| Saturday, 22nd June 2024, 3:10 pm

ആ സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിന് ഞാന്‍ നോ പറഞ്ഞാല്‍ പിന്നെ എന്നെ വിളിച്ചില്ലെങ്കിലോ എന്ന പേടിയുണ്ടായിരുന്നു: പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാ രഞ്ജിത്ത് സംവിധാനം ചെയ്ത് ചിയാന്‍ വിക്രം നായകനാകുന്ന ചിത്രമാണ് തങ്കലാന്‍. സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളില്‍ ഒന്നാണ് ഇത്. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റെ (കെ.ജി.എഫ്) പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു പീരിയഡ്-ആക്ഷന്‍ ഡ്രാമയാണ് തങ്കലാന്‍.

സിനിമയില്‍ മലയാളികളുടെ പ്രിയനായിക പാര്‍വതി തിരുവോത്തും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. തങ്കലാനില്‍ ഗംഗമ്മ എന്ന കഥാപാത്രമായാണ് പാര്‍വതി എത്തുന്നത്. വളരെ ശക്തമായ വേഷങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയ പാര്‍വതിയുടെ മറ്റൊരു ശക്തമായ കഥാപാത്രം തന്നെയാകും ഈ സിനിമയിലേത്.

താന്‍ ആ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് പാര്‍വതി. സംവിധായകന്‍ പാ രഞ്ജിത്ത് മുമ്പ് തനിക്ക് രണ്ട് വര്‍ക്കുകള്‍ ഓഫര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അത് ചെയ്യാന്‍ പറ്റിയില്ലെന്നാണ് താരം പറയുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.

‘പാ രഞ്ജിത്തിന്റെ സിനിമയില്‍ വര്‍ക്ക് ചെയ്യുകയെന്നതാണ് ആദ്യ സ്റ്റെപ്പ്. കാരണം ഇതിന് മുമ്പ് അദ്ദേഹം രണ്ട് വര്‍ക്കുകള്‍ ഓഫര്‍ ചെയ്തിട്ട് എനിക്ക് അത് ചെയ്യാന്‍ പറ്റാതെ പോയിട്ടുണ്ട്. തങ്കലാനിലേക്ക് മൂന്നാം തവണയാണ് വിളിക്കുന്നത്.

ഇതും കൂടെ ഞാന്‍ എന്തെങ്കിലും കാരണവശാല്‍ നോ പറഞ്ഞാല്‍ അദ്ദേഹം പിന്നെ എന്നെ വിളിക്കില്ലെന്ന പേടിയുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ നരേഷന്‍ വേണമെന്ന് പറഞ്ഞു. അത്തരത്തില്‍ നരേഷന്‍ തരുന്ന ശീലമുള്ള ആളായിരുന്നില്ല അദ്ദേഹം. കഥാപാത്രത്തെ കുറിച്ച് മാത്രമേ പറയാറുള്ളൂ. എന്നിട്ടും അദ്ദേഹം എനിക്ക് വേണ്ടി സൂം മീറ്റില്‍ വന്ന് ആ സിനിമയുടെ ഫുള്‍ സ്‌റ്റോറി പറഞ്ഞു തന്നു.

പക്ഷെ ആ കഥാപാത്രം എന്താണെന്ന് ഞാന്‍ മനസിലാക്കുന്നത് പിന്നീട് വര്‍ക്ക് ഷോപ്പ് നടത്തിയപ്പോഴാണ്. ഗംഗമ്മാള്‍ എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. സിനിമയെ കുറിച്ച് കൂടുതലൊന്നും തന്നെ എനിക്ക് പറയാന്‍ കഴിയില്ല. പടത്തിന്റെ റിലീസ് ഇതുവരെ അനൗണ്‍സ് ചെയ്തിട്ടില്ല,’ പാര്‍വതി പറഞ്ഞു.

പതിനേഴാം നൂറ്റാണ്ടിലെ കഥയാണ് ഈ സിനിമയുടെ പശ്ചാത്തലം. ചിത്രത്തിലെ വിക്രമിന്റെ ലുക്ക് മുമ്പ് ഏറെ ചര്‍ച്ചയായതായിരുന്നു. വിക്രമിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നാകും ഇതെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

പാ രഞ്ജിത്ത്- വിക്രം കൂട്ടുകെട്ടിനെയും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്. പാര്‍വതി തിരുവോത്തിനും ചിയാന്‍ വിക്രത്തിനും പുറമെ മാളവിക, പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

തമിഴ്, ഹിന്ദി, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് തങ്കലാന്‍ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന തങ്കലാന്‍ നിര്‍മിക്കുന്നത് കെ.ഇ. ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും തങ്കലാന്‍. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.


Content Highlight: Parvathy Thiruvoth Talks About Pa Ranjith And Thangalaan Movie

We use cookies to give you the best possible experience. Learn more