തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ വിളിച്ചത് മാധ്യമപ്രവര്‍ത്തക തന്നെയാണെന്ന മംഗളം ചാനലിന്റെ കുറ്റസമ്മതം വന്നതിനു പിന്നാലെ എ.കെ ശശീന്ദ്രനെ തിരിച്ച് മന്ത്രിസഭയിലേക്ക് എടുക്കണമെന്ന ആവശ്യം ഉയരുന്നു.
ശശീന്ദ്രനെ സര്‍ക്കാര്‍ തിരിച്ചു വിളിക്കേണ്ടതാണെന്ന് സാമൂഹ്യപ്രവര്‍ത്തക ടി. പാര്‍വ്വതി ആവശ്യപ്പെടുന്നു. ചെയ്യാത്ത തെറ്റിന് എന്തിനാണ് ശിക്ഷ എന്നു ചോദിച്ചുകൊണ്ടാണ് പാര്‍വ്വതി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് പാര്‍വ്വതിയുടെ അഭിപ്രായ പ്രകടനം.
“എ.കെ ശശീന്ദ്രനെ സര്‍ക്കാര്‍ തിരിച്ച് വിളിക്കേണ്ടതാണ്.ചെയ്യാത്ത തെറ്റിന് ശിക്ഷ എന്തിന്?” അവര്‍ ചോദിക്കുന്നു.
ജനങ്ങളെ കബളിപ്പിച്ച മംഗളത്തിന്റെ തെറ്റ് ഖേദപ്രകടനം കൊണ്ട് തീരുന്നതല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ബ്ലാക്ക് മെയിലിങ് ജേര്‍ണലിസമല്ല ക്രൈം ആണെന്നും പാര്‍വ്വതി വ്യക്തമാക്കുന്നു.
“മാധ്യമങ്ങളെ വിശ്വസിക്കുന്ന ജനങ്ങളെ കബളിപ്പിച്ചത് എന്തിനായിരുന്നു? വിശ്വാസ വഞ്ചനയ്ക്ക് പരിഹാരം ഖേദം പ്രകടിപ്പിക്കലോ? ഇത് പെണ്ണിനും ആണിനും പൊതു സമൂഹത്തിന് ഗുണമില്ലാത്ത “”ഓപ്പറേഷന്‍ ആയി പോയി. മാദ്ധ്യമ രംഗത്തെ വിഷലിപ്തമാക്കുന്ന ഈ പ്രവണതയെയാണ് ഓപ്പറേറ്റ് ചെയ്ത് മാറ്റേണ്ടത് . ബ്ലാക്ക് മെയ്‌ലിംഗ്, ജേര്‍ണലിസം അല്ല ക്രൈം ആണ്.” അവര്‍ പറയുന്നു.
അഭയം തേടിയെത്തിയ വീട്ടമ്മയോട് അധികാരത്തിലിരിക്കുന്ന മന്ത്രി, അധികാരമുപയോഗിച്ച് ഹീനമായി സംസാരിച്ചു എന്നാരോപിച്ചാണ് മംഗളം വാര്‍ത്ത നല്‍കിയത്. ഈ ആരോപണത്തെ തുടര്‍ന്നാണ് ശശീന്ദ്രന്‍ രാജിവെച്ചത്.
എന്നാല്‍ തങ്ങള്‍ സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയതായിരുന്നു എന്ന് മംഗളം സമ്മതിച്ചിരിക്കുകയാണ്. സ്റ്റിംഗ് ഓപ്പറേഷന്‍ ആയിരുന്നുവെങ്കില്‍ തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി എന്നായിരുന്നു പറയേണ്ടിയിരുന്നതെന്നും പാര്‍വ്വതി ചൂണ്ടിക്കാട്ടുന്നു.