| Tuesday, 16th January 2024, 3:01 pm

പാ രഞ്ജിത്തിന്റെ രണ്ട് സിനിമകൾ വേണ്ടെന്ന് വെച്ചിരുന്നു; ഈ സിനിമയുടെ കഥയും എനിക്ക് മനസ്സിലായിരുന്നില്ല: പാർവതി തിരുവോത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാനിൽ പാർവതി തിരുവോത്തും അഭിനയിക്കുന്നുണ്ട്. ചിത്രത്തിലേക്ക് പാ രഞ്ജിത്ത് വിളിച്ച അനുഭവം പങ്കുവെക്കുകയാണ് പാർവതി. തനിക്ക് പാ രഞ്ജിത്തിന്റെ കോൾ പെട്ടെന്ന് വന്നതായിരുന്നെന്നും അദ്ദേഹവുമായി ഇതിന് മുൻപും രണ്ട് പ്രോജക്ടിന്റെ കാര്യം സംസാരിച്ചിട്ടുണ്ടെന്നും അത് വർക്കായില്ലെന്നും പാർവതി പറഞ്ഞു. താൻ പാ രഞ്ജിത്തിന്റ കൂടെ വർക്ക് ചെയ്യാൻ കാത്തിരിക്കുകയായിരുന്നെന്നും പാർവതി ധന്യ വർമക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

‘പാ രഞ്ജിത്തിന്റെ കോൾ വന്നത് ചടപടേന്നായിരുന്നു. പെട്ടെന്നായിരുന്നു കോൾ വന്നത്. അവരെന്നെ വിളിച്ചിട്ട് പറഞ്ഞു ഞങ്ങൾ മാസങ്ങൾ ആയിട്ട് കോൺടാക്ട് ചെയ്യാൻ ശ്രമിക്കുകയാണ് എന്ന്. എന്റെ നമ്പർ എല്ലാവരുടെ കയ്യിലും ഉണ്ട്. അതുപോലെ ഈമെയിലുമുണ്ട്. ഇപ്പോൾ തന്നെ ഫോൺ എടുക്കണം എന്ന് പറഞ്ഞു. പലരും എന്നെ വിളിച്ചു പറയുന്നുണ്ട്.

അദ്ദേഹവുമായി ഞാൻ ഇതിനു മുൻപ് സംസാരിച്ചിട്ടുണ്ട്. വേറെ രണ്ട് പ്രോജക്ടിന്റെ കാര്യം സംസാരിച്ചിട്ട്, അത് വർക്ക് ആയിട്ടില്ല. ഞാൻ അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. കഥ പറഞ്ഞപ്പോഴും എനിക്ക് മുഴുവനായിട്ടും തിരിഞ്ഞിട്ടില്ല (മനസിലായിട്ടില്ല). എന്താണ് കഥാപാത്രം എന്നത് മനസിലായില്ല.

എനിക്കറിയില്ലായിരുന്നു ഞാൻ എന്നിലേക്ക് തന്നെയാണ് കുതിക്കുന്നത് എന്ന്. ഗംഗമാൾ എന്ന് പറഞ്ഞിട്ടുള്ള സ്ത്രീ പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ച സ്ത്രീയാണ്. ആ കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് സിനിമയിൽ പറയുന്നത്. അപ്പോഴുള്ള സ്ത്രീകളുടെ ഹിസ്റ്ററി നമ്മൾ കേട്ടിട്ടില്ല, എഴുതപ്പെട്ടിട്ടില്ല. അത് തേടുകയാണ് പിന്നീട് ഞാൻ ചെയ്തത്.

കഴിഞ്ഞ ഒരു എട്ടു മാസത്തിനുള്ളിൽ ഗംഗമാളായിട്ട് ഓരോ ദിവസവും ഷൂട്ടിന് ചെല്ലുമ്പോൾ ഈ ലോകം മുഴുവൻ നിശ്ചലമായിട്ടാണ് എനിക്ക് തോന്നുന്നത്. ഈ സ്ത്രീയോട് കാണിക്കേണ്ട ബഹുമാനവും പൂർണ നീതിയോടു കൂടി പെർഫോം ചെയ്യുക എന്ന് മാത്രമായിരുന്നു എന്റെ ഒരേ ഒരു ലക്ഷ്യം,’പാർവതി പറഞ്ഞു.

പാ രഞ്ജിത്ത് സിനിമയെക്കുറിച്ച് പറഞ്ഞ ആദ്യ വൺ ലൈനിനെക്കുറിച്ചും പാർവതി അഭിമുഖത്തിൽ പറയുന്നുണ്ട്. ഗംഗമാൾ ഒരു അമ്മയാണ്. ഞാനൊരു അമ്മയല്ല. എനിക്ക് വേണമെങ്കിൽ ഒരു ഡോഗ് മോം എന്ന് പറയാം. ഞാൻ ഒരിക്കലും ഒരു മനുഷ്യ കുഞ്ഞിന്റെ അമ്മയല്ല. രഞ്ജിത്ത് ആദ്യം എന്നോട് പറഞ്ഞ വരികൾ ഇതായിരുന്നു ‘ഗംഗാമാൽ ഒരു അമ്മയാണ്. നിങ്ങൾ അത് ഏത് രീതിയിൽ എടുക്കുന്നു എന്നത് നിങ്ങളുടെ കയ്യിലാണ്’.

അത് ഗ്രേറ്റ് ആയിരുന്നു. അത് രഞ്ജിത്തിന്റെ വേർഷൻ ഓഫ് അമ്മയല്ല. സ്ക്രിപ്റ്റിൽ എഴുതി വെച്ച പോലെ ഒരു കാർബൺ കോപ്പിയും അല്ല. അമ്മയ്ക്ക് എന്തൊക്കെ അർത്ഥങ്ങളുണ്ട് എന്നതിലേക്ക് പോയി ഞാൻ. എനിക്ക് ഏതൊക്കെ തരത്തിലുള്ള അമ്മയാകാൻ കഴിയും എന്നാണ് ഞാൻ നോക്കിയത്,’ പാർവതി പറയുന്നു.

Content Highlight: Parvathy thiruvoth about how she entered in thangalaan movie

We use cookies to give you the best possible experience. Learn more