അതിന് ഞാന്‍ എവിടെയും പോയിട്ടില്ല; എല്ലാവരും അപ്പോള്‍ വിചാരിക്കുന്നത് സിനിമ നിര്‍ത്തിയെന്നാണ്: പാര്‍വതി
Entertainment
അതിന് ഞാന്‍ എവിടെയും പോയിട്ടില്ല; എല്ലാവരും അപ്പോള്‍ വിചാരിക്കുന്നത് സിനിമ നിര്‍ത്തിയെന്നാണ്: പാര്‍വതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th June 2024, 5:08 pm

മലയാള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ക്രിസ്റ്റോ ടോമി ഒരുക്കിയ ഉള്ളൊഴുക്ക്. ഉര്‍വശി ഗംഭീരമായ അഭിനയം കൊണ്ട് വിസ്മയിപ്പിച്ച സിനിമ കൂടെയായിരുന്നു ഇത്. ചിത്രത്തില്‍ അഞ്ചുവെന്ന കഥാപാത്രമായി എത്തിയത് പാര്‍വതി തിരുവോത്തായിരുന്നു. അഭിനയം കൊണ്ട് മികച്ച് നിന്ന കഥാപാത്രം തന്നെയായിരുന്നു പാര്‍വതി അവതരിപ്പിച്ച അഞ്ചുവിന്റേത്. ഉള്ളൊഴുക്കിലൂടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി നല്‍കുകയാണ് താരം. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.

‘അതിന് ഞാന്‍ എവിടെയും പോയിട്ടില്ല. തെരഞ്ഞെടുത്ത സിനിമകള്‍ റിലീസാകുമ്പോള്‍ ഗ്യാപ് വരുന്നതാണ് പ്രശ്‌നം. എല്ലാവരും വിചാരിക്കുന്നത് ഞാന്‍ പോയി, അല്ലെങ്കില്‍ സിനിമ നിര്‍ത്തി എന്നൊക്കെയാണ്. പക്ഷെ ഞാന്‍ പണ്ടും ഇങ്ങനെ തന്നെയായിരുന്നു. സിറ്റി ഓഫ് ഗോഡ് കഴിഞ്ഞ് പിന്നെ ഞാന്‍ ബാംഗ്ലൂര്‍ ഡേയ്‌സ് ചെയ്യാന്‍ നാല് വര്‍ഷമെടുത്തു. അതിന് ശേഷമുള്ള സിനിമ റിലീസാകാന്‍ പിന്നെയും ഒരുപാട് സമയമെടുത്തു. അതിന്റെ ഇടയില്‍ ഞാന്‍ കന്നഡയും തമിഴും ചെയ്യുന്നുണ്ടായിരുന്നു.

ഇപ്പോഴാണെങ്കില്‍ ഞാന്‍ ഈ ഗ്യാപിനിടയില്‍ ഹിന്ദിയും തെലുങ്കുവും ചെയ്തു. തെലുങ്കില്‍ ഒരു സീരീസാണ് ചെയ്തത്. ഹിന്ദിയില്‍ സിനിമയാണ്. അതിന്റെ ഇടയില്‍ മലയാളത്തില്‍ മൂന്ന് പടങ്ങള്‍ ചെയ്തു കഴിഞ്ഞു. ഇതൊക്കെ റിലീസ് ചെയ്യാനുള്ള ഗ്യാപ് വരുമ്പോഴാണ് ആളുകള്‍ ഞാന്‍ ഇപ്പോള്‍ സിനിമ ചെയ്യുന്നില്ലെന്ന് കരുതുന്നത്. പിന്നെ ഒരാള്‍ എങ്ങനെയാണ് ഒരുപാട് എക്‌സ്‌പ്ലെയിന്‍ ചെയ്യുന്നത്. ഞാന്‍ സിനിമയില്‍ നിന്ന് പോയെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ അങ്ങനെ കരുതിക്കോളൂ, ഞാന്‍ തിരിച്ചുവന്നു എന്നാണ് തോന്നുന്നതെങ്കില്‍ അങ്ങനെ ചിന്തിച്ചോളൂ (ചിരി),’ പാര്‍വതി തിരുവോത്ത് പറഞ്ഞു.

ഒരാള്‍ക്ക് എത്രത്തോളം ജീവിതാനുഭവമാണോ ഉള്ളത് അത്രമാത്രമേ ഒരു സിനിമയിലെ കഥാപാത്രത്തിലേക്ക് കൊടുക്കാന്‍ സാധിക്കുള്ളുവെന്നും താരം അഭിമുഖത്തില്‍ പറയുന്നു. ചാര്‍ളി ഉള്‍പ്പെടെയുള്ള സിനിമകള്‍ ഇപ്പോഴാണ് തനിക്ക് ലഭിക്കുന്നതെങ്കില്‍ താന്‍ അഭിനയിക്കുന്നത് മറ്റൊരു രീതിയിലാകുമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

‘എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമ ഷൂട്ട് ചെയ്യുന്നത് 2015ലാണെന്നാണ് എനിക്ക് തോന്നുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അത്. ആ സിനിമയുടെ സമയത്തുള്ള ഞാനല്ല ഇപ്പോഴുള്ളത്. നമുക്ക് എത്രത്തോളം ജീവിതാനുഭവമാണോ ഉള്ളത് അത്രമാത്രമേ ഒരു സിനിമയിലെ കഥാപാത്രത്തിലേക്ക് കൊടുക്കാന്‍ സാധിക്കുള്ളു. അനുഭവങ്ങള്‍ കൂടുന്നതിന് അനുസരിച്ച് അല്ലെങ്കില്‍ വേദന കൂടുന്നതിന് അനുസരിച്ച് നമുക്ക് കഥാപാത്രങ്ങളെ കുറച്ചു കൂടെ മനസിലാക്കാന്‍ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

Also Read: ബാക്കിയെല്ലാ സീനുകൾക്കും വേണ്ട തയ്യാറെടുപ്പുകൾ മാത്രമാണ് ആ ഇന്റിമേറ്റ് സീനിനും നടത്തിയത്: ദർശന രാജേന്ദ്രൻ

ഉയരെയിലെ കഥാപാത്രമാണെങ്കിലും ടേക്ക് ഓഫിലെ സമീറയാണെങ്കിലും എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാല ആണെങ്കിലും ചാര്‍ളിയിലെ ടെസയാണെങ്കില്‍ പോലും അങ്ങനെയാണ്. ചാര്‍ളിയൊക്കെ ഇപ്പോഴാണ് എനിക്ക് വരുന്നതെങ്കില്‍ ഞാന്‍ അഭിനയിക്കുന്നത് മറ്റൊരു രീതിയിലാകും. അതുകൊണ്ടാകും ഉള്ളൊഴുക്കിലെ അഞ്ചു കൃത്യ സമയത്താണ് വന്നതെന്ന് എനിക്ക് തോന്നുന്നത്,’ പാര്‍വതി തിരുവോത്ത് പറയുന്നു.


Content Highlight: Parvathy Thiruvoth Says She Have Not Gone Anywhere In Movie