|

ആ 'പൊങ്കാല'ക്ക് പിന്നാലെ ഞാന്‍ മമ്മൂട്ടിക്ക് മെസേജയച്ചിരുന്നു, ജസ്റ്റ് റിലാക്‌സ് എന്നായിരുന്നു മറുപടി: പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച കഥാപാത്രങ്ങളിലൂടെയും തന്റേതായ അഭിനയമികവിലൂടെയും പ്രതിഭ തെളിയിച്ച നടിയാണ് പാര്‍വതി തിരുവോത്ത്. മലയാളത്തിന് പുറമേ കന്നടയിലും തമിഴിലും ഹിന്ദിയിലും പാര്‍വതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

കസബക്കെതിരെ പാര്‍വതി നടത്തിയ വിമര്‍ശനം വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. കസബയില്‍ സ്ത്രീവിരുദ്ധത ആഘോഷിച്ചതിനെതിരെയായിരുന്നു പാര്‍വതിയുടെ വിമര്‍ശനം. ഇതിന് പിന്നാലെ അവര്‍ക്കെതിരെ വലിയ രീതിയില്‍ സൈബര്‍ അറ്റാക്ക് നടന്നിരുന്നു.

എന്നാല്‍ അത് കേരളത്തില്‍ നടന്ന വലിയ മാറ്റത്തിന് രൂപം കൊടുത്തു എന്ന് പറയുകയാണ് പാര്‍വതി. വിവാദങ്ങള്‍ തന്നെ ബാധിച്ചില്ലെന്നും പകരം സത്യങ്ങള്‍ തുറന്ന് പറയാന്‍ കൂടുതല്‍ ധൈര്യം തന്നു എന്നും പാര്‍വതി പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘കേരളത്തില്‍ നടന്ന വലിയ മാറ്റത്തിന് രൂപം കൊടുക്കാന്‍ ആ തുറന്നുപറച്ചില്‍ സഹായിച്ചു. ഇപ്പോള്‍ ആളുകളുടെ സംസാരത്തിലും എഴുത്തിലും നിര്‍മിക്കപ്പെടുന്ന സിനിമകളിലും അത്രത്തോളം സൂക്ഷ്മത പുലര്‍ത്തുന്നുണ്ട്. ആ ഒരു മാറ്റത്തിന് വേഗത നല്‍കിയ സ്റ്റേറ്റ്‌മെന്റായിരുന്നു അത്. അത് ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ആ വിവാദങ്ങളൊന്നും എന്നെ ബാധിച്ചിട്ടില്ല. പകരം എന്തുസംഭവിച്ചാലും സത്യം തുറന്ന് പറയാനുള്ള ധൈര്യം കൂട്ടുകയാണ് ചെയ്തത്.

എനിക്കും മമ്മൂട്ടിക്കുമിടയില്‍ അത് ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ല. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു ആ സംഭവത്തിന് പിന്നാലെ ഉണ്ടായ ‘പൊങ്കാല”ക്കിടയില്‍ ഞാന്‍ അദ്ദേഹത്തിന് മെസേജയച്ചു. ഞാന്‍ പേഴ്‌സണലി പറഞ്ഞതല്ല എന്ന് പറഞ്ഞു. അതൊന്നും കുഴപ്പമില്ല, ജസ്റ്റ് റിലാക്‌സ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങളുടെ ഇടയില്‍ ഒരു പ്രശ്‌നവുമില്ല. ഞാന്‍ അദ്ദേഹത്തെ അറ്റാക്ക് ചെയ്യുകയാണെന്ന തരത്തില്‍ പ്രചരിപ്പിച്ചത് മറ്റ് ചിലരായിരുന്നു. അത് ഒരിക്കലും ഒരു അറ്റാക്ക് അല്ലായിരുന്നു. ഞാനൊരു സത്യമാണ് പറഞ്ഞത്.

എന്നാല്‍ മാധ്യമങ്ങള്‍ ഞാന്‍ പറയുന്നത് എങ്ങനെ കൊടുക്കും എന്നതിനെ പറ്റി ഞാന്‍ ബോധവതിയാണ്. നിങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാവും ഞാന്‍ സംസാരിക്കുന്ന പ്ലാറ്റ് ഫോമുകള്‍ സെലക്ടീവാണ്. വാക്കുകള്‍ വളച്ചൊടിച്ചാല്‍ എന്റെ പ്രതികരണം വലുതായിരിക്കും,’ പാര്‍വതി പറഞ്ഞു.

അതേസമയം പാര്‍വതിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം പുഴു റിലീസിന് ഒരുങ്ങുകയാണ്. റത്തീന സംവിധാനം ചെയ്യുന്ന ചിത്രം മെയ് 13ന് സോണി ലിവിലാണ് റിലീസ് ചെയ്യുന്നത്.

Content Highlight: Parvathy says the kasaba controversy did not affect her and instead gave her the courage to tell the truth again 

Latest Stories