മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. പാർവതിയും നടി ഉർവശിയും പ്രധാന വേഷത്തിൽ എത്തുന്ന ഉള്ളോഴുക്ക് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മലയാള സിനിമക്ക് ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുള്ള നടിയാണ് ഉർവശി.
വർഷങ്ങളായി മലയാളത്തിൽ നിറഞ്ഞ് നിൽക്കുന്ന ഉർവശി ഇന്നും മലയാള സിനിമയിൽ സജീവമാണ്. ഉള്ളൊഴുക്കിൽ ഉർവശിക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് പാർവതി.
ഉള്ളൊഴുക്കിൽ അഭിനയിക്കുമ്പോൾ ഏറ്റവും സന്തോഷം തോന്നിയത് ഉർവശിയോടൊപ്പം അഭിനയിക്കുന്നതിൽ ആയിരുന്നുവെന്നും അത്രയും റേഞ്ചുള്ള മറ്റൊരു നടിയില്ലെന്നും പാർവതി പറയുന്നു. ഉർവശിയോട് ആരാധന തോന്നിയിട്ടുണ്ടെന്നും ചില സീനുകളിൽ അഭിനയിക്കുമ്പോൾ പേടി തോന്നിയിട്ടുണ്ടെന്നും പാർവതി പറഞ്ഞു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു താരം.
‘ഈ സിനിമയിൽ എനിക്കേറ്റവും സന്തോഷമുള്ള കാര്യം ഉർവശി ചേച്ചിയുടെ സാന്നിധ്യമാണ്. അത്രയും റേഞ്ചിൽ ചെയ്‌തിട്ടുള്ള മറ്റൊരു നടിയില്ല എന്നാണ് എൻ്റെ അഭിപ്രായം. വളരെ നല്ല ഒരു വ്യക്തി കൂടിയാണ്.
അത്ര ശുദ്ധമായ ചിന്തയുള്ളയാൾ, എനിക്കതിൽ ആരാധന തോന്നിയിട്ടുണ്ട്. ചേച്ചിക്കൊപ്പം സീനുകൾ ചെയ്യുന്ന സമയത്ത് പലപ്പോഴും ഞാൻ നെർവസ് ആയി.
പുതുതായി സിനിമയിലേക്കു വരുന്നതു പോലെ കൗതുകവും എക്സൈറ്റ്‌മെന്റും എല്ലാം തോന്നി. അതേസമയം ചിൽ ആയിരിക്കാനും റിലാക്‌സ് ആകാനും പഠിച്ചതും ചേച്ചിയെ കണ്ടാണ്.
കഥയെപ്പറ്റിയും കഥാപാത്രത്തെപ്പറ്റിയും പണ്ടു ചെയ്ത സിനിമകളിലെ അനുഭവങ്ങളെയും അഭിനയ മുഹൂർത്തത്തെ പറ്റിയും സംസാരിച്ചു,’ പാർവതി പറയുന്നു.
Content Highlight: Parvathy Thiruvoth Talk About Urvashy