കെ.ജി.എഫിലെ ഗംഗമ്മയായി പാര്‍വതി; ചിയാന്‍ വിക്രം ചിത്രത്തിലെ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
Entertainment
കെ.ജി.എഫിലെ ഗംഗമ്മയായി പാര്‍വതി; ചിയാന്‍ വിക്രം ചിത്രത്തിലെ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th April 2024, 11:49 am

പാ രഞ്ജിത്ത് സംവിധാനം ചെയ്ത് ചിയാന്‍ വിക്രം നായകനാകുന്ന ചിത്രമാണ് തങ്കലാന്‍. ഈ വര്‍ഷം തമിഴില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഇത്. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റെ (കെ.ജി.എഫ്) പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു പീരിയഡ്-ആക്ഷന്‍ ഡ്രാമയാണ് ചിത്രം.

ചിത്രത്തില്‍ മലയാളികളുടെ പ്രിയനായിക പാര്‍വതി തിരുവോത്തുമുണ്ട്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് തങ്കലാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

തങ്കലാനില്‍ ഗംഗമ്മ എന്ന കഥാപാത്രമായാണ് പാര്‍വതി തിരുവോത്ത് എത്തുന്നത്. വളരെ ശക്തമായ വേഷങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയ പാര്‍വതിയുടെ മറ്റൊരു ശക്തമായ കഥാപാത്രം തന്നെയാകും ഈ സിനിമയിലേത്.

പതിനേഴാം നൂറ്റാണ്ടിലെ കഥയാണ് തങ്കലാന്റെ പശ്ചാത്തലം. ചിത്രത്തിലെ വിക്രമിന്റെ ലുക്ക് മുമ്പ് ഏറെ ചര്‍ച്ചയായതായിരുന്നു. വിക്രമിന്റെ ഈ വര്‍ഷത്തെ മികച്ച ചിത്രമാകും ഇതെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.


പാ രഞ്ജിത്ത്- വിക്രം കൂട്ടുകെട്ടിനെയും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്. പാര്‍വതി തിരുവോത്തിനും ചിയാന്‍ വിക്രത്തിനും പുറമെ മാളവിക, പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

തമിഴ്, ഹിന്ദി, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് തങ്കലാന്‍ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന തങ്കലാന്‍ നിര്‍മിക്കുന്നത് കെ.ഇ. ജ്ഞാനവേല്‍ രാജയാണ്.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും തങ്കലാന്‍. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Content Highlight: Parvathy Thiruvoth’s Poster In Thangalaan Movie Out