കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മലപ്പുറത്തെ ആരാധനാലയങ്ങളില്‍ അഞ്ച് പേരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളുവെന്ന കളക്ടറുടെ തീരുമാനം പിന്‍വലിക്കരുതെന്ന് നടി പാര്‍വതി തിരുവോത്ത്.
നേരത്തെ കളക്ടറുടെ തീരുമാനത്തിന് എതിരെ മതനേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ യോഗത്തില്‍ തിങ്കളാഴ്ച്ച ഉണ്ടാകുമെന്ന് കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
ഇതിനിടെയാണ് തിങ്കളാഴ്ച്ചത്തെ യോഗത്തിലും തീരുമാനത്തില്‍ നിന്നും പിന്‍മാറരുതെന്ന് പാര്‍വതി പറഞ്ഞത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ അഭിപ്രായപ്രകടനം.
മനുഷ്യനെന്ന നിലയില്‍ മറ്റുള്ളവരുടെയും നമ്മുടെയും ജീവന്‍ രക്ഷിക്കണമെന്ന കടമയില്‍ നിന്നും ഉത്തരവാദിത്വത്തില്‍ നിന്നും ഒരു മത സമുദായത്തെയും ഒഴിവാക്കിയിട്ടില്ല. കൊവിഡിന്റെ ഭീകരമായ രണ്ടാം തരംഗമാണ് നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. തിങ്കളാഴ്ച്ചത്തെ യോഗത്തിന് ശേഷവും ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള മുന്‍ തീരുമാനം മലപ്പുറം കളക്ടര്‍ അംഗീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ദയവായി ശരിയായ കാര്യം ചെയ്യു.’ എന്നായിരുന്നു പാര്‍വതിയുടെ സ്റ്റോറി.
കഴിഞ്ഞ ദിവസമായിരുന്നു ആരാധനാലയങ്ങളില്‍ അടക്കം കളക്ടര്‍ നിയന്ത്രണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ക്കെതിരെ മതസംഘടനകള്‍ രംഗത്തെത്തിയിരുന്നു.
പ്രവേശനം അഞ്ച് പേര്‍ക്കായി ചുരുക്കിയത് കൂടിയാലോചനയില്ലാതെയാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും കേരള മുസ്ലീം ജമാഅത്തും ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് കളക്ടറുടെ ഉത്തരവ് മരവിപ്പിച്ചത്. മലപ്പുറം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടമാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
വെള്ളിയാഴ്ച്ച മാത്രം 2671 പേര്‍ക്കാണ് ജില്ലയില്‍ രോഗം ബാധിച്ചത്. 529 പേര്‍ രോഗമുക്തരായി. ഇന്ന് രോഗബാധിതരായവരില്‍ 2,529 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 75 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്.
വൈറസ് ബാധിതരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 57 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതുവരെയായി 643 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണപ്പെട്ടത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക