മികച്ച അഭിനയം കൊണ്ടും ശക്തമായ നിലപാടുകള്‍ കൊണ്ടും തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത താരമാണ് പാര്‍വതി തിരുവോത്ത്. 2006ല്‍ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെയാണ് പാര്‍വതി അഭിനയം ആരംഭിച്ചത്. 2015ല്‍ റിലീസായ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.
ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. 2017ല്‍ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ സമീറ എന്ന കഥാപാത്രത്തിലൂടെ കരിയറിലെ രണ്ടാമത്തെ സംസ്ഥാന അവാര്‍ഡും, ദേശീയ അവാര്‍ഡില്‍ ജൂറിയുടെ സ്‌പെഷ്യല്‍ മെന്‍ഷനും ലഭിച്ചിട്ടുള്ള പാർവതി മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ച് സംസാരിക്കുകയാണ് പാർവതി. ലിജോയുടെ രണ്ടാമത്തെ സിനിമയായ സിറ്റി ഓഫ് ഗോഡിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നും ആ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാൻ താനും ലിജോയുമെല്ലാം ഒരുപാട് ചാനലുകളിൽ ചെന്ന് സംസാരിച്ചിട്ടുണ്ടെന്നും പാർവതി പറയുന്നു.
നിലവിലുണ്ടായിരുന്ന രീതികളെ മാറ്റിമറിച്ച് പുതിയതരം സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ് ലിജോയെന്നും ഡബിൾ ബാരൽ പോലൊരു സിനിമ ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും പാർവതി കൂട്ടിച്ചേർത്തു.
ഡബിൾ ബാരൽ പോലൊരു സിനിമ ചെയ്യാൻ ലിജോയ്ക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ
– പാർവതി
‘ലിജോയുടെ രണ്ടാമത്തെ സിനിമയായ സിറ്റി ഓഫ് ഗോഡിൽ ഞാൻ അഭിനയിച്ചിരുന്നു. അന്ന് ആ സിനിമയ്ക്ക് വേണ്ടി ലിജോ അനുഭവിച്ച സ്ട്രഗിൾ നേരിൽ കണ്ടതാണ്. സിനിമ ആളുകളിൽ എത്തുന്നതിന് വേണ്ടി ലിജോയും റിമയും ഞാനുമൊക്കെ ഞങ്ങളുടെ കാറിൽ ചാനലുകളുടെ ഓഫീസിൽ ചെന്ന് സംസാരിച്ചിരുന്നു.
ഞങ്ങൾക്കൊക്കെ അത്രയ്ക്ക് വിശ്വാസമുണ്ടായിരുന്ന സിനിമയായിരുന്നു അത്. നിലവിലുണ്ടായിരുന്ന രീതിയെയും കാഴ്‌ചശീലങ്ങളെയും മാറ്റിമറിച്ച് പുതിയ സംവേദനക്ഷമത സൃഷ്ടിക്കാൻ കഠിനാധ്വാനം ചെയ്തിരുന്നു ലിജോ. വളരെയെധികം ആസ്വദിച്ച് ഞാൻ ചെയ്‌ത കഥാപാത്രമാണ് അതിലെ മരതകം.
പിന്നീട് ലിജോ ഓരോ സിനിമ ചെയ്യുമ്പോഴും മുന്നോട്ടുപോവുമ്പോഴും വലിയ സന്തോഷം തോന്നി. ഡബിൾ ബാരൽ പോലൊരു സിനിമ ചെയ്യാൻ ലിജോയ്ക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ. ലിജോ, ആഷിക് അബു, അഞ്ജലി മേനോൻ തുടങ്ങിയവർക്കൊപ്പമെല്ലാം വർക്ക് ചെയ്യുന്നതിൽ വലിയ സന്തോഷം കണ്ടെത്തുന്ന ആളാണ് ഞാൻ. സിനിമയിൽ ഏതെല്ലാം രീതിയിൽ മാറ്റങ്ങൾ വരുത്താനാവുമെന്ന് പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരാണ് അവരെല്ലാം,’പാർവതി പറയുന്നു.
Content Highlight: Parvathy Thiruvoth About Lijo Jose Pellissery And City Of God Movie