| Friday, 13th May 2022, 1:37 pm

ബാംഗ്ലൂര്‍ ഡേയ്‌സിലെ ആ ഇമോഷണല്‍ രംഗത്തില്‍ കരയാന്‍ പറ്റിയില്ല, ടെക്‌നിക്കലി അന്ന് രക്ഷകനായത് ദുല്‍ഖര്‍: പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ നിന്നും ഏറെ നാള്‍ വിട്ടുനിന്ന പാര്‍വതിക്ക് തിരിച്ചുവരവ് നല്‍കിയ ചിത്രമായിരുന്നു അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സ്. ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും അവതരിപ്പിച്ച അജുവും സാറയും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട ജോഡിയാണ്.

അഞ്ജലിയോടൊപ്പം വര്‍ക്ക് ചെയ്ത എക്‌സ്പീരിയന്‍സ് പറയുകയാണ് പാര്‍വതി. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതി ബാംഗ്ലൂര്‍ ഡേയ്‌സിനെ പറ്റി പറഞ്ഞത്.

ഒരു അഭിനേതാവ് എന്ന നിലയില്‍ രൂപപ്പെടുത്തിയ സംവിധായിക ആരാണെന്ന അവതാരകന്റെ ചോദ്യത്തിന് അഞ്ജലി എന്നായിരുന്നു പാര്‍വതിയുടെ മറുപടി. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ സമയത്ത് നടന്ന ഒരു സംഭവത്തെ പറ്റിയും പാര്‍വതി പറഞ്ഞു.

‘ദുല്‍ഖര്‍ അവതരിപ്പിച്ച അജു, എന്റെ കഥാപാത്രമായ സാറയെ കാണാന്‍ വരുന്ന രംഗമായിരുന്നു അത്. സാറ ഓസ്‌ട്രേലിയയിലേക്ക് പോവുകയാണ്. ആ സമയത്ത് അജു സാറയെ തടയാന്‍ ശ്രമിക്കുന്നില്ല, ഓള്‍ ദി ബെസ്റ്റ് പറഞ്ഞിട്ട് പോവുകയാണ്. സാറ അമ്മയുടെ അടുത്തേക്ക് തിരിയുന്നു. വളരെ ഇമോഷണലായി സാറ കരയുന്ന രംഗമായിരുന്നു അത്. എന്നാല്‍ എനിക്കപ്പോള്‍ കരയാന്‍ പറ്റിയില്ല. ഇറ്റ്‌സ് ഓകെ, ഇറ്റ്‌സ് ജസ്റ്റ് ഫൈന്‍ എന്നാണ് അഞ്ജലി പറഞ്ഞത്.

ദുല്‍ഖര്‍ ആ ചിത്രത്തില്‍ ലെന്‍സ് ഉപയോഗിച്ചിരുന്നു. എന്നാല്‍ അത് ദുല്‍ഖറിന്റെ കണ്ണിനെ ബാധിച്ചു, കണ്ണ് മുഴുവന്‍ ചുവന്നു. അതുകൊണ്ട് ആ രംഗം അന്ന് എടുത്തില്ല. ടെക്‌നിക്കലി അന്നെന്നെ രക്ഷിച്ചത് ദുല്‍ഖറിന്റെ കണ്ണിന് വന്ന പ്രശ്‌നമാണ്. എന്നാല്‍ കരയാന്‍ പറ്റാത്തത് കൊണ്ട് അഞ്ജലി അന്ന് ഒരു പ്രഷറും തന്നില്ല.

പിറ്റേന്ന് ആ രംഗം ഷൂട്ട് ചെയ്തപ്പോള്‍ ഞാന്‍ ഭയങ്കരമായി കരഞ്ഞു. ആ ഷോട്ട് കഴിഞ്ഞയുടന്‍ തന്നെ അഞ്ജലി എന്നെ വന്ന് കെട്ടിപ്പിടിച്ചു. അന്ന് അവരുടെ മടിയില്‍ കിടക്കുന്നത് ഞാനോര്‍ക്കുന്നു. ആ രംഗം ഷൂട്ട് ചെയ്തപ്പോള്‍ ഉണ്ടായ ആഘാതം അപ്പോഴാണ് വിട്ടു പോയത്. ആ രംഗങ്ങള്‍ മുഴുവന്‍ സിനിമയില്‍ കൂട്ടിച്ചേര്‍ത്തില്ല. പക്ഷേ ആ അനുഭവം എനിക്ക് മറക്കാനാകില്ല,’ പാര്‍വതി പറഞ്ഞു.

പാര്‍വതിയും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച പുഴു കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭാരതിയായി പുഴുവിലെത്തിയ പാര്‍വതി മികച്ച പെര്‍ഫോമന്‍സാണ് കാഴ്ച വെച്ചതെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

Content Highlight: Parvathy says that anjali menon is the director who is formed her as an actor

We use cookies to give you the best possible experience. Learn more