| Tuesday, 3rd December 2024, 11:55 am

ആ നടനൊപ്പം ഒരു ഫോട്ടോയെടുക്കാൻ തോന്നിയതിൽ ഇന്നെനിക്ക് വലിയ സന്തോഷമുണ്ട്: പാർവതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച അഭിനയം കൊണ്ടും ശക്തമായ നിലപാടുകള്‍ കൊണ്ടും തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത താരമാണ് പാര്‍വതി തിരുവോത്ത്. 2006ല്‍ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെയാണ് പാര്‍വതി അഭിനയം ആരംഭിച്ചത്. 2015ല്‍ റിലീസായ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.

ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. 2017ല്‍ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ സമീറ എന്ന കഥാപാത്രത്തിലൂടെ കരിയറിലെ രണ്ടാമത്തെ സംസ്ഥാന അവാര്‍ഡും, ദേശീയ അവാര്‍ഡില്‍ ജൂറിയുടെ സ്‌പെഷ്യല്‍ മെന്‍ഷനും ലഭിച്ചു. മലയാളത്തിന് പുറമെ തമിഴിലും മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച നടിയാണ് പാർവതി.

മികച്ച അഭിനേതാക്കളോടൊപ്പമെല്ലാം സ്ക്രീൻ ഷെയർ ചെയ്യാൻ പാർവതിക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളായിരുന്ന നെടുമുടി വേണുവിനെ കുറിച്ച് പറയുകയാണ് പാർവതി.

നെടുമുടി വേണുവിനൊപ്പമുള്ള ഒരു ഫോട്ടോ തന്റെ കയ്യിലുണ്ടെന്നും അന്ന് അങ്ങനെയൊരു ഫോട്ടോ എടുക്കാൻ തോന്നിയതിൽ ഇപ്പോൾ വലിയ സന്തോഷമുണ്ടെന്നും പാർവതി പറയുന്നു. താൻ വർക്ക് ചെയ്തവരിൽ ഏറ്റവും മികച്ച കോ ആക്ടറിൽ ഒരാളാണ് നെടുമുടി വേണുവെന്നും പാർവതി പറയുന്നു. മഴവിൽ മനോരമയോട് സംസാരിക്കുകയിരുന്നു പാർവതി. ചാർലി, പുഴു എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു.

‘ആ ഫോട്ടോയെ എന്താണ് വിളിക്കേണ്ടതെന്ന് എനിക്കറിയില്ല. പക്ഷെ അന്ന് ഫോട്ടോ എടുക്കാൻ തോന്നിയതിൽ ഞാൻ നല്ല ഹാപ്പിയാണ്. എന്തോ എനിക്കന്ന് ആ ഫോട്ടോയെടുക്കാൻ തോന്നി. പുഴു എന്ന ചിത്രത്തിലും എനിക്കദ്ദേഹത്തോടൊപ്പം ഒരു ചെറിയ സീൻ ചെയ്യാൻ പറ്റിയിരുന്നു. ഒരു പകുതി സീൻ കിട്ടിയെന്നേ പറയാൻ പറ്റുകയുള്ളൂ.

വലിയ സീൻ ഒന്നുമല്ലായിരുന്നു. ഞാൻ വർക്ക് ചെയ്തിട്ടുള്ളതിൽ ഏറ്റവും മികച്ച ഒരു കോ ആക്ടറാണ് അദ്ദേഹം. ഡബ്ബിങ് കഴിഞ്ഞിറങ്ങുമ്പോഴാണ് ഞാൻ ആ ഫോട്ടോ എടുത്തത്.അന്ന് വളരെ സാധാരണമായി അദ്ദേഹം എന്നോട് വീട്ടിലെ വിശേഷമൊക്കെ ചോദിച്ചിരുന്നു. എനിക്കെന്തോ അപ്പോൾ ഒരു ഫോട്ടോ എടുക്കാൻ തോന്നി.

ആ ചിന്ത എന്റെ മനസിൽ വന്നു എന്നത് എനിക്കിപ്പോഴും വലിയ സന്തോഷം നൽകുന്ന ഒന്നാണ്. പലരുടെ കൂടെയും ഞാൻ അങ്ങനെ ഫോട്ടോ എടുത്തിട്ടില്ല. ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നും അവരുടെ കൂടെയുള്ള ഓർമകളൊക്കെ വളരെ വാല്യൂ ഉള്ളവയായിരുന്നു,’പാർവതി തിരുവോത്ത് പറയുന്നു.

Content Highlight: Parvathy Thiruvoth About Memories With Nedumudi venu

We use cookies to give you the best possible experience. Learn more