കൊച്ചി: അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് വീണ്ടും നടി പാര്‍വതി തിരുവോത്ത്. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു പാര്‍വതിയുടെ പ്രതികരണം.
നേരത്തെ അസൂയാലുക്കളാണ് സംഘടനയ്‌ക്കെതിരെ ചോദ്യമുയര്‍ത്തുന്നതെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. ഇതിനോടായിരുന്നു പാര്‍വതിയുടെ മറുപടി.
‘എന്തുകാര്യത്തിനാണ് അസൂയ തോന്നേണ്ടതെന്ന് പറഞ്ഞുതരണം. ഏതെങ്കിലും തെറ്റ് തെളിവ് സഹിതം കാണിക്കുകയാണെങ്കില്‍, വിശദീകരണം കിട്ടിയാല്‍ മാപ്പ് പറയാന്‍ ഞാന്‍ തയ്യാറാണ്. ഡിസ്റെസ്പെക്ടിന്റെ അങ്ങേയറ്റം എങ്ങനെ പ്രകടിപ്പിക്കാമോ അതിന്റെ അങ്ങേയറ്റം പുരുഷന്‍മാര്‍ ചേര്‍ന്നുള്ളതിന്റെ വിഗ്രഹമാണ് ഈ കൂട്ടായ്മ’, പാര്‍വതി പറഞ്ഞു.
ജനറല്‍ സെക്രട്ടറി ഒരു അഭിമുഖത്തില്‍ വന്നിരുന്ന് ഇത്രയും പറയാനുള്ള ധൈര്യം കാണിക്കണമെങ്കില്‍ പുറകില്‍ നിന്ന് അത്രയും പിന്തുണ നേതൃത്വം നല്‍കുന്നതുകൊണ്ടാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ഒരു സംഘടനാ ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് വരാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് ഇടവേള ബാബുവില്‍ നിന്നുണ്ടായതെന്നും പാര്‍വതി പറഞ്ഞു.
അമ്മയില്‍ ചിലരില്‍ മാത്രം അധികാരം കേന്ദ്രീകരിച്ചുവെന്നും പാര്‍വതി പറഞ്ഞു.
‘മറുവശത്ത് ഒന്നും കേള്‍ക്കാത്ത നിശ്ശബ്ദതയാണ്. മൂര്‍ത്തീ വിഗ്രഹങ്ങള്‍ എല്ലാം ഓക്കെയാണെന്ന പ്രതീതി സൃഷ്ടിക്കുകയാണ്. ചോദ്യങ്ങള്‍ ചോദിക്കേണ്ടത് അവരോടാണ്. ‘വിഗ്രഹങ്ങളുടെ’ നിശ്ശബ്ദത ഇനിയും അനുവദിച്ചുകൊടുക്കരുത്’, പാര്‍വതി പറഞ്ഞു.
സിനിമ ആരുടേയും തറവാട് സ്വത്തല്ലെന്നും സര്‍ഗാത്മകമായി നേരിടാന്‍ തങ്ങള്‍ക്ക് കെല്‍പുണ്ടെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
അതേസമയം അമ്മയില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്ലെന്ന് നടി രേവതിയും പ്രതികരിച്ചു. സംഘടനാ നേതൃത്വത്തിന് സ്ത്രീകളുടെ പ്രശ്‌നങ്ങളോട് പുച്ഛമാണെന്നും അവര്‍ പറയുന്നതിനോട് വഴങ്ങുന്നവര്‍ക്ക് മാത്രമേ അവിടെ നിലനില്‍പ്പുള്ളുവെന്നും രേവതി പറഞ്ഞു.
‘ആദ്യം എക്‌സ്‌ക്യുട്ടീവ് കമ്മറ്റി മീറ്റിംഗിന് പോയപ്പോള്‍ ഒരു മാറ്റമുണ്ടാവും എന്ന പ്രതീക്ഷയുണ്ടായിരുന്നു. അതില്‍ ആവശ്യപ്പെട്ട പല കാര്യങ്ങള്‍ക്കും പിന്നീടുള്ള ഏഴ് മാസത്തോളം ഒരു മറുപടിയുമുണ്ടായില്ല. അമ്മയുടെ പ്രസിഡന്റിന് നിരവധി ഇ-മെയിലുകള്‍ അയച്ചു. പക്ഷേ, ഞങ്ങളോട് ഒരു മറുപടിയും നല്‍കിയില്ല. മാധ്യമങ്ങളോടാണ് മറുപടി നല്‍കിയത്. അതോടെ ഞങ്ങള്‍ക്ക് മനസിലായി ഒരു മാറ്റം ഉണ്ടാക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്ന്’- രേവതി പറഞ്ഞു.
അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് പാര്‍വതി തിരുവോത്ത് രാജിവെച്ചിരുന്നു.
നേരത്തെ അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പുതിയ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന അംഗമാവില്ലെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. നിലവില്‍ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചു പോയ ആളുകള്‍ തിരിച്ച് വരില്ലല്ലോ. അതുപോലെ ആണ് ഇതെന്നും ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിലെ പരിപാടിയില്‍ പറഞ്ഞിരുന്നു.