മലയാള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ എത്തിയ ഉള്ളൊഴുക്ക്. കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററി ഒരുക്കിയ സംവിധായകനാണ് ക്രിസ്റ്റോ. ബോളിവുഡിലെ വലിയ പ്രൊഡക്ഷന്‍ കമ്പനികളില്‍ ഒന്നായ റോണി സ്‌ക്രൂവാലയായിരുന്നു ഉള്ളൊഴുക്ക് നിര്‍മിച്ചത്.
ജൂണ്‍ 21ന് തിയേറ്ററുകളില്‍ എത്തിയ സിനിമയില്‍ ഉര്‍വശിയോടൊപ്പം അഞ്ചുവെന്ന ശക്തമായ കഥാപാത്രമായി പാര്‍വതി തിരുവോത്തും എത്തിയിരുന്നു. അഭിനയം കൊണ്ട് മികച്ച് നിന്ന കഥാപാത്രം തന്നെയായിരുന്നു പാര്‍വതിയുടേത്. ഉള്ളൊഴുക്ക് ചെയ്ത അതേവര്‍ഷം തന്നെ താന്‍ വേറെയും മൂന്ന് സിനിമകള്‍ ചെയ്തിട്ടുണ്ടെന്നാണ് താരം പറയുന്നത്.
സിനിമയുടെ ഭാഗമായി റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി. താന്‍ മുമ്പ് അങ്ങനെയുള്ള ആളായിരുന്നില്ലെന്നും ഒരു കഥാപാത്രവുമായി ഇമോഷണലി കണക്ടായ ശേഷം അതില്‍ നിന്ന് ഡിറ്റാച്ച്ഡാകാന്‍ സമയമെടുക്കുമെന്നും താരം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
‘ഒരു കഥാപാത്രവുമായി ഇമോഷണലി കണക്ടായ ശേഷം അതില്‍ നിന്ന് ഡിറ്റാച്ച്ഡാകാന്‍ ആദ്യമൊക്കെ സമയമെടുക്കുമായിരുന്നു. പണ്ടും ഇപ്പോഴും ഞാന്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. ഒരു സിനിമ കഴിഞ്ഞാല്‍ ഞാന്‍ മൂന്നോ നാലോ മാസം വേറെ സിനിമ പെട്ടെന്ന് തുടങ്ങില്ല. അതായത് എനിക്ക് സ്വയം തീരുമാനിക്കാന്‍ പറ്റുന്ന സാഹചര്യമാണെങ്കില്‍ ഇന്നും ഞാന്‍ അത് ചെയ്യാറുണ്ട്.
കൊവിഡ് കഴിഞ്ഞപ്പോഴാണ് പെട്ടെന്ന് കുറേ സിനിമകള്‍ വന്നതും കുറേ സിനിമകള്‍ ഓണായതും. ഉള്ളൊഴുക്ക് ചെയ്ത അതേവര്‍ഷം തന്നെ ഞാന്‍ വേറെ മൂന്ന് സിനിമകള്‍ ചെയ്തിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ. ഒരു വര്‍ഷത്തില്‍ നാല് കഥാപാത്രങ്ങള്‍ അഭിനയിക്കുകയെന്ന് പറയുന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. എനിക്ക് പിന്നെ ഒരു അഞ്ച് വര്‍ഷം ബ്രേക്ക് വേണ്ട കാര്യമാണ്. കാരണം അത് കഴിഞ്ഞാല്‍ ഞാന്‍ ആകെ ടയേഡാണ്.
ഞാന്‍ സത്യത്തില്‍ ഒരു വര്‍ഷം ഇത്രയധികം സിനിമകളില്‍ വര്‍ക്ക് ചെയ്യുന്ന ആളല്ല. വര്‍ഷത്തില്‍ രണ്ട് സിനിമകള്‍ മാത്രം ചെയ്ത് പോയ ആള്‍ പിന്നെ നാല് മുതല്‍ അഞ്ച് വരെ സിനിമകള്‍ ചെയ്യേണ്ടി വരികയാണ്. പ്രൊഡക്ഷന്റെ ആംഗിളില്‍ നോക്കുകയാണെങ്കില്‍ അങ്ങനെയേ ചെയ്യാന്‍ പറ്റുള്ളൂ.
കൊവിഡ് കഴിഞ്ഞ് ഇന്‍ഡസ്ട്രി വീണ്ടും കിക്ക് സ്റ്റാര്‍ട്ട് ചെയ്യേണ്ട സമയമായിരുന്നു. അങ്ങനെ എല്ലാ പ്രൊജക്ടും ഓണായി. അതുകൊണ്ടാകും ഒരു കഥാപാത്രത്തില്‍ നിന്ന് അടുത്തതിലേക്ക് എളുപ്പത്തില്‍ മാറാന്‍ ഞാന്‍ പഠിച്ചത്. അല്ലെങ്കില്‍ പണ്ടൊക്കെ ആ കഥാപാത്രത്തില്‍ നിന്ന് പതുക്കെയേ പുറത്തുവരികയുള്ളു,’ പാര്‍വതി തിരുവോത്ത് പറഞ്ഞു.
Content Highlight: Parvathy Thiruvoth Talks About Doing Films Continuously