക്കും. ആ ഒരു പോയന്റില്‍ എത്തുമ്പോള്‍ നമ്മള്‍ അത്രനാള്‍ ഉണ്ടായിരുന്ന സിസ്റ്റത്തിന് നല്ല ന്യൂട്രിയന്‍സ് നല്‍കണം. വളം വെച്ച് കൊടുക്കാന്‍ പറ്റുന്ന അത്രയും കൊടുക്കണം.

ഈ വര്‍ഷം തന്നെ എത്രയോ സിനിമകള്‍ വന്നു. ഫീമെയില്‍ ഓറിയന്റഡ് എന്ന് പറയണ്ട, പകരം ഫീമെയില്‍ ക്യാരക്ടേഴ്‌സിന് പ്രാധാന്യമുള്ള ഒരുപാട് സിനിമകള്‍ വന്നു. അതില്‍ പല സിനിമകളിലും എനിക്ക് ഭാഗമാകാന്‍ സാധിച്ചിരുന്നു.

തമിഴില്‍ ഞാന്‍ തങ്കലാന്‍ എന്ന സിനിമ ചെയ്തു. തങ്കലാന്‍ എന്ന ടൈറ്റില്‍ കഥാപാത്രം ചെയ്തത് വിക്രമാണെങ്കിലും ആ സിനിമയില്‍ നെഗറ്റീവ് റോളില്‍ എത്തിയത് മാളവികയാണ്. വളരെ ശക്തമായ ഗംഗമ്മാള്‍ എന്ന കഥാപാത്രമായിട്ടാണ് ഞാന്‍ അഭിനയിച്ചത്,’ പാര്‍വതി തിരുവോത്ത് പറയുന്നു.

Content Highlight: Parvathy Thiruvoth Talks About Thangalaan