മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. പാർവതിയും നടി ഉർവശിയും പ്രധാന വേഷത്തിൽ എത്തുന്ന ഉള്ളോഴുക്ക് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മലയാള സിനിമക്ക് ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുള്ള നടിയാണ് ഉർവശി.
വർഷങ്ങളായി മലയാളത്തിൽ നിറഞ്ഞ് നിൽക്കുന്ന ഉർവശി ഇന്നും മലയാള സിനിമയിൽ സജീവമാണ്. ഉള്ളൊഴുക്കിൽ ഉർവശിക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് പാർവതി.
താൻ നന്നായി ചോദ്യങ്ങളും സംശയങ്ങളും ചോദിക്കുന്ന ഒരാളാണെന്നും എന്നാൽ തന്നെക്കാൾ ചോദ്യങ്ങൾ ചോദിക്കുന്ന ആളാണ് ഉർവശിയെന്നും പാർവതി പറയുന്നു.
സിനിമയിൽ എത്രയോ വർഷത്തെ അനുഭവങ്ങൾ ഉള്ള ആളാണ് ഉർവശിയെന്നും എന്നാൽ ആ പരിഗണന നമ്മൾ നൽകുന്നുണ്ടോ എന്നത് ചോദ്യമാണെന്നും പാർവതി പറഞ്ഞു. റെഡ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.
‘എനിക്ക് ഇഷ്ടപ്പെട്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ, ഉർവശി ചേച്ചി എന്നേക്കാൾ നന്നായി ചോദ്യം ചോദിക്കുന്ന ഒരാളാണ്. പണ്ട് എപ്പോഴും എല്ലാവരും പറയുമായിരുന്നു ഞാൻ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുമെന്ന്.
പക്ഷെ ഉർവശി ചേച്ചി അതിനേക്കാൾ കൂടുതൽ ചോദിക്കും. അത് ഒരിക്കലും മോശമായിട്ട് ഒന്നും ചോദിക്കുന്നതല്ല. ഉർവശി ചേച്ചിക്ക് തോന്നുമ്പോൾ ചോദിക്കുന്നതാണ്. അതെന്താ ഇങ്ങനെ, ഇതെന്തിനാ അങ്ങനെ പറയുന്നത് എന്നൊക്കെ.
ഉർവശി ചേച്ചി എത്രയോ വർഷത്തെ എക്സ്പീരിയൻസുണ്ട് സിനിമയിൽ. അതായത് മലയാള സിനിമയുടെ ഗോൾഡൻ ഏജ് മുതൽ ഉർവശി ചേച്ചി ഇവിടെയുണ്ട്. എനിക്ക് തോന്നുന്നില്ല ഉർവശി ചേച്ചിക്ക് നമ്മൾ കൊടുക്കേണ്ട അത്ര പരിഗണന നൽകിയിട്ടില്ലെന്ന്,’പാർവതി പറയുന്നു.
അതേസമയം കറി ആൻഡ് സൈനേഡ് എന്ന ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്റ്റോ ടോമിയാണ് ഉള്ളൊഴുക്ക് ഒരുക്കുന്നത്. ചിത്രം 21ന് തിയേറ്ററുകളിൽ എത്തും. സുഷിൻ ശ്യാം സംഗീതം ചെയ്യുന്ന അടുത്ത ചിത്രമെന്ന പ്രത്യേകത കൂടി ഉള്ളൊഴുക്കിനുണ്ട്.
Content Highlight: Parvathy Thiruvoth Talk About Experience With Urvashi In ULLOZHUKK Movie