| Tuesday, 9th February 2021, 7:38 pm

പാര്‍വതി തിരുവോത്ത് നായികയാകുന്ന 'വര്‍ത്തമാനം' റിലീസ് തിയ്യതി മാറ്റി; റിലീസ് മാര്‍ച്ചില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: പാര്‍വതിയെ നായികയാക്കി സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത പുതിയ ചിത്രം വര്‍ത്തമാനത്തിന്റെ റിലീസ് മാറ്റി. മാര്‍ച്ച് 12 നായിരിക്കും ചിത്രം റിലീസ് ചെയ്യുക.

നേരത്തെ ഫെബ്രുവരി അവസാന വാരം ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആര്യാടന്‍ ഷൗക്കത്താണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറും ആര്യാടന്‍ ഷൗക്കത്തുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ദല്‍ഹിയിലെത്തുന്ന ‘ഫൈസാ സൂഫിയ’ എന്ന വിദ്യാര്‍ത്ഥിയായിട്ടാണ് പാര്‍വതി ചിത്രത്തില്‍ അഭിനയിക്കുന്നത്.

ദല്‍ഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് ‘വര്‍ത്തമാനം’ ചിത്രീകരിച്ചത്. നേരത്തെ സിനിമക്ക് കേരള സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത് വിവാദം ആയിരുന്നു.

ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചിരുന്നത്. പാര്‍വതി തിരുവോത്തിനെ കൂടാതെ റോഷന്‍ മാത്യുവും സിദ്ദീഖുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്യാമറ – അഴകപ്പന്‍, ഗാനരചന – റഫീക് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍, പശ്ചാത്തല സംഗീതം – ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഡിക്‌സന്‍ പൊടുത്താസ്, പി.ആര്‍.ഒ. – പി.ആര്‍.സുമേരന്‍

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Parvathy Thiruvoth starrer ‘Varthamanam’ release date changed; Released in March

We use cookies to give you the best possible experience. Learn more