എന്തുകൊണ്ട് പൊലീസില്‍ പോകുന്നില്ലെന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് തിരിച്ചൊരു ചോദ്യമുണ്ട്: പാര്‍വതി തിരുവോത്ത്
കഴിഞ്ഞ ദിവസമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നത്. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമായിരുന്നു പുറത്തുവിട്ടത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. എന്തുകൊണ്ട് പൊലീസില്‍ പോകുന്നില്ല എന്ന ഗവണ്‍മെന്റിന്റെ ചോദ്യത്തിനും പാര്‍വതി പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു നടി.
‘ഇപ്പോള്‍ ഗവണ്‍മെന്റില്‍ നിന്ന് ചോദ്യം വരികയാണ്, എന്തുകൊണ്ട് നിങ്ങള്‍ പൊലീസില്‍ പോകുന്നില്ല എന്ന്. അങ്ങനെ ചോദിക്കുമ്പോഴാണ് ഇനി ആ പണിയും നമ്മളാണോ ചെയ്യേണ്ടത് എന്ന് തിരിച്ചു ചോദിക്കാനുള്ളത്.
ഇതിന് മുമ്പ് വന്നിട്ടുള്ള റിപ്പോര്‍ട്ടിന് അല്ലെങ്കില്‍ കേസ് കൊടുക്കലിന് ശേഷം എത്ര ആളുകള്‍ക്കാണ് ഇവിടെ നീതി ലഭിച്ചിട്ടുള്ളത്. അപ്പോള്‍ എന്തിന്റെ ബേസിസിലാണ് ആ വിശ്വാസം നിങ്ങള്‍ നമ്മളില്‍ നിന്ന് ഡിമാന്റ് ചെയ്യുന്നത്,’ പാര്‍വതി തിരുവോത്ത് പറഞ്ഞു.
സ്ത്രീകളുടെ തുല്യതക്കുള്ള അവകാശമെന്ന് കേട്ടാല്‍ തന്നെ ചിലര്‍ക്ക് കാത് കേള്‍ക്കുന്നത് കുറയുമെന്നും പാര്‍വതി പറയുന്നു. എല്ലായിടത്തും അങ്ങനെയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘ഏത് ഫൈറ്റില്‍ നോക്കുകയാണെങ്കിലും സ്ത്രീകളുടെ തുല്യതക്കുള്ള അവകാശം എന്ന് പറയുമ്പോള്‍ തന്നെ ചിലര്‍ക്ക് കാത് കേള്‍ക്കുന്നത് കുറയും. എവിടെ നോക്കുകയാണെങ്കിലും അങ്ങനെ തന്നെയാണ്. ചില സമയങ്ങളില്‍ ‘അയ്യോ, ദേ പിന്നെയും പറഞ്ഞു തുടങ്ങി’ എന്നാണ് പലരും പറയാറുള്ളത്. അവര് ഒരു ബുദ്ധിമുട്ടായാണ് കാണുന്നത്. സ്ത്രീകളുടെ തുല്യത കൊണ്ട് ഗുണം മാത്രമേ ഉണ്ടാകുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം,’ പാര്‍വതി തിരുവോത്ത് പറഞ്ഞു.
Content Highlight: Parvathy Thiruvoth Talks About Hema Commission Report