മലയാള സിനിമയില്‍ പലപ്പോഴും പുതുമുഖങ്ങള്‍ക്ക് മാത്രമേ ഒഡീഷന്‍ നടത്താറുള്ളൂവെന്ന് പറയുകയാണ് പാര്‍വതി തിരുവോത്ത്. എന്നാല്‍ ഇന്ത്യക്ക് പുറത്തുള്ള സിനിമകളില്‍ അങ്ങനെയല്ലെന്നും ഓസ്‌കര്‍ വിജയികളായവര്‍ പോലും ഒഡീഷന് പങ്കെടുക്കുമെന്നും താരം പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഉള്ളൊഴുക്കിന്റെ ഭാഗമായി ഫിലിമി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.
കഴിവുണ്ടോ എന്ന് നോക്കാനല്ല ഒഡീഷന്‍ ചെയ്യുന്നതെന്നും ആ കഥാപാത്രത്തിലേക്ക് യോജിക്കുമോയെന്ന് അറിയാനാണെന്നും താരം കൂട്ടിച്ചേര്‍ത്തു. തനിക്ക് ഒഡീഷന് പോകാന്‍ മടിയുമില്ലെന്ന് പറയുന്ന പാര്‍വതി താന്‍ ഇംഗ്ലീഷ് – ഫ്രഞ്ച് സിനിമകള്‍ക്ക് വേണ്ടി ഇപ്പോഴും ടെസ്റ്റ് കൊടുക്കാറുണ്ടെന്നും പറയുന്നു.
‘നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഒഡീഷന്‍ എന്ന ഒരു കള്‍ച്ചറില്ല. അതുള്ളത് പുതുമുഖങ്ങള്‍ക്ക് മാത്രമാണ്. പുറത്തുള്ള സിനിമകളില്‍ അങ്ങനെയല്ല. ഓസ്‌കര്‍ വിന്നിങ് ആക്ടേഴ്‌സ് പോലും ചില റോളുകള്‍ക്ക് ഒഡീഷന് പങ്കെടുക്കാറുണ്ട്. ആ സിനിമയുടെ ഡയറക്ടറിനൊപ്പമാണ് അത്. അവര്‍ക്ക് കഴിവുണ്ടോ എന്ന് നോക്കാനല്ല, ആ കഥാപാത്രത്തിലേക്ക് ഫിറ്റാണോ എന്ന് അറിയാനാണ്.
ഞാന്‍ ഇന്റര്‍വ്യു കൊടുക്കുന്ന സമയത്ത് എന്തെങ്കിലും കോമഡി പടം ഉണ്ടെങ്കില്‍ എന്നെ വിളിച്ചാല്‍ മതിയെന്ന് ക്യാമറയിലേക്ക് നോക്കി പറയാറുണ്ട്. ആ അപേക്ഷ ഞാന്‍ ഇന്റര്‍വ്യൂവിന്റെ സമയത്ത് തന്നെ കൊടുക്കാറുണ്ട്. എനിക്ക് ഒഡീഷന്‍ കൊടുക്കാന്‍ ഒരു മടിയുമില്ല. ഞാന്‍ ഇംഗ്ലീഷ്, ഫ്രഞ്ച് പടങ്ങള്‍ക്കുമൊക്കെ ഇപ്പോഴും പോയി ടെസ്റ്റ് കൊടുക്കാറുണ്ട്.
അങ്ങനെയല്ലേ എനിക്ക് ശ്രമിക്കാന്‍ പറ്റുള്ളൂ. എനിക്ക് ആ റോള്‍ പറ്റുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ ആരെങ്കിലും ഒരാള്‍ എന്നില്‍ ആ വിശ്വാസം കാണിച്ച് ഒരു റിസ്‌ക് എടുക്കണം. ചിലപ്പോള്‍ ഞാന്‍ മുഖമടിച്ച് വീഴുമായിരിക്കും. ചിലപ്പോള്‍ എനിക്ക് പറ്റാത്തതായിരിക്കും. പക്ഷെ അതൊന്നും മുന്‍കൂട്ടി അറിയില്ലല്ലോ. ചെയ്തു നോക്കിയല്ലേ പറ്റുള്ളൂ,’ പാര്‍വതി പറഞ്ഞു.
Content Highlight: Parvathy Thiruvoth Talks About Audition In Movies