| Wednesday, 4th September 2024, 12:54 pm

ആ സീനുകൾ വന്നില്ലെങ്കിലും എനിക്ക് കുഴപ്പമില്ല, അതെന്റെ മാത്രം രഹസ്യമായി കൂടെയുണ്ടാവും: പാർവതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഔട്ട്‌ ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ നടിയാണ് പാർവതി തിരുവോത്ത്. നോട്ട് ബുക്ക് എന്ന സിനിമയിലൂടെയാണ് പാർവതി കൂടുതൽ ശ്രദ്ധ നേടുന്നത്. പിന്നീട് അന്യഭാഷകളിലും പാർവതി സജീവമായി.

എന്ന് നിന്റെ മൊയ്‌തീൻ, ഉയരെ, ടേക്ക് ഓഫ് തുടങ്ങിയ സിനിമകളിലെ പാർവതിയുടെ പ്രകടനം വലിയ രീതിയിൽ കയ്യടി നേടിയിരുന്നു. ഏറ്റവും ഒടുവിലിറങ്ങിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലും മികച്ച പ്രകടനമായിരുന്നു പാർവതി കാഴ്ച്ചവെച്ചത്.

ഒരു സിനിമയുടെ എല്ലാ വർക്കും കഴിഞ്ഞ ശേഷം അതിൽ നിന്ന് തന്റെ സീനുകൾ കട്ടായി പോയാലും ഒരു പ്രശ്നവുമില്ലെന്നാണ് പാർവതി പറയുന്നത്. സിനിമയുടെ ഫൈനൽ ഔട്ട്‌ എന്താണ് എന്നത് തന്റെ ബിസിനസ് അല്ലെന്നും അതെല്ലാം ഫിലിം മേക്കർ നോക്കേണ്ട കാര്യമാണെന്നും പാർവതി പറഞ്ഞു.

കഥാപാത്രമായി അഭിനയിക്കുമ്പോൾ ആ റിയാലിറ്റി താൻ അറിഞ്ഞു കഴിഞ്ഞെന്നും ഒരു നടിയെന്ന നിലയിൽ അത് മാത്രമേ ആവശ്യമുള്ളുവെന്നും പാർവതി പറഞ്ഞു. ലീഫി സ്റ്റോറീസിനോട് സംസാരിക്കുകയായിരുന്നു പാർവതി.

‘എഡിറ്റിങ്ങും പോസ്റ്റ്‌ പ്രൊഡക്ഷനുമൊക്കെ കഴിഞ്ഞ് ഫൈനൽ ഔട്ട്‌ പുട്ടായി പടം മുഴുവനായി പുറത്തുവരുമ്പോൾ അതിൽ എന്തുണ്ടാവും എന്നതൊന്നും എന്റെ ബിസിനസല്ല. അതിൽ എനിക്കൊന്നും ചെയ്യാനില്ല. അത് സംവിധായകന്റെ മാത്രം വിഷനാണ്.

പ്രൊഡ്യൂസറും ഡയറക്ടറും കൂടെ ചേർന്നിട്ട്, ഇത് പറഞ്ഞാൽ മതി, ഇത്രയും അറിഞ്ഞാൽ മതി ആളുകൾ എന്ന് തീരുമാനിക്കുകയാണ്. പക്ഷെ അതെന്റെ എക്സ്പീരിയൻസ് കുറയ്ക്കുന്നില്ല. അതുകൊണ്ട് അവസാനം എന്റെ എത്ര സീൻ കട്ടായാലും ഞാൻ ഓക്കെയാണ്.

കാരണം എന്റെ റിയാലിറ്റിയിൽ കഥാപാത്രമായി ഞാനത് അനുഭവിച്ചു കഴിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് അതെന്റെ മാത്രം രഹസ്യമായി എപ്പോഴും എന്റെ കൂടെയുണ്ടാവും. അത് വന്നാലും ഇല്ലെങ്കിലും എനിക്കൊരു പ്രശ്നവുമില്ല. അഭിനയിക്കുക, എൻജോയ് ചെയ്യുക, പിന്നെ അതിനെ വെറുതെ വിടുക,’പാർവതി പറയുന്നു.

Content Highlight: Parvathy Thiruvoth Talk About Her Films

We use cookies to give you the best possible experience. Learn more