| Thursday, 27th June 2024, 9:45 am

ബാംഗ്ലൂര്‍ ഡേയ്‌സ് കഴിഞ്ഞ് എല്ലാവരും ആ കാര്യം മറന്നു; ഞാന്‍ ഒരിക്കലും മറന്നിട്ടില്ല: പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ കരിയറിന്റെ തുടക്കകാലത്തെ കുറിച്ച് പറയുകയാണ് പാര്‍വതി തിരുവോത്ത്. തന്റെ കരിയറിന്റെ തുടക്കത്തിലെ ഏഴ് വര്‍ഷം ഒരു സിനിമയും സൂപ്പര്‍ ഹിറ്റായിരുന്നില്ലെന്നും അപ്പോള്‍ അടുത്ത സിനിമ എപ്പോള്‍ വരുമെന്നും ബില്ല് എങ്ങനെ അടക്കുമെന്നുമൊക്കെയുള്ള ചിന്തയായിരുന്നു എന്നും താരം പറയുന്നു. ഏറ്റവും പുതിയ ചിത്രമായ ഉള്ളൊഴുക്കിന്റെ ഭാഗമായി ഫിലിമി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.

‘എല്ലാവരും മറന്നു പോകുന്ന ഏരിയയാണ് കരിയറിന്റെ ആദ്യ ഘട്ടം. എന്റെ തുടക്കത്തിലെ ഏഴ് വര്‍ഷം ഒരു സിനിമയും സൂപ്പര്‍ ഹിറ്റായിരുന്നില്ല. അപ്പോള്‍ എനിക്ക് തിരിച്ചു വീട്ടില്‍ പോയാല്‍ അടുത്ത സിനിമ എപ്പോള്‍ വരും, ബില്ല് എങ്ങനെ അടക്കുമെന്നൊക്കെ ചിന്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സ് കഴിഞ്ഞ് എല്ലാവരും അതൊക്കെ മറന്നു. ഞാന്‍ അത് ഒരിക്കലും മറന്നിട്ടില്ല.

ആദ്യത്തെ ആ ഏഴ് വര്‍ഷം ഇപ്പോഴും എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. കരിയറിന്റെ തുടക്കം എപ്പോഴും മനസില്‍ ഉണ്ടാകണം. ആ സ്‌ട്രെഗിളിങ്ങിലാണ് നമ്മള്‍ നമ്മളെ പറ്റി ഏറ്റവും കൂടുതല്‍ പഠിക്കുന്നത്. ഇപ്പോഴും എനിക്ക് ഒരു സിനിമയില്‍ നിന്ന് മറ്റൊരു സിനിമ കിട്ടുന്നതിന്റെ ഇടയില്‍ ഗ്യാപ്പ് വരുമ്പോള്‍ ഞാന്‍ സത്യത്തില്‍ ഒരുപാട് ഗ്രേറ്റ്ഫുള്‍ ആണ്. കാരണം അപ്പോള്‍ എന്നെ ജീവിതം പഠിപ്പിക്കുന്ന കുറേ കാര്യങ്ങളുണ്ട്,’ പാര്‍വതി പറഞ്ഞു.

മലയാള സിനിമയില്‍ പുതുമുഖങ്ങള്‍ക്ക് മാത്രമേ ഒഡീഷന്‍ നടത്താറുള്ളൂവെന്നും എന്നാല്‍ ഇന്ത്യക്ക് പുറത്തുള്ള സിനിമകളില്‍ അങ്ങനെയല്ലെന്നും താരം അഭിമുഖത്തില്‍ പറയുന്നു. തനിക്ക് ഒഡീഷന് പോകാന്‍ ഒരു മടിയുമില്ലെന്ന് പറയുന്ന പാര്‍വതി താന്‍ ഇംഗ്ലീഷ് – ഫ്രഞ്ച് സിനിമകള്‍ക്ക് വേണ്ടി ഇപ്പോഴും ടെസ്റ്റ് കൊടുക്കാറുണ്ടെന്നും പറയുന്നു.

‘നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഒഡീഷന്‍ എന്ന ഒരു കള്‍ച്ചറില്ല. അതുള്ളത് പുതുമുഖങ്ങള്‍ക്ക് മാത്രമാണ്. പുറത്തുള്ള സിനിമകളില്‍ അങ്ങനെയല്ല. ഓസ്‌കര്‍ വിന്നിങ് ആക്ടേഴ്സ് പോലും ചില റോളുകള്‍ക്ക് ഒഡീഷന് പങ്കെടുക്കാറുണ്ട്. ആ സിനിമയുടെ ഡയറക്ടറിനൊപ്പമാണ് അത്. അവര്‍ക്ക് കഴിവുണ്ടോ എന്ന് നോക്കാനല്ല, ആ കഥാപാത്രത്തിലേക്ക് ഫിറ്റാണോ എന്ന് അറിയാനാണ്.

Also Read: എന്നെ അച്ഛനാക്കേണ്ടെന്ന് മമ്മൂക്ക; പക്ഷെ രാജമാണിക്യത്തില്‍ അദ്ദേഹത്തിന് സമ്മതിക്കേണ്ടി വന്നു: സായ് കുമാര്‍

ഞാന്‍ ഇന്റര്‍വ്യു കൊടുക്കുന്ന സമയത്ത് എന്തെങ്കിലും കോമഡി പടം ഉണ്ടെങ്കില്‍ എന്നെ വിളിച്ചാല്‍ മതിയെന്ന് ക്യാമറയിലേക്ക് നോക്കി പറയാറുണ്ട്. ആ അപേക്ഷ ഞാന്‍ ഇന്റര്‍വ്യൂവിന്റെ സമയത്ത് തന്നെ കൊടുക്കാറുണ്ട്. എനിക്ക് ഒഡീഷന്‍ കൊടുക്കാന്‍ ഒരു മടിയുമില്ല. ഞാന്‍ ഇംഗ്ലീഷ്, ഫ്രഞ്ച് പടങ്ങള്‍ക്കുമൊക്കെ ഇപ്പോഴും പോയി ടെസ്റ്റ് കൊടുക്കാറുണ്ട്.

അങ്ങനെയല്ലേ എനിക്ക് ശ്രമിക്കാന്‍ പറ്റുള്ളൂ. എനിക്ക് ആ റോള്‍ പറ്റുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ ആരെങ്കിലും ഒരാള്‍ എന്നില്‍ ആ വിശ്വാസം കാണിച്ച് ഒരു റിസ്‌ക് എടുക്കണം. ചിലപ്പോള്‍ ഞാന്‍ മുഖമടിച്ച് വീഴുമായിരിക്കും. ചിലപ്പോള്‍ എനിക്ക് പറ്റാത്തതായിരിക്കും. പക്ഷെ അതൊന്നും മുന്‍കൂട്ടി അറിയില്ലല്ലോ. ചെയ്തു നോക്കിയല്ലേ പറ്റുള്ളൂ,’ പാര്‍വതി പറഞ്ഞു.

Content Highlight: Parvathy Thiruvoth Talks About Starting Of Her Career

We use cookies to give you the best possible experience. Learn more