ഫഹദിന്റെ ആ ഷോട്ട് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി: പാര്‍വതി തിരുവോത്ത്
Entertainment
ഫഹദിന്റെ ആ ഷോട്ട് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി: പാര്‍വതി തിരുവോത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th August 2024, 9:25 pm

മലയാളസാഹിത്യത്തിലെ എക്കാലത്തെയും മികച്ച പ്രതിഭയായ എം.ടി വാസുദേവന്‍ നായര്‍ക്ക് മലയാളസിനിമ നല്‍കിയ ആദരമാണ് മനോരഥങ്ങള്‍ എന്ന ആന്തോളജി വെബ് സീരീസ്. എം.ടിയുടെ ഒമ്പത് ചെറുകഥകളെ ആസ്പദമാക്കി എട്ട് സംവിധായകര്‍ അണിയിച്ചൊരുക്കിയ ഒമ്പത് എപ്പിസോഡുകളാണ് ഉള്ളത്. മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, പാര്‍വതി തിരുവോത്ത്, ബിജു മേനോന്‍, ആസിഫ് അലി തുടങ്ങിയവര്‍ മനോരഥങ്ങളുടെ ഭാഗമായിട്ടുണ്ട്.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത കാഴ്ചയില്‍ പാര്‍വതിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മറ്റ് എപ്പിസോഡുകളെക്കുറിച്ച് സംസാരിക്കുകയാണ് പാര്‍വതി. മോഹന്‍ലാല്‍, മമ്മൂട്ടി പോലുള്ള സൂപ്പര്‍താരങ്ങള്‍ സ്റ്റാര്‍ഡം നോക്കാതെ ഇതിന്റെ ഭാഗമായത് വലിയ കാര്യമാണെന്ന് പാര്‍വതി പറഞ്ഞു. എം.ടി എന്ന എഴുത്തുകാരനോടുള്ള ബഹുമാനം കൊണ്ടാണ് അവര്‍ ഇതിന്റെ ഭാഗമായതെന്നും പാര്‍വതി പറഞ്ഞു.

മറ്റുള്ള എപ്പിസോഡുകള്‍ കാണാന്‍ തനിക്ക് സമയം കിട്ടിയില്ലെന്നും ട്രെയ്‌ലര്‍ മാത്രമേ കണ്ടുള്ളൂവെന്നും പാര്‍വതി പറഞ്ഞു. ഫഹദ് നായകനായ ഷെര്‍ലക്കിന്റെ ചെറിയൊരു പോര്‍ഷന്‍ ട്രെയ്‌ലറില്‍ കണ്ടുവെന്നും താന്‍ അതിലെ ഒരു ഷോട്ട് കണ്ട് ഞെട്ടിയെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ആ കഥാപാത്രത്തിലേക്ക് അത്രമാത്രം ഫഹദ് ഇന്‍വോള്‍വ് ചെയ്തിട്ടുണ്ടെന്ന് ആ ഒരൊറ്റ ഷോട്ടിലൂടെ മനസിലായെന്നും പാര്‍വതി പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്.

‘എം.ടി സാറിന്റെ കഥയില്‍ അഭിനയിക്കുക എന്നത് ഏതൊരു ആര്‍ട്ടിസ്റ്റിന്റെയും സ്വപ്‌നമാണ്. മനോരഥങ്ങളിലേക്ക് എന്നെ ആകര്‍ഷിച്ചതും ഈയൊരു കാരണം തന്നെ. മമ്മൂട്ടി, മോഹന്‍ലാല്‍ പോലുള്ള സൂപ്പര്‍താരങ്ങളും ഈ സീരീസിന്റെ ഭാഗമായതിന് കാരണവും എം.ടി എന്ന എഴുത്തുകാരനോടുള്ള ബഹുമാനം കൊണ്ടാണ്. ടാലന്റഡായിട്ടുള്ള ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഇതിന്റെ ഭാഗമാണ്.

ഇതിലെ ബാക്കി എപ്പിസോഡുകള്‍ കാണാന്‍ എനിക്ക് പറ്റിയിട്ടില്ല. ആകപ്പാടെ ഇതിന്റെ ട്രെയ്‌ലര്‍ മാത്രമേ കണ്ടുള്ളൂ. അതില്‍ തന്നെ ഫഹദിന്റെ പോര്‍ഷന്‍ എന്നെ അത്ഭുതപ്പെടുത്തി. ഷെര്‍ലക്ക് എന്ന കഥയാണ് ഫഹദ് ചെയ്യുന്നത്. മഹേഷ് നാരായണനാണ് അതിന്റെ ഡയറക്ടര്‍. ട്രെയിലറില്‍ അതിലെ ചെറിയൊരു പോര്‍ഷന്‍ മാത്രമേ ഉള്ളൂ. അതില്‍ ഫഹദിന്റെ ഒരു ഷോട്ട് കണ്ട് ഞാന്‍ ഞെട്ടി. ഇതിലെ പുരുഷ കഥാപാത്രങ്ങളും ഗ്രേ ഷെയ്ഡിലാണ് ഉള്ളത്,’ പാര്‍വതി പറഞ്ഞു.

Content Highlight: Parvathy Thiruvoth about Fahadh Faasil in Manorathangal