മലയാള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഉള്ളൊഴുക്ക്. കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്റ്റോ ടോമിയാണ് ഈ സിനിമ സംവിധാനം ചെയ്തത്. ബോളിവുഡിലെ വലിയ പ്രൊഡക്ഷന്‍ കമ്പനികളില്‍ ഒന്നായ റോണി സ്‌ക്രൂവാല നിര്‍മിച്ച ഉള്ളൊഴുക്ക് ജൂണ്‍ 21നായിരുന്നു തിയേറ്ററുകളില്‍ എത്തിയത്.
ഉര്‍വശി ഗംഭീരമായ അഭിനയം കൊണ്ട് വിസ്മയിപ്പിച്ച സിനിമ കൂടെയായിരുന്നു ഇത്. ചിത്രത്തില്‍ അഞ്ചുവെന്ന കഥാപാത്രമായി പാര്‍വതി തിരുവോത്തും എത്തിയിരുന്നു. അഭിനയം കൊണ്ട് മികച്ച് നിന്ന കഥാപാത്രം തന്നെയായിരുന്നു പാര്‍വതി അവതരിപ്പിച്ച അഞ്ചുവിന്റേത്. ഉള്ളൊഴുക്കിലെ അഞ്ചു കൃത്യ സമയത്താണ് തന്നിലേക്ക് വന്നതെന്നാണ് താരം പറയുന്നത്.
സിനിമയുടെ ഭാഗമായി റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി. ഒരാള്‍ക്ക് എത്രത്തോളം ജീവിതാനുഭവമാണോ ഉള്ളത് അത്രമാത്രമേ ഒരു സിനിമയിലെ കഥാപാത്രത്തിലേക്ക് കൊടുക്കാന്‍ സാധിക്കുള്ളുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ചാര്‍ളി ഉള്‍പ്പെടെയുള്ള സിനിമകള്‍ ഇപ്പോഴാണ് തനിക്ക് ലഭിക്കുന്നതെങ്കില്‍ താന്‍ അഭിനയിക്കുന്നത് മറ്റൊരു രീതിയിലാകുമെന്നും പാര്‍വതി പറയുന്നു.
‘എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമ ഷൂട്ട് ചെയ്യുന്നത് 2015ലാണെന്നാണ് എനിക്ക് തോന്നുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അത്. ആ സിനിമയുടെ സമയത്തുള്ള ഞാനല്ല ഇപ്പോഴുള്ളത്. നമുക്ക് എത്രത്തോളം ജീവിതാനുഭവമാണോ ഉള്ളത് അത്രമാത്രമേ ഒരു സിനിമയിലെ കഥാപാത്രത്തിലേക്ക് കൊടുക്കാന്‍ സാധിക്കുള്ളു. അനുഭവങ്ങള്‍ കൂടുന്നതിന് അനുസരിച്ച് അല്ലെങ്കില്‍ വേദന കൂടുന്നതിന് അനുസരിച്ച് നമുക്ക് കഥാപാത്രങ്ങളെ കുറച്ചു കൂടെ മനസിലാക്കാന്‍ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.
ഉയരെയിലെ കഥാപാത്രമാണെങ്കിലും ടേക്ക് ഓഫിലെ സമീറയാണെങ്കിലും എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാല ആണെങ്കിലും ചാര്‍ളിയിലെ ടെസയാണെങ്കില്‍ പോലും അങ്ങനെയാണ്. ചാര്‍ളിയൊക്കെ ഇപ്പോഴാണ് എനിക്ക് വരുന്നതെങ്കില്‍ ഞാന്‍ അഭിനയിക്കുന്നത് മറ്റൊരു രീതിയിലാകും. അതുകൊണ്ടാകും ഉള്ളൊഴുക്കിലെ അഞ്ചു കൃത്യ സമയത്താണ് വന്നതെന്ന് എനിക്ക് തോന്നുന്നത്,’ പാര്‍വതി തിരുവോത്ത് പറയുന്നു.
Content Highlight: Parvathy Thiruvoth Talks About Charlie Movie