ബേസിലേട്ടന്‍ എടുക്കുമ്പോള്‍ കുഞ്ഞ് എഴുന്നേല്‍ക്കും, 10 മണിക്ക് തുടങ്ങിയ ഷൂട്ട് വെളുപ്പിനെ നാല് മണി വരെ നീണ്ടു: പാര്‍വതി
Film News
ബേസിലേട്ടന്‍ എടുക്കുമ്പോള്‍ കുഞ്ഞ് എഴുന്നേല്‍ക്കും, 10 മണിക്ക് തുടങ്ങിയ ഷൂട്ട് വെളുപ്പിനെ നാല് മണി വരെ നീണ്ടു: പാര്‍വതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th June 2023, 11:50 pm

കഠിന കഠോരമീ അണ്ഡകഠാഹം എന്ന ചിത്രത്തിലെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി പാര്‍വതി. താനും ബേസിലും തന്റെ കുഞ്ഞുമൊത്ത് ഒരു സീനുണ്ടായിരുന്നുവെന്നും എന്നാല്‍ ആ രംഗത്തില്‍ കുഞ്ഞ് ഉറങ്ങി കിട്ടാന്‍ പാടുപെട്ടുവെന്നും പാര്‍വതി പറഞ്ഞു. ബേസില്‍ എടുത്ത് തോളിലിടുമ്പോള്‍ കുഞ്ഞ് എഴുന്നേല്‍ക്കുമെന്നും പുലര്‍ച്ചേ നാലുമണി വരെ ഷൂട്ട് നീണ്ടെന്നും 1000 ആരോസിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

‘ഇതിലൊരു മെയ്ന്‍ സീനുണ്ട്. ഞാനും ബേസിലേട്ടനും കുഞ്ഞുമുള്ള സീനാണ്. ആ സീന്‍ എടുക്കണമെങ്കില്‍ കുഞ്ഞ് ഉറങ്ങണം. ഉറങ്ങിയാലേ ആ ഷോട്ട് എടുക്കാന്‍ പറ്റുകയുള്ളൂ. മലാഖയെ പോലെ ഉറങ്ങുന്ന കുഞ്ഞ് എന്നാണ് സ്‌ക്രിപ്റ്റ് റൈറ്റര്‍ എഴുതി വെച്ചിരിക്കുന്നത്. അവനാണേല്‍ എന്തുവന്നിട്ടും ഉറങ്ങുന്നില്ല. 12 മണിയൊക്കെ അവന്‍ ഫുള്‍ ഓണായി ഇരിക്കുന്ന സമയമാണ്.

ഇപ്പോള്‍ കൊച്ച് ഉറങ്ങും എന്ന് പറഞ്ഞ് ഞങ്ങള്‍ നില്‍ക്കുകയാണ്. വൈകിട്ട് ആറ് മണി മുതല്‍ ഈ ഷോട്ട് എടുക്കാനുള്ള പ്ലാന്‍ ഉണ്ടായിരുന്നു. പത്ത് മണിയാവുമ്പോള്‍ കൊച്ച് എന്തായാലും ഉറങ്ങുമല്ലോ. എല്ലാവരുടെയും ആഗ്രഹം അതാണ്. പത്ത് മണിയായി, 11 മണിയായിട്ടും കൊച്ച് ഉറങ്ങുന്നില്ല. അവസാനം എങ്ങനൊക്കെയോ ഉറക്കി, സെറ്റില്‍ എല്ലാവരും മിണ്ടാതിരിക്കുകയാണ്. ക്ലാപ്പ് ഒക്കെ ജസ്റ്റ് തൊട്ടിട്ട് പോയി. ആ എക്‌സ്പീരിയന്‍സ് ഭയങ്കര രസമായിരുന്നു.

ഇവനാണെങ്കില്‍ ചെറിയൊരു മുട്ടല്‍ കേട്ടാല്‍ പോലും എഴുന്നേല്‍ക്കും. എന്റെ കയ്യില്‍ നിന്നും ബേസിലേട്ടന്‍ എടുക്കണം. ഒന്നാമത്തെ കാര്യം ബേസിലേട്ടന് കുഞ്ഞുങ്ങളെ എടുക്കാന്‍ അറിയില്ല. ആ സമയത്ത് പുള്ളിക്ക് കുഞ്ഞായിട്ടില്ല.

കുഞ്ഞിനെ എടുത്ത് തോളത്തേക്ക് ഇടണം. ഓരോ പ്രാവിശ്യം തോളത്തേക്ക് ഇടുമ്പോഴും അവന്‍ എഴുന്നേല്‍ക്കും. പിന്നെ ഞാന്‍ കൊണ്ടുപോയി ഫീഡ് ചെയ്യിച്ചിട്ട് പിന്നേം കൊണ്ടുവരും. ബേസിലേട്ടന്‍ കുഞ്ഞിനെ എടുക്കുന്നതൊക്കെ ഗൂഗിള്‍ ചെയ്തുനോക്കും. രാത്രി പത്ത് മണിക്ക് എടുക്കാന്‍ തുടങ്ങിയ ഷൂട്ട് തീര്‍ന്നത് വെളുപ്പിനെ നാല് മണിക്കാണ്,’ പാര്‍വതി പറഞ്ഞു.

Content Highlight: parvathy talks about shooting experince of kadina kdoramee andakadaham