| Thursday, 15th August 2024, 7:50 am

ആ സിനിമ എനിക്കൊരു തെറാപ്പി പോലെ; അന്ന് അതിലെ കഥാപാത്രത്തെ ആവശ്യമായിരുന്നു: പാര്‍വതി തിരുവോത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.ടി. വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങിയ ആന്തോളജി ചലച്ചിത്രമാണ് ‘മനോരഥങ്ങള്‍’. ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ ‘കാഴ്ച’ സിനിമയാകുമ്പോള്‍ നായികയായ സുധയായി എത്തുന്നത് പാര്‍വതി തിരുവോത്താണ്. ഇപ്പോള്‍ കാഴ്ചയെ കുറിച്ചും സുധയെ കുറിച്ചും പറയുകയാണ് പാര്‍വതി. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘കാഴ്ച ഞങ്ങള്‍ മൂന്ന് വര്‍ഷം മുമ്പാണ് ഷൂട്ട് ചെയ്തത്. 2021 സെപ്റ്റംബര്‍ അവസാനത്തോടെയാണ് ഷൂട്ടിങ് നടക്കുന്നത്. ഏകദേശം മൂന്ന് വര്‍ഷം തന്നെയായി. മൂന്ന് വര്‍ഷം മുമ്പുള്ള എന്നെയാണ് ഞാന്‍ ഈ സിനിമയിലൂടെ കാണാന്‍ പോകുന്നത്. അത് ഇപ്പോള്‍ വളരെ ഇന്‍ഡസ്ട്രിങ്ങായ ഒരു സിറ്റുവേഷനാണ്. ഈ സിനിമയിലൂടെ മൂന്ന് വര്‍ഷം കഴിഞ്ഞ് ഞാന്‍ എന്നെ തന്നെ തിരിഞ്ഞു നോക്കുകയാണ്.

ഓരോ കാര്യങ്ങളും പഠിച്ചു വരുന്നതിന് അനുസരിച്ച് എന്റെ ഒരു പുതിയ വേര്‍ഷന്‍ ഉണ്ടാകാറുണ്ട്. ഇപ്പോള്‍ ആയിരുന്നു ഞാന്‍ കാഴ്ച ചെയ്തിരുന്നതെങ്കില്‍ ചിലപ്പോള്‍ വേറെ രീതിയിലാകുമായിരുന്നു ചെയ്യുക. അതിനെ ഉള്‍കൊള്ളുന്നതും മറ്റൊരു രീതിയില്‍ ആയേനെ. പക്ഷെ അന്നത്തെ പാര്‍വതിക്ക് സുധയെ പോലെ ഒരു കഥാപാത്രം കുറച്ചു കൂടെ ആവശ്യമുണ്ടായിരുന്നു. സുധയുടെ ഉള്ളില്‍ വലിയ ഒരു കൊടുങ്കാറ്റുണ്ട്. അതുമായി എനിക്ക് അന്ന് ഒരുപാട് റിലേറ്റ് ചെയ്യാന്‍ സാധിച്ചിരുന്നു.

ഇന്ന് അതില്‍ നിന്നൊക്കെ ഒരുപാട് ദൂരം ഞാന്‍ മുന്നോട്ട് വന്നു. അന്ന് കാഴ്ച എനിക്ക് വളരെ വലിയ അഭയമായി തോന്നിയിരുന്നു. കാരണം സുധയിലൂടെ എനിക്ക് ഒരുപാട് കാര്യങ്ങളിലേക്ക് എത്താന്‍ പറ്റുന്നുണ്ടായിരുന്നു. കാഴ്ച എനിക്ക് ഒരു തെറാപ്പി പോലെ തന്നെയായിരുന്നു. നമുക്ക് ലൈഫില്‍ കാണിക്കാന്‍ പറ്റാത്ത ചില കാര്യങ്ങളുണ്ടാകും. അവയൊന്നും ചിലപ്പോള്‍ നമ്മുടെ സുഹൃത്തുക്കളോടും പബ്ലിക്കിനോടും കാണിക്കാന്‍ പറ്റിയെന്ന് വരില്ല.

ഉള്ളില്‍ കൂട്ടിവെച്ചിരിക്കുന്ന പലതും ഉണ്ടാകും. അപ്പോഴാകും ഒരു കഥാപാത്രം വന്ന് ‘വാ, നമുക്ക് ഒരുമിച്ച് പോയി അതിനുള്ള ഉത്തരം കണ്ടുപിടിക്കാം’ എന്ന് പറയുന്നത്. ഇത് ഞാന്‍ പറയുമ്പോള്‍ ചിലപ്പോള്‍ വളരെ വിചിത്രമായി തോന്നാം. ഏറ്റവും വലിയ സന്തോഷം എന്താണെന്ന് ചോദിച്ചാല്‍, എന്റെ ജീവിതാവസാനം വരെ ഈ സ്ത്രീ കഥാപാത്രങ്ങള്‍ കൂടെ തന്നെയുണ്ടാകും എന്നതാണ്,’ പാര്‍വതി തിരുവോത്ത് പറഞ്ഞു.


Content Highlight: Parvathy Thiruvoth Says Kazhcha Movie Is Like A therapy For Her

We use cookies to give you the best possible experience. Learn more