|

ഞാനൊക്കെ അന്ന് സെറ്റില്‍ കരഞ്ഞിട്ടുണ്ട്; പിന്നീട് ഓരോ സിനിമ കഴിയുമ്പോഴും ഒരു കാര്യം മനസിലായി: പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ സിനിമയില്‍ വന്ന് തുടങ്ങിയ സമയത്ത് ഇന്നുള്ളത് പോലെയുള്ള സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് പാര്‍വതി തിരുവോത്ത്. മലയാള സിനിമയുടെ മാറ്റങ്ങള്‍ കാണാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഉള്ളൊഴുക്കിന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് ന്ല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.

‘ഞാന്‍ സിനിമയില്‍ വന്ന് തുടങ്ങിയ സമയത്ത് ഇന്നത്തെ പോലെയുള്ള സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ ഇന്‍ഡസ്ട്രിയുടെ ട്രാന്‍സിഷന്‍ പിരീഡ് കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. അസോസിയേഷനുമായി സംസാരിച്ച ശേഷമായിരുന്നു ഇന്നത്തെ സൗകര്യങ്ങളൊക്കെ വരുന്നത്.

പണ്ടൊക്കെ ഷോട്ടെടുത്ത് തീര്‍ക്കണമെന്ന ചിന്ത കാരണമുണ്ടാകുന്ന നമ്മളുടെ ഒരു ചുരുങ്ങലുണ്ട്. പ്രൊഡക്ഷന്റെ കോസ്റ്റ് എത്രയാകുമെന്ന് നമുക്ക് അറിയാവുന്ന കാര്യമാണല്ലോ. ആ എമ്പതി മൊത്തം നമ്മള്‍ കൊടുക്കും. പക്ഷെ പെര്‍ഫോം ചെയ്യേണ്ട ശരീരം നമ്മുടേതാണല്ലോ. അതിനെ സേഫ് ഗാര്‍ഡ് ചെയ്യുകയെന്നത് ആവശ്യമാണ്.

ആ സമയത്ത് സിനിമയില്‍ എല്ലാവരും ഒരു കുടുംബമാണെന്നൊക്കെ പറയും. അതുകൊണ്ട് ആളുകള്‍ ദേഷ്യം പിടിക്കുമ്പോഴും സങ്കടം പറയുമ്പോഴുമൊക്കെ നമ്മള്‍ ഒന്നും ചിന്തിക്കില്ല. ഞാനൊക്കെ സെറ്റില്‍ കരഞ്ഞിട്ടുണ്ട്. അതും ദേഷ്യം വന്നിട്ടാണ് കരഞ്ഞത്. എന്നെ എന്തിനാണ് ദേഷ്യം പിടിപ്പിക്കുന്നതെന്ന് പറഞ്ഞാണ് ഞാന്‍ കരയുന്നത്.

അപ്പോള്‍ ദേഷ്യമാണോ സങ്കടമാണോ പാര്‍വതിക്ക് എന്നോര്‍ത്ത് അവര്‍ ആകെ കണ്‍ഫ്യൂസ്ഡാകും. എന്നാല്‍ ഓരോ സിനിമ കഴിയുമ്പോഴും നമ്മള്‍ സംസാരിക്കുമ്പോഴാണ് നമുക്ക് ആവശ്യമുള്ളത് കിട്ടുന്നതെന്ന് എനിക്ക് മനസിലായി,’ പാര്‍വതി പറഞ്ഞു.


Content Highlight: Parvathy Thiruvoth Talks About Malayalam Industry