Entertainment news
തെലുങ്ക് ഹൊറര്‍ ത്രില്ലര്‍ വെബ് സീരീസില്‍ പാര്‍വതി; ഒപ്പം നാഗ ചൈതന്യയും; ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 23, 06:06 am
Thursday, 23rd November 2023, 11:36 am

നാഗ ചൈതന്യ നായകനാകുന്ന ‘ധൂത’ തെലുങ്ക് വെബ് സീരീസിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തുവന്നു. ഈ ഹൊറര്‍ ത്രില്ലര്‍ സീരീസില്‍ മലയാളത്തില്‍ നിന്നും പാര്‍വതി തിരുവോത്തും അഭിനയിക്കുന്നുണ്ട്.

ഏറെ ആകാംക്ഷയുയര്‍ത്തുന്ന ട്രെയ്‌ലറാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എട്ട് എപ്പിസോഡുള്ള സീരീസില്‍ പത്രപ്രവര്‍ത്തകനായ സാഗര്‍ എന്ന കഥാപാത്രമായാണ് നാഗ ചൈതന്യ എത്തുന്നത്.

138 കോടി ജനങ്ങളെ സംരക്ഷിക്കേണ്ട നീതിന്യായ വ്യവസ്ഥയും രാഷ്ട്രീയക്കാരും പൊലീസും തെറ്റ് ചെയ്യുമ്പോള്‍ അവരെ ചോദ്യം ചെയ്യേണ്ടത് പത്രപ്രവര്‍ത്തകരാണ് എന്ന നാഗ ചൈതന്യയുടെ ഡയലോഗോടു കൂടെയാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്.

ഭാവിയില്‍ നടക്കാന്‍ പോകുന്ന ദുരന്തങ്ങള്‍ പ്രവചിക്കുന്ന പത്രത്തെ കുറിച്ചും അതിന്റെ പിന്നിലെ ഇരുണ്ട രഹസ്യങ്ങളെ കുറിച്ചുമാണ് സീരീസില്‍ പറയുന്നത്.

ഈ രഹസ്യങ്ങള്‍ ചുരുളഴിയുമ്പോള്‍ സാഗറിന്റെ ജീവിതം മാറുന്നതായാണ് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നത്.

സാഗര്‍ ഒരു കൊലപാതകത്തില്‍ പ്രതിയാണെന്ന് സംശയിക്കപ്പെടുന്നയിടത്താണ് പാര്‍വതി തിരുവോത്തിന്റെ കഥാപാത്രത്തെ ട്രെയ്‌ലറില്‍ കാണിക്കുന്നത്.

ഈ ഹൊറര്‍ ത്രില്ലര്‍ സീരീസിന്റെ ഒ.ടി.ടി ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ആമസോണ്‍ പ്രൈം വീഡിയോസാണ്. 2023 ഡിസംബര്‍ ഒന്നിനാകും സീരീസ് ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുക.

വിക്രം കെ. കുമാര്‍ സംവിധാനം ചെയ്യുന്ന സീരീസില്‍ നാഗ ചൈതന്യക്കും പാര്‍വതി തിരുവോത്തിനും പുറമെ പ്രിയ ഭവാനി ശങ്കര്‍, പ്രാചി ദേശായി, തരുണ്‍ ഭാസ്‌ക്കര്‍ തുടങ്ങി നിരവധിപേര്‍ അഭിനയിക്കുന്നുണ്ട്.

Content Highlight: Parvathy Thiruvoth In The Telugu Horror Thriller Web Series And Naga Chaitanya Also; Dhootha Trailer Out