കൊച്ചി: താരസംഘടനയായ അമ്മയില്‍നിന്നും രാജിവെച്ച നടി പാര്‍വതി തിരുവോത്തിന്റെ തീരുമാനത്തില്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണം. മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ട്വന്റി-ട്വന്റി ഒന്നാം പതിപ്പില്‍ നടി ഭാവന അവതരിപ്പിച്ച കഥാപാത്രം മരിച്ചുപോയതല്ലേ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
നടി ഭാവനയെക്കുറിച്ചുള്ള ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാര്‍വതി അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് എഡിറ്റേഴ്സ് പരിപാടിയില്‍ അമ്മ നിര്‍മ്മിക്കുന്ന അടുത്ത മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവനയ്ക്ക് റോളുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു ബാബുവിന്റെ വിവാദ മറുപടി.
ഭാവന അമ്മയുടെ അംഗമല്ലാത്തതിനാല്‍ പുതിയ ചിത്രത്തില്‍ റോളുണ്ടാവില്ലെന്നും മരിച്ചുപോയവരെ എങ്ങനെയാണ് തിരിച്ചുകൊണ്ടുവരികയെന്നുമായിരുന്നു ബാബുവിന്റെ പ്രതികരണം.
ഇതിന് പിന്നാലെ ഇടവേള ബാബുവിനതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍വതി രംഗത്തെത്തിയിരുന്നു. അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്ന് പാര്‍വതി പറഞ്ഞു.
അമ്മയില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
‘ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്’, പാര്‍വതി പറഞ്ഞു.
അമ്മയുടെ ദിലീപ് മുന്‍പ് നിര്‍മ്മിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വന്റി ട്വന്റിയില്‍ പ്രധാന കഥാപാത്രമായി ഭാവനയുണ്ടായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് ഇടവേള ബാബു പറഞ്ഞിരുന്നത്.
നേരത്തെ സംഘടനയില്‍ നിന്ന് റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ രാജിവെച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Parvathy Thiruvoth AMMA Idavela Babu Bhavana