| Sunday, 13th November 2022, 11:54 pm

ഒരു ഓഫറും വരാതിരുന്ന സമയത്ത് 'നിങ്ങള്‍ക്കേ ഇത് ചെയ്യാന്‍ പറ്റൂ'വെന്ന് അവര്‍ പറഞ്ഞു, ഏറ്റവും കൂടിയ പ്രതിഫലത്തില്‍ ലീഡ് റോള്‍ നല്‍കി: പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതിയ ചിത്രമായ വണ്ടര്‍ വുമണിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് നടി പാര്‍വതി തിരുവോത്ത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്നു ചിത്രത്തില്‍ നിത്യ മേനെന്‍, നാദിയ മൊയ്തു, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പദ്മിനി, അമൃത സുഭാഷ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ചിത്രത്തിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറില്‍ ഓഫറുകളൊന്നുമില്ലാതിരുന്ന സമയത്തെ കുറിച്ച് പാര്‍വതി സംസാരിക്കുന്നുണ്ട്. പ്രശ്‌നക്കാരിയാണെന്ന് മുദ്രകുത്തി മാറ്റി നിര്‍ത്തപ്പെട്ടുവെന്ന് പറഞ്ഞ നടി കരിയറില്‍ മാറ്റം കുറിച്ച ഉയരെ എന്ന സിനിമയെ കുറിച്ചും സംസാരിച്ചു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇതേ കുറിച്ചെല്ലാം പറയുന്നത്.

‘കൂടെയും മൈ സ്റ്റോറിയും ഇറങ്ങിയ ശേഷം എനിക്ക് ഓഫറുകളൊന്നും വരാത്ത ഒരു സമയമുണ്ടായിരുന്നു.
അപ്പോള്‍ എനിക്ക് ഒരു പേടി തോന്നി. ഞാന്‍ തന്നെ ഇറങ്ങി ഡയറക്ട് ചെയ്ത് പ്രൊഡ്യൂസ് ചെയ്ത് സിനിമയിറക്കേണ്ടി വരും. അല്ലാതെ എനിക്ക് സിനിമകളൊന്നുമുണ്ടാകില്ല എന്നായിരുന്നു ആ പേടി.

എനിക്ക് ഓഫറുകളൊന്നും വരുന്നുണ്ടായിരുന്നില്ല. അല്ലെങ്കില്‍, ഞാന്‍ ഒരു പ്രോബ്ലമാറ്റിക്കായ ആളാണെന്നും പ്രശ്‌നക്കാരിയാണെന്നും പറഞ്ഞ് എന്നെ പ്രോജക്ടുകളിലേക്ക് കൊണ്ടുവരണ്ട എന്ന് പലരും തീരുമാനിച്ചു കാണും. ഈ ഇന്‍ഡസ്ട്രിയില്‍ തന്നെ ജോലി ചെയ്യുന്നതുകൊണ്ട് അവര്‍ ആരാണെന്നതൊക്കെ നമുക്ക് ആലോചിച്ച് എടുക്കാവുന്നതേയുള്ളു.

പക്ഷെ അതു കഴിഞ്ഞ് എനിക്ക് ഉയരെ കിട്ടിയപ്പോള്‍ അത് ഭയങ്കര ഒരു മൊമെന്റായിരുന്നു. കാരണം പി.വി.ജിയാണ് എന്റെ രണ്ടാമത്തെ സിനിമയായ നോട്ട്ബുക്ക് പ്രൊഡ്യൂസ് ചെയ്തത്.

എന്റെ ആദ്യ സിനിമ ഔട്ട് ഓഫ് സിലബസായിരുന്നെങ്കിലും പക്ഷെ, നോട്ട്ബുക്കിലെ പൂജ കൃഷ്ണ എന്ന കഥാപാത്രത്തെ കണ്ടപ്പോഴാണ് ആളുകള്‍ ഈ കുട്ടി ആരാണ്, നല്ല രീതിയില്‍ അഭിനയിച്ചിട്ടുണ്ടല്ലോ എന്ന് പറയാന്‍ തുടങ്ങിയത്.

അതേ പ്രൊഡ്യൂസറാണ് വേറെ ഒരു ഓഫറും വരാത്ത സമയത്ത് ആ സമയത്ത് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം തന്ന് എനിക്ക് ഉയരെയിലെ കേന്ദ്ര കഥാപാത്രത്തെ തന്നത്. നോട്ട്ബുക്കിന്റെ എഴുത്തുകാരാണ് എനിക്ക് ഈ കഥയും തന്നത്.

ഈ ലോകത്തുള്ള ഏതോ ഒരു എനര്‍ജി എങ്ങനെയോ എന്നെ സംരക്ഷിക്കുന്നുണ്ട് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അത്രയും മനസറിഞ്ഞ് പ്രാര്‍ത്ഥിച്ച് നില്‍ക്കുന്ന ഒരു ആര്‍ട്ടിസ്റ്റായിരുന്നു ഞാന്‍ ആ സമയത്ത്. അപ്പോള്‍ എന്ത് വീണ് കിട്ടിയാലും കരുണയായേ തോന്നുകയുള്ളു.

പക്ഷെ അവര്‍ അതുപോലുമല്ല ചെയ്തത്. ‘നിങ്ങള്‍ക്കേ ഇത് ചെയ്യാന്‍ പറ്റു. നിങ്ങളയേ വേണ്ടു’ എന്നാണ് അവര്‍ പറഞ്ഞത്. അത് കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു കോണ്‍ഫിഡന്‍സുണ്ട്. ഉയരെ കഴിഞ്ഞ ഉടനെ വൈറസ് വന്നു. വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ കൂടെ നില്‍ക്കുന്നവരായിരുന്നു ആ സിനിമ സംവിധാനം ചെയ്തതും നിര്‍മിച്ചതുമൊക്കെ. അങ്ങനെ മൊത്തത്തില്‍ അന്തരീക്ഷമാകെ മാറി,’ പാര്‍വതി തിരുവോത്ത് പറഞ്ഞു.

അതേസമയം സോണി ലിവിലൂടെയാണ് വണ്ടര്‍ വുമണ്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ നവംബര്‍ 18നാണ് റിലീസ് ചെയ്യുന്നത്.

Content Highlight: Parvathy Thiruvoth about her difficult times in career

We use cookies to give you the best possible experience. Learn more