ബാത്ത്‌റൂം സിങ്ങറായ ഞാന്‍ പാട്ടുപഠിച്ചു; പാടുന്നത് പോലെ അഭിനയിച്ചാല്‍ മോശമാകില്ലേ: പാര്‍വതി
Entertainment
ബാത്ത്‌റൂം സിങ്ങറായ ഞാന്‍ പാട്ടുപഠിച്ചു; പാടുന്നത് പോലെ അഭിനയിച്ചാല്‍ മോശമാകില്ലേ: പാര്‍വതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th August 2024, 8:36 pm

എം.ടി. വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങിയ ആന്തോളജി ചലച്ചിത്രമാണ് ‘മനോരഥങ്ങള്‍’. ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ ‘കാഴ്ച’ സിനിമയാകുമ്പോള്‍ നായികയായ സുധയായി എത്തുന്നത് പാര്‍വതി തിരുവോത്താണ്. ഇപ്പോള്‍ കാഴ്ചയെ കുറിച്ച് പറയുകയാണ് പാര്‍വതി. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘കാഴ്ച വായിച്ചാല്‍ കുറച്ചു നേരത്തേക്ക് വള്ളുവനാടന്‍ ഭാഷ സംസാരിച്ചു പോകുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ഈ സിനിമക്കായി ശ്യാം സാറുമായി നടന്ന ഡിസ്‌ക്കഷനില്‍ ആദ്യം തന്നെ തീരുമാനിച്ച ഒരു കാര്യമുണ്ടായിരുന്നു. കാഴ്ച ഒരു തവണ മാത്രം വായിക്കുക എന്നതായിരുന്നു അത്. ഒരു തവണ ഞാന്‍ വായിച്ചു, അത് കഴിഞ്ഞ് ഞാന്‍ പിന്നെ വായിച്ചില്ല.

അങ്ങനെ ഒരു തീരുമാനത്തിന് പിന്നില്‍ ചില കാരണങ്ങളുണ്ടായിരുന്നു. ഒന്നാമത്തെ കാരണം ഞാന്‍ അതില്‍ ഓവര്‍ അറ്റാച്ച്ഡ് ആയി പോകുമെന്നതായിരുന്നു. ഒരു തവണ വായിച്ച ശേഷം പിന്നെ ശ്യാം സാറിന്റെ ഗൈഡന്‍സില്‍ മുന്നോട്ട് പോകുമെന്ന ചിന്തയിലായിരുന്നു ഞാന്‍. സാധാരണ ടെക്‌സ്റ്റ് ബേസ് ചെയ്താണ് ഒരു സിനിമയുടെ സ്‌ക്രിപ്‌റ്റെങ്കില്‍ ടെക്സ്റ്റും സ്‌ക്രിപ്റ്റും വായിക്കേണ്ടി വരും.

പക്ഷെ കാഴ്ചയില്‍ അങ്ങനെ ആയിരുന്നില്ല. ഞാനും ശ്യാം സാറും വര്‍ക്ക് ചെയ്ത് തുടങ്ങിയതിന് ശേഷമുള്ള സംസാരത്തിലാണ് എല്ലാമുള്ളത്. അതുകൊണ്ട് എനിക്ക് പ്രഷറ് കുറവായിരുന്നു. എം.ടി. സാറിന്റെ കൃതിയിലെ ഒരു സ്ത്രീ കഥാപാത്രത്തെ ഏറ്റെടുക്കുമ്പോള്‍ അതിന്റെ പേടി എനിക്ക് ഉണ്ടായിരുന്നില്ല.

സുധക്കുട്ടി ശരിക്കുമുള്ള ഒരു സ്ത്രീയാണ് എന്ന നിലയിലാണ് ഞാന്‍ കണ്ടത്. അവരെ ഞാന്‍ അറിയാന്‍ ശ്രമിക്കുകയായിരുന്നു. എന്നെ ആ വഴിയിലൂടെ കൊണ്ടുപോയത് ശ്യാം സാറായിരുന്നു. അതുകൊണ്ട് കണ്ണും പൂട്ടിയുള്ള സമര്‍പ്പണമായിരുന്നു. എന്നെ പോലെയായിരുന്നില്ല ശരിക്കും സുധക്കുട്ടി ഉണ്ടായിരുന്നത്. സംഗീതത്തിന് അവള്‍ക്കുള്ള അടുപ്പം പോലും അങ്ങനെ ആയിരുന്നു.

സംഗീതത്തിന് വേണ്ടി എനിക്ക് ട്രെയ്‌നിങ് ആവശ്യമായി വന്നു. ശ്യാം സാര്‍ എനിക്ക് അതിന്റെ ട്രാക്കുകള്‍ അയച്ചു തരുന്നുണ്ടായിരുന്നു. എന്നെ ഇന്ദു ചേച്ചി പാട്ടുപഠിപ്പിച്ചു തന്നു. കാരണം പാട്ട് പാടുന്നത് പോലെ അഭിനയിച്ചാല്‍ മോശമാകില്ലേ. ഞാന്‍ ആണെങ്കില്‍ ഒരു ബാത്ത്‌റൂം സിങ്ങിങ് മാത്രം അറിയുന്ന ആളാണ്. പക്ഷെ സുധ അങ്ങനെയല്ല,’ പാര്‍വതി തിരുവോത്ത് പറഞ്ഞു.


Content Highlight: Parvathy Thiruvoth Talks About Kazhcha