മികച്ച അഭിനയം കൊണ്ടും ശക്തമായ നിലപാടുകള്‍ കൊണ്ടും തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത താരമാണ് പാര്‍വതി തിരുവോത്ത്. 2006ല്‍ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെയാണ് പാര്‍വതി അഭിനയം ആരംഭിച്ചത്. 2015ല്‍ റിലീസായ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.
ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. 2017ല്‍ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ സമീറ എന്ന കഥാപാത്രത്തിലൂടെ കരിയറിലെ രണ്ടാമത്തെ സംസ്ഥാന അവാര്‍ഡും, ദേശീയ അവാര്‍ഡില്‍ ജൂറിയുടെ സ്‌പെഷ്യല്‍ മെന്‍ഷനും ലഭിച്ചു.
മലയാളത്തിന് പുറമെ തമിഴിലും മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച നടിയാണ് പാർവതി. പ.രഞ്ജിത്തിന്റെ സംവിധാനത്തിൽ വിക്രം നായകനായി എത്തിയ തങ്കലാൻ എന്ന ചിത്രത്തിലും പാർവതി പ്രധാന വേഷത്തിൽ എത്തിയിരുന്നു. വിക്രത്തെ കുറിച്ച് സംസാരിക്കുകയാണ് പാർവതി. ഒട്ടും ഈഗോയില്ലാത്ത നടനാണ് വിക്രമെന്ന് പാർവതി പറയുന്നു. വിക്രത്തെ പോലെ നല്ല അഭിനേതാവായും നല്ല സുഹൃത്തുമൊക്കെയായി മാറാൻ തനിക്കും കഴിയണമെന്ന് ആഗ്രഹമുണ്ടെന്നും പാർവതി കൂട്ടിച്ചേർത്തു. ലീഫി സ്റ്റോറീസിനോട് സംസാരിക്കുകയായിരുന്നു പാർവതി.
‘ഈഗോ എന്ന സാധനം ഒട്ടുമില്ലാത്ത ഒരു നടനാണ് വിക്രം. തങ്കലാന്റെ സെറ്റിൽ അദ്ദേഹം തങ്കലാനും ഞാൻ ഗംഗമാളുമായിരുന്നു. അത് അത്രേയുള്ളൂ. എന്നോട് മാത്രമല്ല ആ സെറ്റിലെ എല്ലാവരോടും അദ്ദേഹം അങ്ങനെയാണ്.
അങ്ങനെയുള്ള നടന്മാരെ കാണുമ്പോൾ ചിലപ്പോൾ എനിക്ക് തോന്നും, അവരെപോലെ ആവാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്. എല്ലാവർക്കും അങ്ങനെയൊരു നല്ല സഹ അഭിനേതാവായും, സുഹൃത്തായും മാറാൻ എനിക്ക് അവസരം കിട്ടണേയെന്ന് നമ്മൾ ആഗ്രഹിച്ച് പോവും.