മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്. എം.ടി. വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങിയ ആന്തോളജി ചലച്ചിത്രമായ മനോരഥങ്ങളില്‍ പാര്‍വതിയും ഉണ്ടായിരുന്നു. ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ ‘കാഴ്ച’ സിനിമയായപ്പോള്‍ നായികയായ സുധയായി എത്തിയത് പാര്‍വതി ആയിരുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സുധയെ കുറിച്ച് സംസാരിക്കുകയാണ് നടി.
‘മനോരഥങ്ങളിലെ കാഴ്ച ഞങ്ങള്‍ ഏകദേശം മൂന്ന് വര്‍ഷം മുമ്പാണ് ഷൂട്ട് ചെയ്യുന്നത്. 2021 സെപ്റ്റംബര്‍ അവസാനത്തോടെയാണ് കാഴ്ചയുടെ ഷൂട്ടിങ് നടക്കുന്നത്. ഷൂട്ട് കഴിഞ്ഞിട്ട് ഏകദേശം മൂന്ന് വര്‍ഷം തന്നെയായെന്ന് വേണം പറയാന്‍. ചുരുക്കത്തില്‍ മൂന്ന് വര്‍ഷം മുമ്പുള്ള എന്നെയാണ് ഞാന്‍ കാഴ്ചയിലൂടെ കണ്ടത്.
അത് വളരെ ഇന്‍ഡസ്ട്രിങ്ങായ ഒരു സിറ്റുവേഷനായിരുന്നു. ആ സിനിമയിലൂടെ മൂന്ന് വര്‍ഷം കഴിഞ്ഞ് ഞാന്‍ എന്നെ തന്നെ തിരിഞ്ഞു നോക്കുകയാണ് ചെയ്തത്. പിന്നെ ഓരോ കാര്യങ്ങളും പഠിച്ചു വരുന്നതിന് അനുസരിച്ച് എപ്പോഴും എന്റെ ഒരു പുതിയ വേര്‍ഷന്‍ ഉണ്ടാകാറുണ്ട്.
അതുകൊണ്ട് തന്നെ ഇപ്പോള്‍ ആയിരുന്നു ഞാന്‍ കാഴ്ച ചെയ്തിരുന്നതെങ്കില്‍ ചിലപ്പോള്‍ വേറെ രീതിയിലാകുമായിരുന്നു ചെയ്യുക. ചിലപ്പോള്‍ ആ കഥാപാത്രത്തെ ഉള്‍കൊള്ളുന്നതും മറ്റൊരു രീതിയില്‍ ആയേനെ. പക്ഷെ അന്നത്തെ പാര്‍വതിക്ക് സുധയെ പോലെ ഒരു കഥാപാത്രം കുറച്ചുകൂടെ ആവശ്യമായിരുന്നു.
കാരണം സുധയുടെ ഉള്ളില്‍ വലിയ ഒരു കൊടുങ്കാറ്റുണ്ടായിരുന്നു. അതുമായി എനിക്ക് അന്ന് ഒരുപാട് റിലേറ്റ് ചെയ്യാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ അതില്‍ നിന്നൊക്കെ ഒരുപാട് ദൂരം മുന്നോട്ട് വന്നിരിക്കുകയാണ്. അന്ന് കാഴ്ചയുടെ ആ കഥാപാത്രവും എനിക്ക് വളരെ വലിയ അഭയമായി തോന്നിയിരുന്നു.
കാരണം സുധയിലൂടെ എനിക്ക് ഒരുപാട് കാര്യങ്ങളിലേക്ക് എത്താന്‍ പറ്റുന്നുണ്ടായിരുന്നു. കാഴ്ച എനിക്ക് ഒരു തെറാപ്പി പോലെയായിരുന്നു. നമുക്ക് ജീവിതത്തില്‍ കാണിക്കാന്‍ പറ്റാത്ത ചില കാര്യങ്ങളുണ്ടാകും. അവയൊന്നും ചിലപ്പോള്‍ നമ്മുടെ സുഹൃത്തുക്കളോടും പബ്ലിക്കിനോടും കാണിക്കാന്‍ പറ്റിയെന്ന് വരില്ല.
ഉള്ളില്‍ കൂട്ടിവെച്ചിരിക്കുന്ന പലതും ഉണ്ടാകും. അപ്പോഴാകും ‘വാ, നമുക്ക് ഒരുമിച്ച് പോയി അതിനുള്ള ഉത്തരം കണ്ടുപിടിക്കാം’ എന്ന് ഒരു കഥാപാത്രം വന്ന് പറയുന്നത്. ഇത് ഞാന്‍ പറയുമ്പോള്‍ ചിലപ്പോള്‍ വളരെ വിചിത്രമായി തോന്നാം,’ പാര്‍വതി തിരുവോത്ത് പറയുന്നു.
Content Highlight: Parvathy Thiruvoth Talks About Sudha In Kazhcha