ബാംഗ്ലൂര്‍ ഡേയ്‌സിന്റെ സമയത്തായിരുന്നു ഞാനത് തിരിച്ചറിഞ്ഞത്, ഈയിടെയാണ് അതില്‍ നിന്ന് പുറത്തുവരാന്‍ സാധിച്ചത്: പാര്‍വതി തിരുവോത്ത്
Entertainment
ബാംഗ്ലൂര്‍ ഡേയ്‌സിന്റെ സമയത്തായിരുന്നു ഞാനത് തിരിച്ചറിഞ്ഞത്, ഈയിടെയാണ് അതില്‍ നിന്ന് പുറത്തുവരാന്‍ സാധിച്ചത്: പാര്‍വതി തിരുവോത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th January 2024, 5:22 pm

തന്റെ നിലപാടുകള്‍ കൊണ്ടും സിനിമയിലെ മികച്ച പ്രകടനങ്ങള്‍ കൊണ്ടും പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് പാര്‍വതി തിരുവോത്ത്. രണ്ടുവട്ടം മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പാര്‍വതി തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 2018ല്‍ ടേക്ക് ഓഫ് എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് വേദിയില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു.

ധന്യാ വര്‍മയുമായുള്ള അഭിമുഖത്തില്‍ കരിയറില്‍ താന്‍ അനുഭവിക്കേണ്ടി വന്ന മാനസികപ്രശ്‌നങ്ങളെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചും താരം മനസ് തുറന്നു. കോവിഡിന് ശേഷമാണ് പലരും മെന്റല്‍ ഹെല്‍ത്തിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയത്. എന്നാല്‍ അതിനുമുന്നേ തന്നെ പാര്‍വതി അതിനെക്കുറിച്ച് എല്ലാവരോടും സംസാരിച്ചിരുന്നു. ആ ട്രോമയെക്കുറിച്ചും, മെന്റല്‍ ഹെല്‍ത്തിനെക്കുറിച്ചും പറയാന്‍ കാരണമെന്താണ് എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു. ’10 വര്‍ഷമെടുത്തു എനിക്ക് അതില്‍ നിന്ന് പുറത്തുവരാന്‍. 2014ല്‍ ബാംഗ്ലൂര്‍ ഡേയ്‌സ് ചെയ്യുന്ന സമയത്താണ് ഞാന്‍ എന്റെ പ്രശ്‌നം തിരിച്ചറിയുന്നത്.

ഒരു ഷോട്ട് കഴിഞ്ഞ് അടുത്ത ഷോട്ടിന് പോകുന്നതിനിടയില്‍ ഞാന്‍ വീണു. എല്ലാവരും എന്നെ ഹോസ്പിറ്റലിലേക്ക് എടുത്തുകൊണ്ടുപോയി. അപ്പോഴാണ് എന്റെ ബോഡി എനിക്ക് ആദ്യമായി ഒരു വാണിങ് തന്നത്, നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ അടിച്ചമര്‍ത്തിവെച്ചിരിക്കുന്നു, ഇനി അത് ശരീരം താങ്ങില്ല. അതുവരെ എനിക്ക് അറിയില്ലായിരുന്നു നമ്മുടെ മനസ് ശരിയാക്കിയില്ലെങ്കില്‍ ശരീരം അതിനോട് പ്രതികരിക്കുമെന്ന്. അതിന് സൈക്കോസോമാറ്റിക് (മാനസികമായ കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങള്‍) ആയിട്ടുള്ള പ്രശ്‌നങ്ങള്‍ തുടങ്ങി.

ഡോക്ടറോട് എനിക്ക് ശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍ ചോദിച്ചത്, ശ്വസിക്കാന്‍ പറ്റുന്നില്ലാ എന്നാണോ അതോ ശ്വസിക്കുന്നത് അറിയുന്നില്ല എന്നാണോ? ശ്വസിക്കേണ്ടത് എങ്ങനെയാണെന്ന് പോലും ഞാന്‍ മറന്നുപോയി. അങ്ങനെയാണ് ബോഡി റിയാക്ട് ചെയ്യുന്നത്. അപ്പോഴും എനിക്ക് അതിനെപ്പറ്റി അറിയില്ലായിരുന്നു. എന്റെ സഹോദരന് അത് കുറച്ചുകാലം കഴിഞ്ഞപ്പോള്‍ മനസിലാക്കി. എന്റെ പാരന്റ്‌സിന് അത് മനസിലാകുന്നത് പിന്നെയും കുറെ കഴിഞ്ഞാണ്.

എന്നോട് പിന്നെ ആരെങ്കിലും അതിനെപ്പറ്റി ചോദിക്കുമ്പോള്‍ മുഴുവന്‍ എനിക്ക് വീണ്ടും പാനിക് അറ്റാക് വരും. ദേഹത്ത് വേദന വന്നില്ലെങ്കില്‍ പോലും എനിക്ക് വേദന ഫീല്‍ ചെയ്യും. അതാണ് സൈക്കോസോമാറ്റിക്. ഓരോ സിനിമ കഴിയുന്തോറും അത് കൂടിക്കൊണ്ടിരിക്കുകയായിരുന്നു. 2014ല്‍ എന്റെ ശരീരം എനിക്ക് വാണിങ് തന്നപ്പോള്‍ മുതലാണ് മെന്റല്‍ ഹെല്‍ത്തിന് വേണ്ടിയുള്ള യാത്ര ആരംഭിക്കുന്നത്. ഒരിക്കലും നമ്മള്‍ മെന്റല്‍ ഹെല്‍ത്തിനെ വകവെക്കാതിരിക്കരുത്. നമ്മള്‍ ഒരു ബെസ്റ്റ് ഫ്രണ്ടിനെ കെയര്‍ ചെയ്യുന്ന പോലെ നമ്മുടെ മെന്റല്‍ ഹെല്‍ത്തിനെയും കെയര്‍ ചെയ്യണം’ പാര്‍വതി പറഞ്ഞു.

പാ.രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാനാണ് പാര്‍വതിയുടെ പുതിയ ചിത്രം. വിക്രം നായകനായെത്തുന്ന സിനിമ ഏപ്രിലില്‍ റിലീസ് ചെയ്യും.

Content Highlight: Parvathy reveals that how she survived through her mental health issues