കാലം എത്ര മുന്നോട്ട് പോയാലും ചില കാര്യങ്ങള്‍ക്ക് വലിയ മാറ്റമുണ്ടാകില്ല, പ്രത്യേകിച്ചും സ്ത്രീകളുടെ ജീവിതത്തില്‍. സ്വന്തം ഇഷ്ടപ്രകാരം ജീവിതത്തിലെ പ്രധാനപ്പെട്ട എന്ത് കാര്യത്തില്‍ തീരുമാനമെടുക്കുമ്പോഴും അവള്‍ക്ക്, തനിക്ക് ചുറ്റുമുള്ള ആളുകളുടെ സമ്മതവും ഇഷ്ടവും നോക്കേണ്ടി വരും. ഇന്നും അതില്‍ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല.
അത് കുറച്ചുകൂടെ വ്യക്തമാക്കുന്നതാണ് ശ്യാമപ്രസാദ് ഒരുക്കിയ കാഴ്ച. എം.ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ആന്തോളജി സീരീസാണ് ‘മനോരഥങ്ങള്‍’. അതില്‍ പാര്‍വതി തിരുവോത്ത് നായികയായി സ്ത്രീ കേന്ദ്രീകൃതമായി എത്തിയ ഒരു സെക്‌മെന്റാണ് കാഴ്ച. അഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ആ ബന്ധം വേണ്ടെന്ന് തീരുമാനിക്കുന്ന സുധയെ കുറിച്ചാണ് കാഴ്ച പറയുന്നത്.
90കളില്‍ ജീവിക്കുന്ന പെണ്‍കുട്ടിയാണ് സുധ. കേരളത്തില്‍ ജനിച്ച് വളര്‍ന്ന അവള്‍ കല്യാണ ശേഷം തന്റെ പങ്കാളിയോടൊപ്പം മദ്രാസിലാണ് താമസിക്കുന്നത്. അഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ആ ബന്ധം വേണ്ടെന്ന് വെക്കുന്ന സുധക്ക് മുന്നിലേക്ക് താക്കീതുമായി എത്തുന്ന ഒരുപാട് ആളുകളെ കാഴ്ചയിലൂടെ കാണാന്‍ സാധിക്കും.
പാട്ടിനെ ഏറെ ഇഷ്ടപ്പെടുന്ന സുധ ഇനിയുള്ള ജീവിതത്തില്‍ തന്റെ സ്വപ്‌നങ്ങള്‍ പിന്തുടരാനാണ് ആഗ്രഹിക്കുന്നത്. ഒപ്പം താന്‍ ഇഷ്ടപ്പെടുന്ന ആള്‍ക്കൊപ്പമുള്ള ജീവിതവും സ്വപ്‌നം കാണുന്നു. പക്ഷെ തന്റെ തറവാട്ടിലേക്ക് തിരിച്ചെത്തുന്ന സുധക്ക് പിന്നീട് അമ്മയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സുഹൃത്തില്‍ നിന്നുമൊക്കെ എതിര്‍പ്പ് മാത്രമാണ് നേരിടേണ്ടി വരുന്നത്.
കാണാതായ തന്റെ പാട്ടുപുസ്തകം ചോദിക്കുമ്പോള്‍ അവള്‍ക്ക് അമ്മയില്‍ നിന്ന് കുത്തുവാക്കാണ് ലഭിക്കുന്നത്. സുധ ബന്ധം പിരിയാന്‍ പോകുന്നു എന്നറിഞ്ഞ് നാട്ടിലെ ചില സ്ത്രീകളും അവളെ കാണാന്‍ വരികയും ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുന്ന സുഹൃത്താകട്ടെ അവളുടെ തീരുമാനത്തെ ദുര്‍വിചാരമായിട്ടാണ് കാണുന്നത്. ഒടുവില്‍ വല്ല്യമ്മയില്‍ നിന്ന് മാത്രമാണ് സുധ തനിക്ക് ആശ്വാസമാകുന്ന വാക്കുകള്‍ കേള്‍ക്കുന്നത്.
ഇത് 90കളില്‍ ജീവിക്കുന്ന സുധയുടെ മാത്രം കഥയല്ല. ഇന്നത്തെ സമൂഹത്തിലും ഒരു പെണ്‍കുട്ടിക്ക് അവളുടെ ജീവിതത്തില്‍ സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കുമ്പോള്‍ മുന്നില്‍ ഒരുപാട് തടസങ്ങള്‍ നേരിടാന്‍ ഉണ്ടാകും. ചുറ്റുമുള്ള ആളുകളുടെ കുത്തുവാക്കുകളും എതിര്‍പ്പും അവള്‍ക്ക് നേരിടേണ്ടി വരും. അതുകൊണ്ട് തന്നെ കാഴ്ചയില്‍ ഏറെ റിലേറ്റ് ചെയ്യാന്‍ സാധിച്ച ഒരു കഥാപാത്രമായിരുന്നു സുധയുടേത്.
Content Highlight: Parvathy Thiruvoth’s Character In Kazhcha