|

കസബയിലെ സ്ത്രീവിരുദ്ധത ആഘോഷിക്കപ്പെട്ടതിനെയാണ് ചോദ്യം ചെയ്തത്, നടനെയല്ല; പാര്‍വതി തിരുവോത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കസബ സിനിമയുമായി ബന്ധപ്പെട്ട് പാര്‍വതി നടത്തിയ വിമര്‍ശനം ഏറെ ചര്‍ച്ചയായിരുന്നു. പാര്‍വതിക്കെതിരെ വ്യാപക സൈബര്‍ ആക്രമണവും ഇതുമൂലം ഉണ്ടായിരുന്നു.

ഇപ്പോഴിതാ തന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ മറുപടി പറഞ്ഞിരിക്കുകയാണ് പാര്‍വതി. മനോരമ ആഴ്ചപതിപ്പിന്റെ ഓണപതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ പ്രതികരണം.

പാര്‍വതിയുടെ വാക്കുകള്‍,
കസബ എന്ന സിനിമയ്‌ക്കെതിരെ ഞാന്‍ സംസാരിച്ചത് മൂന്ന് വര്‍ഷം മുമ്പാണ്. ആ അനുഭവം എനിക്ക് നല്ല കരുത്തു തന്നിട്ടുണ്ട്. സ്വീകാര്യത എനിക്കൊരു പ്രശ്നമല്ല. എനിക്ക് ഞാന്‍ സ്വീകാര്യയാണ്. അത് കൊണ്ട് ഞാന്‍ സേഫ് ആണ്. നിങ്ങള്‍ക്ക് എന്നെ ഇഷ്ടപ്പെടാതിരിക്കാന്‍ പൂര്‍ണ സ്വാതന്ത്യമുണ്ട്. എന്റെ നിലപാടുകളെ അംഗീകരിക്കുന്നവരും ഉണ്ടല്ലോ. അവര്‍ എന്റെ കൂടെയുണ്ട്. ഞാന്‍ ആഗ്രഹിക്കുന്നത് സംഭാഷണങ്ങളിലൂടെ വളരുക എന്നതാണ്. പരസ്പര ബഹുമാനത്തോടെയുള്ള തുറന്നുപറച്ചിലുകളിലൂടെ അതു സാധ്യമാവുമല്ലോ.

കസബയിലെ സ്ത്രീവിരുദ്ധത ആഘോഷിക്കപ്പെട്ടതിനെയാണ് ചോദ്യം ചെയ്തത്. നടനെയല്ല ഒരു സിനിമ ചെയ്യുമ്പോള്‍ വളരെ പ്രിവിലേജ്ഡും പരിചയ സമ്പന്നരുമായ എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും അതിലെ രാഷ്ട്രീയം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടല്ലോ. ഒരു സിനിമ ഏറ്റെടുക്കുമ്പോള്‍ ആ സിനിമയിലുള്ള ഏല്ലാ ചിന്തകളെയും കാര്യങ്ങളെയും എന്‍ഡോഴ്സ് ചെയ്യുകയാണ് നമ്മള്‍ ചെയ്യുന്നത്. അപ്പോള്‍ സംവിധായകനെയും എഴുത്തുകാരനെയും പോലെ അതു നോക്കണ്ട ഉത്തരവാദിത്വം എല്ലാവര്‍ക്കും ഇല്ലെ. ഒരു താരപദവിയുടെ സ്വാധീനം ശക്തമാണെന്നെ ഞാന്‍ പരാമര്‍ശിച്ചിട്ടുള്ളു.

സീരിയല്‍ കില്ലറെക്കുറിച്ച് ഒരു സിനിമയെടുക്കുന്നു. സീരിയല്‍ കില്ലിംഗ് സംഭവമാണ്, അത് ഒരു ഉഗ്രന്‍ ഹോബിയാണ്. നിങ്ങള്‍ എല്ലാവരും അങ്ങനെ ചെയ്യണമെന്ന് ധ്വനിപ്പിക്കുന്ന ബി.ജി.എം കൊടുത്താല്‍ അത് ഗ്ലോറിഫിക്കേഷന്‍ ആണ്. ഞാന്‍ ചോദ്യമുയര്‍ത്തിയത് ആ സിനിമയുടെ സംവിധായകനോട് ആണ്. അതിന്റെ കഥാകൃത്തിനോട് ആണ്. നിര്‍മ്മാതാവിനോട് ആണ്.

ഒരു സ്ത്രീയുടെ ബെല്‍റ്റ് പിടിച്ചുവലിച്ചിട്ട് ‘ഐ ബെറ്റ് യു വാല്‍ക്ക് റോഗ് ഫോര്‍ എ വീക്ക്’ എന്ന് പറഞ്ഞ് സെക്വഷല്‍ അബ്യൂസിന്റെ ഭീഷണി മുഴക്കിയിട്ട് കഥാപാത്രം സ്ലോ മോഷനില്‍ നടന്നുപോകുകയും പശ്ചാത്തലത്തില്‍ സെലിബ്രേറ്ററി മ്യൂസിക് പ്ലേ ചെയ്യുകയും ചെയ്യുമ്പോള്‍ അത് ഹീറോയിസം ആണെന്നല്ലെ വരുന്നത്. അതേ സീനില്‍ ബെല്‍റ്റില്‍ പിടിച്ചു പൊക്കാം അതേ ഡയലോഗും പറയാം ഇങ്ങനെയുള്ള ബി.ജി.എം ഇടാതിരുന്നെങ്കില്‍ വേറേ ഒരു വിശ്വല്‍ ഗ്രാമറായേനെ അത്തരം കഥാപാത്രങ്ങളെ കാണിക്കണം. പക്ഷേ എങ്ങിനെ കാണിക്കണം എന്നതാണ് ചോദ്യം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights: Parvathy’s reaction to the Kasaba controversy manorama interview