മലയാള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ എത്തിയ ഉള്ളൊഴുക്ക്. കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററി ഒരുക്കിയ സംവിധായകനാണ് ക്രിസ്റ്റോ. ബോളിവുഡിലെ വലിയ പ്രൊഡക്ഷന്‍ കമ്പനികളില്‍ ഒന്നായ റോണി സ്‌ക്രൂവാലയായിരുന്നു ഉള്ളൊഴുക്ക് നിര്‍മിച്ചത്.
ജൂണ്‍ 21ന് തിയേറ്ററുകളില്‍ എത്തിയ സിനിമയില്‍ ഉര്‍വശിയോടൊപ്പം അഞ്ചുവെന്ന ശക്തമായ കഥാപാത്രമായി പാര്‍വതി തിരുവോത്തും എത്തിയിരുന്നു. തന്റെ സിനിമ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് പാർവതി.
നോട്ട്ബുക്ക് എന്ന സിനിമ കഴിഞ്ഞതിന് ശേഷമാണ് അഭിനയം താൻ സീരിയസായി കാണാൻ തുടങ്ങിയതെന്നും ഒരു കഥാപാത്രം കിട്ടുമ്പോൾ വലിയ സന്തോഷമാണെന്നും പാർവതി പറയുന്നു. പതിനെട്ട് വർഷങ്ങൾക്കിപ്പുറവും കഥാപാത്രം തെരഞ്ഞെടുക്കുമ്പോൾ അതേ ഫീലാണെന്നും ബാംഗ്ലൂർ ഡേയ്സിലെ കഥാപാത്രം താൻ ചോദിച്ച് വാങ്ങിയതാണെന്നും പാർവതി പറഞ്ഞു.
‘ഔട്ട് ഓഫ് സിലബസും നോട്ട്ബുക്കും കഴിഞ്ഞതിന് ശേഷമാണ് ശരിക്കും അഭിനയം തന്നെ മതിയെന്ന ക്ലാരിറ്റി എനിക്ക് കിട്ടിയത്. അതിന് ശേഷം വിനോദയാത്ര വന്നു. ഒരു വേഷം കിട്ടുമ്പോൾ തന്നെ വലിയ സന്തോഷമായിരുന്നു.
പതിനെട്ട് വർഷമായി, പക്ഷെ അന്നത്തെ ഞാൻ തന്നെയാണ് ഇന്നും എന്റെ ഉള്ളിലെ ഞാൻ. എനിക്ക് ഇപ്പോഴും അത് മാറിയിട്ടില്ല. ഉയർച്ചയും താഴ്ച്ചയും വന്ന് പോയാലും എന്റെ കഥാപാത്രം സിനിമക്ക് ആവശ്യമാണോ എന്നറിഞ്ഞാൽ മാത്രം മതി. അത് രണ്ട് സീൻ ആണെങ്കിലും അഞ്ചു സീനാണെങ്കിലും എന്തെങ്കിലും ഒരു കോൺട്രിബ്യൂഷൻ ആ കഥാപാത്രത്തിന് നൽകാൻ കഴിയണം. അത് ഇൻട്രസ്റ്റിങ്ങാണ്.
അഞ്ജലിക്കൊക്കെ ഞാൻ ഒരുപാട് കത്ത് എഴുതിയും മെസേജ് അയച്ചും ലിങ്ക്ഡിന്റെ ലിങ്ക് അയച്ചുമൊക്കെയാണ് എങ്ങനെയൊക്കെയോ ബാംഗ്ലൂർ ഡേയ്‌സിലെ ആ വേഷം എനിക്ക് കിട്ടിയത്. ഇപ്പോഴും അതുപോലെയാണ്. ഒരു കഥാപാത്രം കിട്ടുമ്പോൾ അതിന്റെ വലിപ്പ ചെറുപ്പം തീരുമാനിക്കാൻ ഞാൻ ആളല്ല,’പാർവതി പറയുന്നു.
Content Highlight: Parvathy Thiruvoth About Her Character In Bangalore Days