| Monday, 17th June 2024, 9:25 am

മലയാള സിനിമയിലെ സ്ത്രീകൾ എവിടെയെന്ന് ആദ്യം ചോദിച്ചത് ഞാനോ മറ്റൊരു ആക്ടറോ അല്ല, അവരാണ്, അത് തന്നെ ഒരു വിജയമാണ്: പാർവതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് പാര്‍വതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടുകയും ദേശീയ അവാര്‍ഡില്‍ ജൂറിയുടെ സ്‌പെഷ്യല്‍ മെന്‍ഷന്‍ നേടുകയും ചെയ്ത താരമാണ് പാര്‍വതി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ സിനിമകളിലും പാര്‍വതി അഭിനയിച്ചു.

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ഉള്ളൊഴുക്ക് എന്ന ചിത്രമാണ് പാർവതിയുടെ പുതിയ ചിത്രം. ഉർവശിയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.

മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നു എന്നതിനെ കുറിച്ച് വലിയ രീതിയിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഈയിടെ മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, ആവേശം എന്നീ സിനിമകളിലൊന്നും ശക്തരായ സ്ത്രീ കഥാപാത്രങ്ങൾ ഇല്ലെന്ന് ചില വിമർശനങ്ങൾ ഉയർന്നിരുന്നു.

വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് പാർവതി. താനോ മറ്റൊരു അഭിനേതാവോ വിഷയത്തെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് മാധ്യമങ്ങളാണ് അത് ശ്രദ്ധിച്ചതെന്നും അതൊരുപാട് സന്തോഷം നൽകുന്നുണ്ടെന്നും പാർവതി പറയുന്നു. ഒരു ഏഴു വർഷം മുമ്പ് ഇങ്ങനെയൊരു ചോദ്യം ആരും ചോദിക്കില്ലെന്നും പാർവതി പറഞ്ഞു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു പാർവതി.

‘എനിക്ക് ഈ ഒരു വിഷയത്തിൽ പറയാനുള്ളതും സന്തോഷം തോന്നിയതുമായ ഒരു കാര്യമുണ്ട്. സ്ത്രീകളെവിടെ എന്നു ചോദിച്ചത്, ഞാനോ മറ്റൊരു ആക്ട‌റോ ഇൻഡസ്ട്രിയിൽ ഉള്ള ആരുമല്ല. ചോദ്യം ഇവിടത്തെ മാധ്യമങ്ങളുടേതായിരുന്നു. അതു തന്നെ ഒരു വിജയമാണ്. കാരണം ഏഴു വർഷം മുൻപ് ഈ ചോദ്യം ഉണ്ടാകില്ലായിരുന്നു. ആ രീതിയിൽ ആലോചിക്കുമ്പോൾ എനിക്കു നല്ല സന്തോഷമുണ്ട്.

കാരണം ആ ചോദ്യം തന്നെ ഉത്തരമാണ്. ‘സ്ത്രീകൾ എവിടെ’ ‘നോ വിമൺ’ എന്നാണ് നിങ്ങൾക്കു തോന്നുന്നതെങ്കിൽ അതൊരു സത്യമാണ്, ചിന്തമാത്രമല്ല. ഭ്രമമല്ല, ഫാക്ട് ആണത്. പക്ഷേ സ്ത്രീകൾ ഇവിടെയുണ്ട്, അവർ കാനിൽ ഉണ്ട്. അവർ മറ്റൊരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. അവസരങ്ങൾ ഉള്ളയിടത്തൊക്കെ അവരുണ്ട്. അല്ലെങ്കിൽ അവസരങ്ങൾ ഉണ്ടാക്കിയെടുക്കുന്നുമുണ്ട്,’പാർവതി പറയുന്നു.

Content Highlight: Parvathy Thiruvoth Talk About Women Predominance In Malayalam Cinema

We use cookies to give you the best possible experience. Learn more