മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് പാര്‍വതി തിരുവോത്ത്. അഭിനയത്തിന് പുറമെ പലപ്പോഴും തന്റ നിലപാടുകള്‍ കൊണ്ടാണ് പാര്‍വതി പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്. അമ്മ സംഘടനയില്‍ നിന്ന് രാജിവെച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് പാര്‍വതി. എ.എം.എം.എ എന്ന് മാത്രമേ ആ സംഘടനയെ വിളിക്കാന്‍ കഴിയുള്ളൂവെന്നും അമ്മ എന്ന് ആ സംഘടനയെ വിളിക്കാന്‍ കഴിയില്ലെന്നും പാര്‍വതി പറഞ്ഞു.
ഒരുപാട് പ്രതീക്ഷകളോടെയാണ് താന്‍ സംഘടനയില്‍ അംഗത്വമെടുത്തതെന്നും എന്നാല്‍ ആര്‍ട്ടിസ്റ്റുകളുടെ അടിസ്ഥാനപ്രശ്‌നം പോലും അവര്‍ ചര്‍ച്ച ചെയ്യാന്‍ താത്പര്യപ്പെടാറില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. പരാതി പറയാനായി ചെല്ലുമ്പോള്‍ ഇതൊരു കുടുംബം പോലെയാണെന്നും ഓണമൊക്കെ ആഘോഷിച്ച് പോകാമെന്ന് പറഞ്ഞ് തള്ളിക്കളയുമെന്നും പാര്‍വതി പറഞ്ഞു.
സിനിമാസെറ്റുകളില്‍ സ്ത്രീകള്‍ക്ക് ടോയ്‌ലറ്റ് സൗകര്യം വേണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ പലരും അതിനെ അവഗണിച്ചെന്നും ഒരുപാട് കാലം താന്‍ ആ ആവശ്യം ഉന്നയിച്ചിരുന്നെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. സീനിയറായിട്ടുള്ള നടന്മാര്‍ക്കും അതൊക്കെ പ്രശ്‌നമായി തോന്നിയതിന് ശേഷമാണ് എല്ലാ സെറ്റിലും ടോയ്‌ലറ്റ് സൗകര്യം നിര്‍മാതാക്കളുടെ സംഘടന ഉറപ്പുവരുത്തിയതെന്നും പാര്‍വതി പറഞ്ഞു.
അതിന് ശേഷം തനിക്ക് ബാത്‌റൂം പാര്‍വതി എന്ന വിളിപ്പേര് വന്നെന്നും താനതിനെ കാര്യമാക്കിയിരുന്നില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംഘടനയുടെ പല നിലപാടുകളും അംഗീകരിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് അതില്‍ നിന്ന് രാജി വെച്ചതെന്നും പാര്‍വതി പറഞ്ഞു. വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി തിരുവോത്ത്.
‘അമ്മ സംഘടന എന്ന് ഒരിക്കലും ഞാന്‍ പറയില്ല. എ.എം.എം.എ എന്ന് മാത്രമേ ഞാന്‍ ആ സംഘടനയെ വിളിക്കൂ. ഒരുപാട് പ്രതീക്ഷകളോടെയാണ് ഞാന്‍ ആ സംഘടനയില്‍ മെമ്പര്‍ഷിപ്പെടുത്തത്. എന്നാല്‍ നമ്മുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പോലും അവര്‍ പലപ്പോഴും തയാറാകാറില്ല. എന്തെങ്കിലും പരാതിയുമായി ചെല്ലുമ്പോള്‍ ‘ഇതൊരു കുടുംബമല്ലേ പാര്‍വതി, പരാതികളൊന്നുമില്ലാതെ ഓണമൊക്കെ ആഘോഷിച്ച് പോകാം’ എന്ന് പറഞ്ഞ് നിസാരവത്കരിക്കുമായിരുന്നു.
സിനിമാസെറ്റുകളില്‍ സ്ത്രീകള്‍ക്ക് ടോയ്‌ലറ്റ് സൗകര്യം വേണമെന്ന് ആവശ്യപ്പെട്ടത് ഞാനായിരുന്നു. എന്നാല്‍ അതൊന്നും അവരുടെ പരിഗണനയില്‍ വന്നിട്ടുണ്ടായിരുന്നില്ല. പിന്നീട് സീനിയറായിട്ടുള്ള ചില നടന്മാര്‍ക്ക് ടോയ്‌ലറ്റുകളില്ലാത്തത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയപ്പോഴാണ് അവര്‍ ഈ വിഷയം പരിഗണിച്ചത്.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പിന്നീട് എല്ലാ സെറ്റിലും ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കുകയും അതിന് ശേഷം എനിക്ക് ബാത്‌റൂം പാര്‍വതി എന്ന വിളിപ്പേരും കിട്ടി. അതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോയെങ്കിലും പിന്നീട് അവരുടെ പല നിലപാടുകളുമായും പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ഞാന്‍ സംഘടനയില്‍ നിന്ന് രാജിവെച്ചത്,’ പാര്‍വതി തിരുവോത്ത് പറഞ്ഞു.
Content Highlight: Parvathy Thiruvoth explains why she resigned form AMMA association